Oddly News

ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച ഭാഷ എഐയുടെ സഹായത്തോടെ തിരിച്ചു വരുന്നു

ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച ഭാഷ എഐയുടെ സഹായത്തോടെ തിരിച്ചുവരുന്നു. ജപ്പാന്റെ കോളനിയായി മാറിയതോടെയാണു ഹോക്കൈഡോ ദ്വീപുകളിലെ സംസാരഭാഷയായിരുന്ന ഐനുവിന്റെ കഷ്‌ടകാലം തുടങ്ങിയത്‌. 12-ാം നൂറ്റാണ്ടിലായിരുന്നു അധിനിവേശം. കഴിഞ്ഞ നൂറ്റാണ്ടോടെ ആ ഭാഷ അപ്രത്യക്ഷമായി.

എഐയുടെ സഹായത്തോടെ ഐനുവിനെ തിരിച്ചുകൊണ്ടുവരാനാണു ശ്രമം.
ജപ്പാനില്‍ ഇപ്പോള്‍ ഐനു അറിയാവുന്നവര്‍ ചുരുക്കം. അറിയുന്നവര്‍ക്കു തന്നെ എല്ലാ വാക്കുകളും പരിചിതമല്ല. പഴയ കാസെറ്റുകളെയാണ്‌ ആദ്യഘട്ടത്തില്‍ എഐ ആശ്രയിക്കുക. ഐനു ഗാനങ്ങളും നാടോടികഥകളുമാണ്‌ അവയിലുള്ളത്‌.
ഐനു സംസാരിച്ചിരുന്നവരുടെ പുതുതലമുറയ്‌ക്ക് ആ ഭാഷയെക്കുറിച്ചു വലിയ ധാരണയില്ല. രണ്ട്‌ തലമുറ മുമ്പുള്ളവര്‍ക്ക്‌ ഏതാനും വാക്കുകളും പാട്ടുകളും അറിയാമായിരുന്നു.

1870ല്‍, എസോ/എസോച്ചി (ഇപ്പോള്‍ ഹോക്കൈഡോ) ജപ്പാന്റെ ഭാഗമായി പ്രഖ്യാപിച്ചതിന്‌ ശേഷം, ഏകദേശം 15,000 ആളുകള്‍ ഐനുവിന്റെ പ്രാദേശിക വകഭേദങ്ങള്‍ സംസാരിച്ചിരുന്നു, അവരില്‍ ഭൂരിഭാഗവും മറ്റ്‌ ഭാഷകളൊന്നും സംസാരിച്ചിരുന്നില്ല. എന്നാല്‍, സ്‌കൂളുകളില്‍ ഐനു നിരോധനം ഉള്‍പ്പെടെയുള്ള നിയന്ത്രണംകൊണ്ടുവന്ന്‌ സര്‍ക്കാര്‍ ആ ഭാഷയെയും സംസ്‌കാരത്തെയും ഏതാണ്ട്‌ തുടച്ചുനീക്കി. 1917ല്‍, ഐനു സംസാരിക്കുന്നവരുടെ എണ്ണം 350 ആയി കുറഞ്ഞു, അതിനുശേഷം സാവധാനം അപ്രത്യക്ഷമായി.

2019ല്‍, ജപ്പാന്‍ ഐനുവിനെ രാജ്യത്തെ തദ്ദേശീയ ജനതയായി നിയമപരമായി അംഗീകരിച്ചു. ആ ഭാഷയെ പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ബില്ലില്‍ ഉണ്ടായിരുന്നു. ഹോക്കൈഡോയിലെ ആളുകളില്‍ 80% പേര്‍ക്കും ഐനു പൈതൃകമുണ്ട്‌. എന്നാല്‍ അവിടെ പോലും, ഭാഷയെക്കുറിച്ചുള്ള അറിവ്‌ കുറവാണ്‌. ഐനു ഭാഷയുടെ സൂക്ഷ്‌മമായ പല കാര്യങ്ങളും നഷ്‌ടപ്പെട്ടുപോയെങ്കിലും, അറിവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ഐനു സംസ്‌കാരത്തില്‍ മനുഷ്യനല്ലാത്ത എല്ലാം ‘കാമുയി’ (ദൈവം അല്ലെങ്കില്‍ ആത്മീയ ശക്‌തി) ആണ്‌. ചില മൃഗങ്ങളെ ‘കാമുയി’ എന്ന്‌ വിളിക്കുന്നു, ‘കിമുന്‍കാമുയി’ (കരടി), ഹോര്‍കെവ്‌കാമുയി (ചെന്നായ) എന്നിവ ഉദാഹരണങ്ങളാണ്‌. ഐനുവിനെ ദേശീയ ഭാഷയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഹോക്കൈഡോയിലെ സ്‌കൂള്‍ സിലബസില്‍ അത്‌ ഉള്‍പ്പെടുത്തിയിട്ടില്ല. വിദ്യാര്‍ഥികള്‍ക്ക്‌ ഐനു സംസ്‌കാരത്തെയും ഭാഷയെയും കുറിച്ച്‌ പഠിക്കാന്‍ അവസരമില്ല.

കൈയോട്ടോ സര്‍വകലാശാലയിലെ ഗവേഷകരുടെ പക്കല്‍ 300 മുതല്‍ 400 മണിക്കൂര്‍ വരെയുള്ള ഐനു സംഭാഷണങ്ങളുടെ ഡേറ്റയുണ്ട്‌. ആ ശബ്‌ദങ്ങളുടെ ഗുണമേന്മ അത്ര മികച്ചതല്ല. എങ്കിലും പ്രതീക്ഷയുണ്ടെന്നു കൈയോട്ടോ സര്‍വകലാശാലയിലെ ഇന്‍ഫോര്‍മാറ്റിക്‌െസ് പ്രാഫസറും, ഐനു റെക്കോഡിംഗുകള്‍ സംരക്ഷിക്കാന്‍ എഐ സ്‌പീച്ച്‌ റെക്കഗ്നിഷന്‍ ടെക്‌നോളജി ഉപയോഗിക്കുന്ന പദ്ധതിയുടെ തലവനുമായ ടത്സുയ കവാഹാര പറയുന്നു. 1970കളിലാണു ശബ്‌ദ ഡേറ്റ ശേഖരിച്ചത്‌. ഈ ശേഖരത്തിന്റെ ഭൂരിഭാഗവും കാസറ്റ്‌ ടേപ്പുകളിലാണ്‌.

2015ല്‍, ജപ്പാന്റെ സാംസ്‌കാരിക കാര്യ ഏജന്‍സി ഗവേഷണ ആവശ്യങ്ങള്‍ക്കായും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും ഈ റെക്കോഡിങ്ങുകള്‍ ഡിജിറ്റൈസ്‌ ചെയ്യാന്‍ തുടങ്ങി, മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം എഐ സംരംഭം ആരംഭിച്ചു. സാധാരണയായി, ഓട്ടോമാറ്റിക്‌ സ്‌പീച്ച്‌ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ തയാറാക്കുന്നത്‌ വലിയ ഡേറ്റാസെറ്റുകള്‍ ഉപയോഗിച്ചാണ്‌, ഇത്‌ ഒരു ഭാഷയെ ട്രാന്‍സ്‌ൈക്രബ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ അതിന്റെ നിയമങ്ങള്‍ മനസിലാക്കാന്‍ സിസ്‌റ്റത്തെ സഹായിക്കുന്നു.
എന്നിരുന്നാലും, ഐനു പോലുള്ള ഭീഷണി നേരിടുന്ന ഭാഷകള്‍ക്ക്‌ അത്തരം പശ്‌ചാത്തല ഡേറ്റയുടെ കുറവുണ്ട്‌. ഭാഷയെക്കുറിച്ച്‌ മുന്‍കൂട്ടി അറിവില്ലാതെ തന്നെ സംഭാഷണത്തെ ടെക്‌സ്റ്റിലേക്ക്‌ പ്രോസസ്സ്‌ ചെയ്യാന്‍ സിസ്‌റ്റത്തെ പഠിക്കാന്‍ അനുവദിക്കുന്നു. ഇന്ന്‌ ജപ്പാനില്‍ ഐനു അറിയാവുന്ന എത്രപേര്‍ അവശേഷിക്കുന്നു എന്നതിനെക്കുറിച്ച്‌ ഔദ്യോഗിക കണക്കുകളൊന്നും ലഭ്യമല്ല, മറ്റു രാജ്യങ്ങളിലും മൃതഭാഷകളെ എ.ഐ. സഹായത്തോടെ പഠിക്കാനുള്ള ശ്രമമുണ്ട്‌. കാറ്റലന്‍, ബാസ്‌ക്യൂ തുടങ്ങിയവയാണ്‌ ഉദാഹരണം.