Crime

T.C. നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രിന്‍സിപ്പാളിൻ്റെ മുന്നില്‍ വെച്ച് അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തി

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുമായി (ടി.സി) ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് വിദ്യാർത്ഥി സ്കൂളിനുള്ളിൽ വെച്ച് അധ്യാപകനെ കുത്തിപ്പരിക്കേൽപ്പിച്ചു. കന്റോൺമെന്റ് മേഖലയിലെ ലിറ്റിൽ ഫ്ലവർ സ്കൂളിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്.

പ്രിൻസിപ്പലിന്റെ മുറിയിൽ വെച്ച് വിദ്യാർത്ഥിയും അധ്യാപകനും പ്രിൻസിപ്പലും തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാം. പെട്ടെന്ന് പ്രകോപിതനായ വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെ മൂവരും എഴുന്നേറ്റു. നിമിഷങ്ങൾക്കകം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിദ്യാർത്ഥി അധ്യാപകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. പരിക്കേറ്റ അധ്യാപകൻ പിന്നോട്ട് മാറുന്നതും മുറിക്കുള്ളിൽ പരിഭ്രാന്തി പരക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് വിദ്യാർത്ഥി ഒച്ചവെക്കാൻ തുടങ്ങിയതോടെ സ്കൂൾ ജീവനക്കാർ ഓടിയെത്തുകയും അവനെ കീഴടക്കുകയുമായിരുന്നു.

കത്തിക്കുത്തിൽ പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നൽകുന്ന വിവരമനുസരിച്ച്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങാനാണ് ഈ വിദ്യാർത്ഥി സ്കൂളിൽ എത്തിയത്. ഇതിനിടയിൽ അധ്യാപകനുമായി തർക്കമുണ്ടാവുകയും, കാര്യങ്ങൾ കൈവിട്ടുപോയതോടെ വിദ്യാർത്ഥി കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു.

മുൻപ് ഈ സ്കൂളിൽ പഠിച്ചിരുന്ന സമയത്തും ഇതേ അധ്യാപകനുമായി ഈ വിദ്യാർത്ഥി വഴക്കിട്ടിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച കത്തി വിദ്യാർത്ഥി ഓൺലൈൻ വഴിയാണ് ഓർഡർ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *