ചെന്നൈ: ‘ലോക: ചാപ്റ്റർ 1 ’ സിനിമയിലൂടെ സൂപ്പര്‍ നായിക പദവി നേടിയ കല്യാണി പ്രിയദർശൻ തന്റെ മാതാപിതാക്കൾ തന്നെയും സഹോദരനെയും ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കാൻ വിയറ്റ്നാമിലെ ഒരു അനാഥാലയത്തിൽ അയച്ചുവെന്ന പ്രചാരണത്തിനെതിരെ രംഗത്ത്. തന്റേതാണെന്ന് പറഞ്ഞ് പ്രചരിച്ച ഈ വാചകം വ്യാജമാണെന്ന് കല്യാണി എക്സിലൂടെ അറിയിച്ചു.
വ്യാജ പ്രചാരണം നടത്തിയ എക്സ് അക്കൗണ്ടിന് മറുപടിയായി കല്യാണി ഇപ്രകാരം കുറിച്ചു: “ഞാനിങ്ങനെയൊരു കാര്യം ഒരിക്കലും പറഞ്ഞിട്ടില്ല, അത് സംഭവിച്ചിട്ടുമില്ല. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക.” കല്യാണിയുടെ മറുപടിക്ക് ശേഷം ഈ അക്കൗണ്ട് തങ്ങളുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.
അതേസമയം, ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’ ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മലയാള സിനിമയിലെ ആദ്യ വനിതാ സൂപ്പർഹീറോ പ്രോജക്റ്റായ ഈ ചിത്രം ലോകമെമ്പാടും 200 കോടിയിലധികം നേടിയിട്ടുണ്ട്.
അടുത്തിടെ കല്യാണി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആരാധകരോടുള്ള നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു: “ഇന്നലെ, നമ്മുടെ സിനിമ പ്രേക്ഷകരുടെ പിന്തുണ കാരണം മാത്രം നേടാൻ സാധിച്ച ഒരു നേട്ടത്തിലെത്തി. ഈ സിനിമയ്ക്ക് നിങ്ങൾ നൽകിയ സ്നേഹത്തിന് ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. നമ്മുടെ ഇൻഡസ്ട്രിയിൽ, കണ്ടന്റ് എപ്പോഴും ഒരു രാജാവാണ്, നിങ്ങൾ അത് വീണ്ടും ഞങ്ങൾക്ക് തെളിയിച്ചു തന്നിരിക്കുന്നു.”
സംവിധായകൻ അരുണിനെയും കല്യാണി പ്രശംസിച്ചു: “നൽകിയ സിനിമയെ ഞങ്ങൾക്ക് ഹൃദയത്തിൽ വിശ്വസിക്കാൻ സാധിച്ചു. നിങ്ങളില്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. ഈ വിജയം നിങ്ങളുമായി പങ്കിടുമ്പോൾ അത് കൂടുതൽ മനോഹരമായി തോന്നുന്നു.”
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക: ചാപ്റ്റർ 1: ചന്ദ്ര’യുടെ ഛായാഗ്രഹണം നിർവഹിച്ചത് നിമിഷ് രവിയാണ്. ചമൻ ചാക്കോ എഡിറ്റിംഗും ജേക്ക്സ് ബിജോയ് സംഗീതവും കൈകാര്യം ചെയ്തു. യാനിക്ക് ബെൻ ആണ് ആക്ഷൻ കൊറിയോഗ്രാഫർ. ശാന്തി ബാലചന്ദ്രൻ തിരക്കഥയും ജിത്തു സെബാസ്റ്റ്യൻ കലാസംവിധാനവും നിർവഹിച്ചു.




