Crime

സ്ത്രീ വേഷത്തിലെത്തിയ ‘യമൻ’; ഡൽഹിയിൽ യുവതിയുടെ കഴുത്തറുത്ത് ഭർത്താവിന്റെ സഹോദരൻ!

ഡല്‍ഹി: കുടുംബ തര്‍ക്കത്തെ തുടര്‍ന്ന്‌ സ്‌ത്രീ വേഷം ധരിച്ചെത്തിയയാള്‍ ഭാര്യാ സഹോദരിയുടെ കഴുത്തറത്തു. ഡല്‍ഹിയിലെ രോഹിണി പ്രദേശത്ത്‌ തിങ്കളാഴ്‌ചയായിരുന്നു സംഭവം. സ്‌ത്രീകളുടെ വേഷം ധരിച്ചെത്തിയ അക്രമി, 27 കാരിയായ ഫിസിയോതെറാപ്പിസ്‌റ്റിനെയാണ്‌ ആക്രമിച്ചത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ നജഫ്‌ഗഡ്‌ നിവാസിയായ ജയ്‌പ്രകാശ്‌ യാദവ്‌ എന്നയാളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. കോച്ചിങ്‌ സെന്ററില്‍ അധ്യാപകനാണ്‌ പ്രതി.

2025 ഏപ്രിൽ മുതൽ യാദവും ഭാര്യയുടെ വീട്ടുകാരും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ആർക്കും സംശയം തോന്നാതിരിക്കാൻ വിഗ്ഗും സ്ത്രീകളുടെ വസ്ത്രവും ധരിച്ചാണ് ഇയാൾ യുവതി ജോലി ചെയ്യുന്ന തെറാപ്പി സെന്ററിലെത്തിയത്. തന്റെ അമ്മയെ ഭാര്യയുടെ വീട്ടുകാർ മർദ്ദിച്ചതിലുള്ള പ്രതികാരമായാണ് ഈ ക്രൂരത ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

മധ്യാഹ്നം 12.21ഓടെയാണ് യുവതി ആക്രമിക്കപ്പെട്ട വിവരം പോലീസിന് ലഭിക്കുന്നത്. പോലീസ് സംഘം സംഭവസ്ഥലമായ രോഹിണി സെക്ടർ-24ൽ എത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ യുവതിയെ ബി.എസ്.എ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടില്ലാത്തതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.

ആക്രമണത്തിന് ശേഷം സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ തിരച്ചിലിനൊടുവിൽ പോലീസ് പിടികൂടി. ഇയാളിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച കട്ടർ ബ്ലേഡും കണ്ടെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബുദ്ധ് വിഹാർ പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.