ചൈനയിലെ ഒരു സെക്കൻഡറി സ്കൂൾ അധ്യാപകൻ കഴിഞ്ഞ മുപ്പത് വർഷമായി അനാഥരായ നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തിന് തണലായി നിൽക്കുന്ന വാർത്ത ലോകശ്രദ്ധ നേടുന്നു. വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ കായിക അധ്യാപകനായി ജോലി ചെയ്യുന്ന 52-കാരനായ ബായ് ജിയാൻ ആണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തുന്നത്. മാതാപിതാക്കളുടെ സംരക്ഷണമില്ലാത്ത ഏകദേശം മുന്നൂറോളം കുട്ടികളെ ദത്തെടുത്ത് വളർത്തിയ ഇദ്ദേഹത്തെ ‘ചൈനയുടെ സൂപ്പർ ഡാഡ്’ എന്നാണ് ആളുകൾ വിളിക്കുന്നത്.
സ്വന്തമായി ഒരു വലിയ കെട്ടിടം വാടകയ്‌ക്കെടുത്ത് ഒരേസമയം ഇരുപതോളം കുട്ടികളെ അദ്ദേഹം അവിടെ താമസിപ്പിക്കുന്നു. 1995 മുതൽ ഇതുവരെ 276 കുട്ടികളാണ് ഇദ്ദേഹത്തിന്റെ ‘ഡ്രീം ഹോം’ എന്ന തണലിൽ വളർന്നത്. ഇതിൽ പലരും അനാഥരോ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടവരോ ആയിരുന്നു. ഇദ്ദേഹത്തിന്റെ സംരക്ഷണയിൽ വളർന്ന കുട്ടികളിൽ നൂറിലധികം പേർ സർവ്വകലാശാലാ ബിരുദം നേടുകയും 50 പേർ ദേശീയ തലത്തിൽ മികച്ച കായികതാരങ്ങളായി മാറുകയും ചെയ്തു. മറ്റുള്ളവർ സൈന്യത്തിലും അധ്യാപന മേഖലയിലും പൊതുസേവന രംഗത്തും മികച്ച നേട്ടങ്ങൾ കൈവരിച്ചു.
ദാരിദ്ര്യം നിറഞ്ഞ പശ്ചാത്തലത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെ അധ്യാപകനായി മാറിയ വ്യക്തിയാണ് ബായ് ജിയാൻ. ഒരിക്കൽ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട ഒരു വിദ്യാർത്ഥിയുടെ ദയനീയാവസ്ഥ കണ്ടതിനെത്തുടർന്നാണ് അത്തരം കുട്ടികളെ സംരക്ഷിക്കാനുള്ള തീരുമാനം അദ്ദേഹം എടുത്തത്. കുട്ടികളുടെ ചെലവിനായി അധ്യാപനത്തിന് പുറമെ അദ്ദേഹം മറ്റ് ജോലികളും ചെയ്തുവരുന്നു. തന്റെ അമ്മയുടെയും സഹോദരിമാരുടെയും സഹായവും ഇദ്ദേഹത്തിനുണ്ട്.
കായികരംഗത്തിലൂടെ കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കാമെന്ന് വിശ്വസിക്കുന്ന ഇദ്ദേഹം, എല്ലാ ദിവസവും പുലർച്ചെ 4:30-ന് കുട്ടികളെ എഴുന്നേൽപ്പിച്ച് 12 കിലോമീറ്റർ ഓടിക്കുന്നതടക്കമുള്ള കർശനമായ ദിനചര്യകൾ പിന്തുടരുന്നു. ഇതുവരെ 1300-ഓളം മെഡലുകളാണ് ഇവിടുത്തെ കുട്ടികൾ വിവിധ മത്സരങ്ങളിൽ നിന്നായി നേടിയത്. പഠനത്തോടൊപ്പം കുട്ടികളുടെ മാനസികവും വൈകാരികവുമായ വളർച്ചയ്ക്കും ബായ് ജിയാൻ വലിയ പ്രാധാന്യം നൽകുന്നു. ആരെയും വെറുക്കാതെ മുന്നോട്ട് പോകാനാണ് അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നത്. നൂറുകണക്കിന് കുട്ടികൾക്ക് പുതുജീവിതവും ലക്ഷ്യബോധവും നൽകിയ ഈ അധ്യാപകന്റെ ജീവിതം ഏറെ പ്രചോദനാത്മകമാണ്.




