ആയിരക്കണക്കിന് വർഷങ്ങളായി വെളുത്തുള്ളി ഭക്ഷണമായും മരുന്നായും ഉപയോഗിച്ചുവരുന്നു. കറികളോ, ചട്നിയോ, സൂപ്പോ, മെഴുക്കുപുരട്ടിയോ ആകട്ടെ, ഏതാണ്ട് എല്ലാ ഇന്ത്യൻ അടുക്കളകളിലും സ്ഥാനം പിടിക്കുന്ന ഒരു ചേരുവയാണിത്. എന്നാൽ അതിന്റെ ശക്തമായ രുചിക്കും സുഗന്ധത്തിനും അപ്പുറം, വെളുത്തുള്ളി ഇപ്പോൾ മറ്റൊരു കാരണത്താൽ കൂടി ശ്രദ്ധ നേടുകയാണ്.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താൻ സഹായിച്ചേക്കാം. ശരീരത്തിൽ ഇൻസുലിന്റെ പ്രവർത്തനവും ഗ്ലൂക്കോസിന്റെ അളവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങൾ വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ടെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ഇത് പ്രമേഹത്തിനോ പ്രീ-ഡയബറ്റിസിനോ ഉള്ള പൂർണ്ണമായ ഒരു പ്രതിവിധിയല്ലെങ്കിലും, വെളുത്തുള്ളി ശരിയായ രീതിയിൽ കഴിക്കുന്നത് അതിന്റെ ആരോഗ്യഗുണങ്ങൾ പരമാവധി ലഭിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ‘അല്ലിസിൻ’ (allicin) എന്ന പ്രകൃതിദത്ത സൾഫർ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. എന്നാൽ മുഴുവനായുള്ള വെളുത്തുള്ളിയിൽ അല്ലിസിൻ അടങ്ങിയിട്ടില്ല എന്നതാണ് കൗതുകകരമായ കാര്യം. പകരം അതിൽ ‘അല്ലിൻ’ (alliin) എന്ന സംയുക്തമാണുള്ളത്. വെളുത്തുള്ളി ചതയ്ക്കുകയോ, അരിയുകയോ ചെയ്യുമ്പോൾ ‘അല്ലിനേസ്’ (alliinase) എന്ന എൻസൈം ഉണരുകയും അത് അല്ലിനെ അല്ലിസിൻ ആയി മാറ്റുകയും ചെയ്യുന്നു.
ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റായ രുപാലി ദത്തയുടെ അഭിപ്രായത്തിൽ, വെളുത്തുള്ളിയും അതിലെ അല്ലിസിനും വെറുംവയറ്റിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇത് ഇൻസുലിൻ ഉത്പാദനവും അതിന്റെ പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നു. കൂടാതെ, വെളുത്തുള്ളിയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന ദീർഘകാല ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കും.
എന്നാൽ, അരിഞ്ഞ വെളുത്തുള്ളി നേരിട്ട് ചൂടുള്ള എണ്ണയിലേക്ക് ഇട്ടാൽ അതിലെ ഗുണകരമായ പല സംയുക്തങ്ങളും നശിച്ചുപോയേക്കാം. വെളുത്തുള്ളി പച്ചയ്ക്കോ ചതച്ചോ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്ന് രുപാലി ദത്ത പറയുന്നു. കറിയിൽ ചേർക്കുകയാണെങ്കിൽ ആദ്യം അത് ചതച്ച് അല്പം മാറ്റിവെക്കണം. ഇത് അല്ലിസിൻ സംയുക്തം രൂപപ്പെടാനും അത് നിലനിൽക്കാനും സഹായിക്കും. പച്ച വെളുത്തുള്ളിയിലാണ് അല്ലിസിൻ കൂടുതൽ അടങ്ങിയിട്ടുള്ളതെന്ന് ഡയറ്റീഷ്യനും പ്രമേഹ രോഗ വിദഗ്ദ്ധയുമായ അർച്ചന ബത്രയും വ്യക്തമാക്കുന്നു. വെളുത്തുള്ളി ചതച്ച് 5 മുതൽ 10 മിനിറ്റ് വരെ മാറ്റിവെച്ച ശേഷം ഉപയോഗിക്കുന്നത് നല്ലതാണ്. അമിതമായി വേവിക്കുന്നത്, പ്രത്യേകിച്ച് ഉയർന്ന ചൂടിൽ പാകം ചെയ്യുന്നത് ഇതിലെ ഗുണങ്ങൾ കുറയ്ക്കും. പച്ചയ്ക്ക് കഴിക്കാൻ ഇഷ്ടമല്ലാത്തവർക്ക് കറികളിൽ ചേർക്കുന്നതിന് തൊട്ടുമുമ്പ് ഇത് ചതച്ച് അല്പം വെച്ച ശേഷം ഉപയോഗിക്കാവുന്നതാണ്.
ദിവസേനയുള്ള ഭക്ഷണത്തിൽ വെളുത്തുള്ളി ഉൾപ്പെടുത്തുന്നത് വളരെ എളുപ്പമാണ്. പച്ചച്ചട്നി, തൈര് ഡിപ്പുകൾ, ഹമ്മസ് എന്നിവയിൽ പുതിയതായി ചതച്ച വെളുത്തുള്ളി ചേർക്കാം. സാലഡുകളിൽ നാരങ്ങാനീരിനും ഒലീവ് ഓയിലിനുമൊപ്പം ഇത് ഉപയോഗിക്കാം. സൂപ്പുകൾ തയ്യാറായ ശേഷമോ, പയർവർഗ്ഗങ്ങളും പച്ചക്കറികളും വിളമ്പുന്നതിന് തൊട്ടുമുമ്പോ വെളുത്തുള്ളി ചേർക്കാവുന്നതാണ്. കറികൾ ഉണ്ടാക്കുമ്പോൾ വെളുത്തുള്ളി ആദ്യം തന്നെ എണ്ണയിലിട്ട് മൂപ്പിക്കുന്നതിന് പകരം, ചതച്ച് കുറച്ചുസമയം വെച്ച ശേഷം പാചകത്തിന്റെ അവസാന ഘട്ടത്തിൽ ചേർത്താൽ ഗുണം കൂടും.
എന്നിരുന്നാലും വെളുത്തുള്ളി അമിതമായി കഴിക്കുന്നത് നല്ലതല്ല. ആരോഗ്യവാനായ ഒരാൾക്ക് ദിവസം ഒന്നോ രണ്ടോ വെളുത്തുള്ളി അല്ലി ധാരാളമാണെന്ന് അർച്ചന ബത്ര പറയുന്നു. അമിതമായി കഴിച്ചാൽ നെഞ്ചെരിച്ചിൽ, അസിഡിറ്റി, വയറു വീർക്കൽ, ഗ്യാസ്, വയറിളക്കം, വായ് നാറ്റം എന്നിവ ഉണ്ടാകാം. കൂടാതെ, രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവരോ സർജറിക്ക് തയ്യാറെടുക്കുന്നവരോ വെളുത്തുള്ളിയുടെ ഉപയോഗം കൂട്ടുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടണം, കാരണം ഇത് രക്തസ്രാവത്തിനുള്ള സാധ്യത വർദ്ധിപ്പിച്ചേക്കാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ വെളുത്തുള്ളി സഹായിക്കുമെങ്കിലും, ഇത് ഒരിക്കലും ഇൻസുലിനോ പ്രമേഹ മരുന്നുകൾക്കോ പകരമല്ല. സമീകൃത ആഹാരം, വ്യായാമം, കൃത്യമായ ഉറക്കം, മാനസിക സമ്മർദ്ദം കുറയ്ക്കൽ എന്നിവയടങ്ങുന്ന നല്ലൊരു ജീവിതശൈലിയുടെ ഭാഗമായി മാത്രമേ വെളുത്തുള്ളിയെ കാണാവൂ എന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.




