രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിൽ സംശയമുണ്ടെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി. പരാതി ഉന്നയിക്കുന്നതിലും കേസ് എടുക്കുന്നതിലും താമസം നേരിട്ടു. പരാതി നൽകാൻ താമസിച്ചതിന് പല കാരണങ്ങളാണ് പരാതിക്കാരി മൊഴിയിൽ ഉന്നയിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാന്‍ പ്രഥമദൃഷ്ട്യാ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ട്. രാഹുലിന് എതിരായ ആരോപണം ഗൗരവതരമാണ്. പൊലീസിന് പരാതി നല്‍കാതെ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയതും കോടതി ചൂണ്ടിക്കാട്ടി.
പ്രഥമദൃഷ്ട്യാ തന്നെ ഈ കുറ്റാരോപണം സംശയാസ്പദമാണെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതിയില്‍ പരാതിനല്‍കാന്‍ വൈകിയതിന് കാരണമായി യുവതി പറയുന്നത് തനിക്ക് രാഹുലിനെയും രാഹുലിന്റെ സുഹൃത്തുക്കളെയും പേടിയുണ്ടെന്നാണ്. തന്റെ കുടുംബത്തെ ബാധിക്കുമെന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് പിന്നീട് പറയുന്നു. എന്നാല്‍, രാഹുല്‍ തന്നെ എപ്പോഴെങ്കിലും വിവാഹം ചെയ്യും എന്നുള്ള പ്രതീക്ഷയില്‍ കാത്തിരിക്കുകയായിരുന്നു, അതുകൊണ്ടാണ് പരാതിനല്‍കാന്‍ വൈകിയതെന്നാണ് മറ്റൊരിടത്ത് പറയുന്നത്. ഇത്തരത്തില്‍, പരാതി നല്‍കാനുള്ള കാലതാമസം സംബന്ധിച്ച് പരാതിയിലും മൊഴിയിലും വൈരുദ്ധ്യമുണ്ടെന്നാണ് കോടതി നിരീക്ഷിക്കുന്നത്.
പ്രോസിക്യൂഷന്‍ ചില ചാറ്റുകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതില്‍ ചിലതെല്ലാം മാസ്‌ക് ചെയ്തിരിക്കുകയാണ്. ബലാത്സംഗം നടന്നു എന്ന് പറയുന്ന കാലത്തിന് ശേഷവും പ്രതിയും പരാതിക്കാരിയും നിരന്തരം ബന്ധം തുടര്‍ന്നതായി ഈ ചാറ്റുകളില്‍നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗം ചെയ്തു എന്ന് പറയുന്ന ദിവസത്തിന് ശേഷവും പ്രതി തന്നെ വിവാഹം കഴിക്കും എന്ന് പെണ്‍കുട്ടി പ്രതീക്ഷിച്ചിരുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിക്കുന്നു. നികൃഷ്ടമായ ഉപദ്രവം നേരിട്ടിട്ടും അങ്ങനെ പ്രതീക്ഷിച്ചതിൽ പൊരുത്തക്കേടുണ്ടെന്നാണ് കോടതിയുടെ വിലയിരുത്തൽ.
സമ്മര്‍ദത്താലാകാം പരാതി നല്‍കിയതെന്നും കോടതി വിലയിരുത്തി. പരാതി വൈകിയതും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതുമാണ് ജാമ്യത്തിന് കാരണം. പരാതി നല്‍കാന്‍ വൈകിയതിന് പല ഭാഷ്യങ്ങളും വന്നു. ഹാജരാക്കിയ ചാറ്റുകള്‍ ആരോപണം തെളിയിക്കുന്നതല്ലെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നു. ഉപാധികളോടെയാണ് രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണണെന്നാണ് നിർദേശം.




