ബംഗളൂരുവിൽ 13 വയസ്സുള്ള മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം 40 വയസ്സുകാരി ജീവനൊടുക്കി. നഗരത്തിലെ ഒരു വീട്ടിൽ സുവർണ്ണ എന്ന സ്ത്രീയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ നടന്നതായി സംശയിക്കുന്ന വിവരത്തെത്തുടർന്ന് ഇന്ന് രാവിലെ 11 മണിയോടെ പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
പ്രാഥമിക പരിശോധനകൾക്ക് ശേഷം, സുവർണ്ണ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്ന് പോലീസ് നിഗമനത്തിലെത്തി. സംഭവത്തിൽ രണ്ട് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സുവർണ്ണയുടെ ഭർത്താവ് ചന്ദ്രശേഖർ (45) മകളെ കൊലപ്പെടുത്തിയതിന് ഭാര്യക്കെതിരെ പരാതി നൽകി. അതേസമയം സുവർണ്ണയുടെ മരണത്തിലെ ദുരൂഹതകൾ ചൂണ്ടിക്കാട്ടി സഹോദരൻ മഞ്ജുനാഥും പരാതി നൽകിയിട്ടുണ്ട്.
സംഭവം നടന്ന രീതിയെക്കുറിച്ചും ഇതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കുടുംബാംഗങ്ങളുടെ മൊഴികളും ഫോറൻസിക് പരിശോധനാ ഫലങ്ങളും പുറത്തുവരുന്നതോടെ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.




