Oddly News

ആറു തവണ ഡൈവോഴ്‌സ് നേടി ചൈനക്കാരന്‍; തട്ടിയത് 280,000 ഡോളര്‍, പിടിക്കപ്പെട്ടപ്പോള്‍ 13 വര്‍ഷം തടവുശിക്ഷ

6 ഭാര്യമാര്‍ ഉള്‍പ്പെടെ 20 ലധികം പേരെ വഞ്ചിച്ച് വന്‍തുക തട്ടിയയാള്‍ക്ക് 13 വര്‍ഷം തടവ് ശിക്ഷ. ഈ വഞ്ചനകളിലൂടെ ഇയാള്‍ തട്ടിയെടുത്തത് രണ്ട് ദശലക്ഷം യുവാന്‍ (280,000 യുഎസ് ഡോളര്‍) ആയിരുന്നു. ലിയു എന്നറിയപ്പെടുന്ന 39 കാരനാണ് തട്ടിപ്പ് നടത്തിയത്. 2009 നും 2024 നും ഇടയില്‍ ആറ് സ്ത്രീകളെ വിവാഹം കഴിച്ച് ഇയാള്‍ അവരില്‍ നിന്നെല്ലാം വിവാഹമോചനം നേടുകയും ചെയ്തു.

അവസാനത്തെ അഞ്ച് ഭാര്യമാരുടെയും കുടുംബങ്ങളില്‍ നിന്നും ഇയാള്‍ പണം തട്ടിയതായിട്ടാണ് പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്.
തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ സിയാങ്ങിലെ കോടതിയാണ് ലിയുവിനെ വഞ്ചനാക്കുറ്റത്തിന് ശിക്ഷ വിധിച്ചത്. ലിയുവിന്റെ ഓരോ വിവാഹവും രണ്ട് വര്‍ഷത്തില്‍ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂവെന്ന് വിചാരണവേളയില്‍ കോടതി കേട്ടു.

ഒരു വലിയ ബിസിനസുകാരന്‍ എന്ന വ്യാജേനെയായിരുന്നു ഇയാള്‍ തട്ടിപ്പുകളെല്ലാം നടത്തിയത്. സാമൂഹ്യമാധ്യമങ്ങളില്‍ ആഡംബര കാറുകള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതെല്ലാം വാടകയ്ക്ക് എടുത്ത കാറുകളായിരുന്നു. പണക്കാരന്‍ എന്ന വ്യാജേനെ സ്ത്രീകളെ തന്റെ വലയിലാക്കിയ ഇയാള്‍ ഡേറ്റിംഗ് തുടങ്ങുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുക.

ഡേറ്റിംഗ് ആരംഭിച്ചതിനുശേഷം, തന്റെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക, തന്റെ കളിപ്പാട്ടക്കട വികസിപ്പിക്കുക, ഒരു വീട് വാങ്ങുക എന്നിങ്ങനെ പലതരം കാരണങ്ങള്‍ പറഞ്ഞ് ലിയു അവരില്‍ നിന്ന് വന്‍ തുക കടംവാങ്ങി. ഒരിക്കല്‍ ഒരു കാമുകിയില്‍ നിന്നും പണം തട്ടാന്‍വേണ്ടി സ്വന്തം അമ്മയ്ക്ക് അസുഖമാണെന്ന് കാണിക്കാന്‍ വ്യാജ മെഡിക്കല്‍ രേഖ പോലുമുണ്ടാക്കി.

ഇരകള്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍, കൂടുതല്‍ സമയം വേണമെന്ന് ലിയു പറഞ്ഞു. ”ലിയു എനിക്ക് ആദ്യം തന്ന ധാരണ അദ്ദേഹം സമ്പന്നനും സത്യസന്ധനുമാണെന്നായിരുന്നു. അദ്ദേഹം ഒരു തട്ടിപ്പുകാരനാണെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.” 400,000 യുവാന്‍ (56,000 യുഎസ് ഡോളര്‍) നഷ്ടമായ ലിയുവിന്റെ ഒരു മുന്‍ ഭാര്യ പറഞ്ഞു. 2021-ല്‍, ലിയുവിന്റെ അന്നത്തെ കാമുകി 320,000 യുവാന്‍ (45,000 ഡോളര്‍) തിരികെ നല്‍കാത്തതിന് ലിയുവിനെതിരെ കേസ് കൊടുത്തെങ്കിലും മുമ്പോട്ട് പോയില്ല.

2023 അവസാനത്തോടെ 600,000 യുവാന്‍ (84,000 യുഎസ് ഡോളര്‍) തട്ടിയെടുക്കപ്പെട്ട ലിയുവിന്റെ ആറാമത്തെ ഭാര്യ, സിയാവോലു വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതോടെയാണ് ലിയുവിന്റെ തട്ടിപ്പ് പുറത്തായത്. പരസ്പരം പരിചയപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍, 2023 ജൂണില്‍ അവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. വിവാഹശേഷം, സിയാവോളുവിനെ പണം കൊടുക്കാന്‍ പ്രേരിപ്പിക്കാന്‍, കത്തി ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കുന്നത് ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും ലിയു പരീക്ഷിച്ചു.

സ്വന്തം ഫ്‌ലാറ്റ് പണയപ്പെടുത്താന്‍ ലിയു സിയാവോളുവിനെ പ്രേരിപ്പിച്ചു. എന്നാല്‍ ബാങ്കില്‍ നിന്ന് കടം വാങ്ങിയ മുഴുവന്‍ പണവും അയാള്‍ കൊണ്ടുപോയി. വികസിപ്പിക്കാനിരിക്കുന്ന തന്റെ സ്റ്റോര്‍ കൈകാര്യം ചെയ്യാന്‍ ‘വിശ്വസനീയനായ’ ഒരു വ്യക്തിയെ ആവശ്യമാണെന്ന് അയാള്‍ പറഞ്ഞതിനാല്‍, മാന്യമായ ജോലി ഉപേക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദ്ദേശം അവള്‍ പിന്തുടര്‍ന്നു.

ബാങ്കുകള്‍ ലിയുവിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പണം കടം വാങ്ങാന്‍ അദ്ദേഹം സിയാവോളുവിനോട് പറഞ്ഞു. ഗര്‍ഭിണിയായ ഭാര്യ വിഷമിക്കരുതെന്ന് പറഞ്ഞ് സിയാവോളുവിനോട് ഇക്കാര്യം വെളിപ്പെടുത്തരുതെന്ന് പറഞ്ഞ് അയാള്‍ അവളുടെ മാതാപിതാക്കളില്‍ നിന്നും മുത്തശ്ശിയില്‍ നിന്നും പണം കടം വാങ്ങുകയും ചെയ്തു.