പത്തനംതിട്ടയില്‍ കോയിപ്രത്ത് ദമ്പതികള്‍ അതിക്രൂരമായി യുവാക്കളെ മര്‍ദിച്ചത് വഴിവിട്ട ബന്ധത്തിന്റെ പേരിലെന്നു പോലീസ് സ്‌ഥിരീകരിച്ചു. ജയേഷിന്റെ ഭാര്യ രശ്‌മിക്ക് റാന്നി കക്കുടുമണ്‍ സ്വദേശിയുമായുള്ള അവിഹിതബന്ധവും നീലമ്പേരൂര്‍ സ്വദേശിയുമായുള്ള സെക്‌സ് ചാറ്റുമാണ് അതിക്രമം നടത്താന്‍ കാരണമായത്.
അതിനിടെ, രശ്മിയുടെ ഫോണില്‍നിന്ന് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ പോലീസ് കണ്ടെടുത്തു. മര്‍ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19-കാരനും രശ്മിയും വിവസ്ത്രരായി നില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയുള്ളവയാണ് കണ്ടെടുത്തത്. യുവാവിനെ മര്‍ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പംനിര്‍ത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന ഇരുപതിനായിരം രൂപയും ദമ്പതിമാര്‍ കൈക്കലാക്കിയിരുന്നു. അതേസമയം, ജയേഷിന്റെ ഫോണില്‍ രഹസ്യഫോള്‍ഡറിലാക്കി സൂക്ഷിച്ചിരിക്കുന്ന മര്‍ദനദൃശ്യങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായില്ല. സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഫോണിലെ ഫോള്‍ഡര്‍ തുറന്ന് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം
ജയേഷും റാന്നി സ്വദേശിയും 13 വര്‍ഷത്തിലധികമായി ഉറ്റ ചങ്ങാതിമാരാണ്. യുവാക്കള്‍ ജയേഷിന്റെ വീട്ടിലെ സ്‌ഥിരം സന്ദര്‍ശകരുമാണ്. മര്‍ദനമേറ്റതൊഴികെ റാന്നി സ്വദേശി പോലീസിനു നല്‍കിയ മൊഴികള്‍ മുഴുവന്‍ കളവാണ്. രശ്‌മിയും ഇയാളുമായുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോയും നീലമ്പേരൂര്‍ സ്വദേശിയുമായുളള ചാറ്റും കണ്ടതാണ് ജയേഷിനെ പ്രകോപിപ്പിച്ചത്. രശ്‌മിയെക്കൊണ്ടു തന്നെ യുവാക്കളെ പീഡിപ്പിച്ചതിനു കാരണവും ഇതാണ്. രശ്‌മിയെ ഭീഷണിപ്പെടുത്തി യുവാക്കളെ ഉപദ്രവിക്കാന്‍ പ്രേരിപ്പിക്കുകയായായിരുന്നു. ഭയന്നുപോയ രശ്‌മിക്ക് ജയേഷിനെ അനുസരിക്കേണ്ടി വന്നു.
നിഴല്‍പോലെ ഒപ്പം നടന്ന ചങ്ങാതിമാര്‍ വിശ്വാസവഞ്ചന കാണിച്ചത് ജയേഷിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചെന്നാണു പോലീസ് പറയുന്നത്. അതുകൊണ്ടാണ് ജനനേന്ദ്രിയത്തിലും മറ്റു ശരീരഭാഗങ്ങളിലും മുഴുവന്‍ സ്‌റ്റേപ്ലര്‍ പിന്‍ അടിച്ചതും. ആലപ്പുഴ സ്വദേശിയായ പത്തൊമ്പതുകാരനുമായി രശ്‌മി നടത്തിയ ചാറ്റിങ്ങും ജയേഷ് കണ്ടെത്തിയിരുന്നു. ഇയാളുമായി രശ്‌മിക്കു ശാരീരികബന്ധം ഉണ്ടായിരുന്നില്ല. എങ്കിലും മെസേജുകളെ അടിസ്‌ഥാനമാക്കി യുവാവിനെ ക്രൂരമായി മര്‍ദിക്കുകയും ജനനേന്ദ്രിയത്തില്‍ മുളകു സ്‌പ്രേ അടിക്കുകയുമായിരുന്നു.
2016 ല്‍ പോക്‌സോ കേസിലും ജയേഷ് പ്രതിയായിട്ടുണ്ട്. ഈ കേസ് കോടതിയില്‍ നടക്കുകയാണ്. അതിനിടയിലാണു പുതിയ കേസ് ഉണ്ടായിരിക്കുന്നത്. റാന്നി സ്വദേശിയുടെ മൊഴികള്‍ പോലീസിനെ ആദ്യഘട്ടത്തില്‍ വഴിതെറ്റിച്ചിരുന്നു. എന്നാല്‍ ആറന്മുള എസ്.ഐ: വിഷ്‌ണുവിന്റെ അന്വേഷണ മികവാണ് യഥാര്‍ഥ പ്രതികളിലേക്കും സംഭവങ്ങളിലേക്കും എത്തിച്ചത്.
ആഭിചാരവും ദുര്‍മന്ത്രവാദവും ഹണിട്രാപ്പുമൊക്കെ റാന്നി സ്വദേശി മെനഞ്ഞ കഥകളാണ്. രശ്‌മിയെ പോലീസ് മാപ്പുസാക്ഷിയാക്കാനാണു സാധ്യത. രണ്ടു യുവാക്കളെ മാത്രമാണു മര്‍ദിച്ചതെന്നാണു പോലീസ് പറയുന്നത്. ഇവരെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ രശ്‌മിയുടെയും ജയേഷിന്റെയും ഫോണുകളില്‍ ഉണ്ടാകുമെന്നു കരുതുന്നു. നിലവില്‍ കേസിന്റെ അന്വേഷണം കോയിപ്രം പോലീസ് ഏറ്റെടുത്തു. തിരുവല്ല ഡിവൈ.എസ്.പി: എസ്. നന്ദകുമാറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം.




