നടി മഞ്ജു പിള്ളയുടെ മകൾ ദയ സുജിത്തിന്റെ വസ്ത്രധാരണത്തെ വിമർശിച്ച വ്ലോഗർ ഷെഫീന ബീവിക്ക് ശക്തമായ മറുപടിയുമായി താരം രംഗത്തെത്തി. തരംഗമായി മാറിയ ഒരു ബോൾഡ് ലുക്കിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഈ അഞ്ഞൂറാനെ തോൽപ്പിക്കാൻ ആവില്ല മക്കളേ….’ എന്ന ഹാഷ്ടാഗോടെയാണ് ദയ പ്രതികരണം അറിയിച്ചത്.
ദയയുടെ മോഡേൺ വസ്ത്രധാരണത്തെക്കുറിച്ച് ഷെഫീന നടത്തിയ മോശം പരാമർശങ്ങൾ വലിയ വിവാദമായതോടെ നിരവധി ആളുകൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു. അടുത്തിടെയായി സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ദയ സുജിത്ത് മോഡലിങ് രംഗത്തും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. ആകർഷകവും മോഡേണുമായ ചിത്രങ്ങളിലൂടെയും റീലുകളിലൂടെയും വലിയൊരു ആരാധകക്കൂട്ടത്തെ സ്വന്തമാക്കിയ ദയയുടെ പുതിയൊരു ട്രാൻസിഷൻ റീൽ വീഡിയോയെ ലക്ഷ്യം വെച്ചായിരുന്നു ഷെഫീന ബീവിയുടെ വിമർശനം.
‘നെപ്പോ കിഡ് കാണിക്കുന്ന പോക്രിത്തരം’ എന്ന അടിക്കുറിപ്പോടെയാണ് ഷെഫീന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മഞ്ജു പിള്ളയെക്കൂടി ഇതിലേക്ക് വലിച്ച് നീട്ടിക്കൊണ്ട്, “ഒരേയൊരു മകളല്ലേ ഉള്ളൂ, അവൾക്ക് നല്ല മര്യാദകൾ പഠിപ്പിച്ചു കൊടുത്തൂടെ” എന്നും, “ഇപ്പോഴത്തെ തലമുറ വസ്ത്രത്തിന്റെ നീളം കുറയ്ക്കുന്നതിനെയാണ് സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്” എന്നും ഷെഫീന കുറ്റപ്പെടുത്തിയിരുന്നു.
ദയയുടെ വസ്ത്രധാരണ രീതി സ്ത്രീത്വത്തിന് തന്നെ അപമാനമാണെന്നും, ഇത് ഫാഷന്റെയോ ഫെമിനിസത്തിന്റെയോ ഭാഗമല്ലെന്നും അവർ പറയുകയുണ്ടായി. ഇതോടെ ഷെഫീനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നു വന്നു. ഒരാളുടെ തികച്ചും വ്യക്തിപരമായ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ഇങ്ങനെ പൊതുമധ്യത്തിൽ വന്ന് അധിക്ഷേപിക്കുന്നത് തെറ്റാണെന്നും, ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും പലരും ചൂണ്ടിക്കാണിച്ചു.
ദയയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഒട്ടനവധി കണ്ടന്റ് ക്രിയേറ്റർമാരും സാധാരണ ഉപയോക്താക്കളും സോഷ്യൽ മീഡിയയിൽ കുറിപ്പുകളും വീഡിയോകളും പങ്കുവെക്കുകയുണ്ടായി. “ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ പരസ്യമായി അപമാനിക്കുകയാണ് ചെയ്യുന്നതെന്നും”, “അവൾ എന്ത് ധരിക്കണം എന്നത് അവളുടെ മാത്രം തീരുമാനമാണ്” എന്നുമുള്ള അഭിപ്രായങ്ങൾ ഇതിനോടകം ചർച്ചയായി.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് ഷെഫീന ബീവി ആ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും ഒടുവിൽ നീക്കം ചെയ്തു. ഇതിന് പിന്നാലെയാണ് കൂടുതൽ ബോൾഡായ പുതിയ ചിത്രവുമായി ദയ എത്തിയത്. “ചിലരുടെ പെരുമാറ്റം കാണുമ്പോൾ രണ്ട് അടി കൊടുക്കാൻ തോന്നുമെങ്കിലും, മാതാപിതാക്കൾ പ്രശസ്തരായതുകൊണ്ട് മാധ്യമങ്ങൾ അത് വാർത്തയാക്കുമെന്ന് കരുതി ക്ഷമിക്കുകയാണ്” എന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇതിന് താഴെ “നീ തല്ലിയിട്ട് വാ, ബാക്കി കാര്യം ഞാൻ നോക്കിക്കോളാം” എന്ന അമ്മ മഞ്ജു പിള്ളയുടെ കമന്റും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്.




