Crime

ഇരട്ട മക്കളുടെ മര്‍ദ്ദനം, ഒരാള്‍ മര്‍ദ്ദിച്ചു, മറ്റെയാള്‍ വീഡിയോയെടുത്തു; ചികിത്സയിലായിരുന്ന പിതാവ്‌ മരിച്ചു

ഇരട്ട മക്കളുടെ മര്‍ദനത്തെതുടര്‍ന്ന്‌ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്ക്‌ മാറ്റിയ കിടപ്പു രോഗിയായ പിതാവ്‌ മരിച്ചു. പട്ടണക്കാട്‌ പഞ്ചായത്ത്‌ എട്ടാം വാര്‍ഡില്‍ ചന്ദ്രാ നിവാസില്‍ ചന്ദ്രശേഖരന്‍ നായര്‍ (79) ആണ്‌ മരിച്ചത്‌. കഴിഞ്ഞ
ഓഗസ്‌റ്റ്‌ 24നു രാത്രിയിലായിരുന്നു മക്കളായ അഖില്‍ ചന്ദ്രന്‍(30), നിഖില്‍ ചന്ദ്രന്‍(30) എന്നിവര്‍ മദ്യലഹരയില്‍ ചന്ദ്രശേഖരന്‍ നായരെ മര്‍ദിച്ചത്‌.

മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ പട്ടണക്കാട്‌ പോലീസ്‌ അറസ്‌റ്റുചെയ്‌ത ഇരുവരും റിമാന്‍ഡിലാണ്‌. അഖിലിനും നിഖിലിനു മൊപ്പമായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ കഴിഞ്ഞിരുന്നത്‌. കട്ടിലില്‍ കിടക്കുകയായിരുന്ന ചന്ദ്രശേഖരന്‍ നായരെ കട്ടിലില്‍ ഇരുന്നുകൊണ്ടാണ്‌ അഖില്‍ ആക്രമിച്ചത്‌. കൈയില്‍ ധരിച്ചിരുന്ന സ്‌റ്റീല്‍വളകൊണ്ട്‌ തലയ്‌ക്ക്‌ പിന്നില്‍ അടിച്ചും കഴുത്തില്‍ കുത്തിപ്പിടിച്ചുമായിരുന്നു മര്‍ദനം. അഖില്‍ അക്രമിച്ചപ്പോള്‍ നിഖിലാണ്‌ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്‌. അക്രമ സമയത്ത്‌ അമ്മ നിസഹായ അവസ്‌ഥയില്‍ സമീപത്തുണ്ടായിരുന്നു.

മര്‍ദന ദൃശ്യങ്ങള്‍ മൂത്ത സഹോദരന്‍ പ്രവീണിനും സുഹൃത്തുക്കള്‍ക്കും ഇവര്‍ അയച്ചുകൊടുത്തു. പ്രവീണ്‍ നല്‍കിയ പരാതിയിലാണ്‌ പട്ടണക്കാട്‌ പോലീസ്‌ കേസെടുത്തത്‌. ഇതേത്തുടര്‍ന്ന്‌ ഒളിവില്‍ പോയ ഇരുവരെയും ചേര്‍ത്തലയില്‍വച്ചാണ്‌ പോലീസ്‌ പിടികൂടിയത്‌. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമന്‍ഡ്‌ ചെയ്യുകയായിരുന്നു.
2023ലും ഇരുവരും ചേര്‍ന്ന്‌ പിതാവ്‌ ചന്ദ്രശേഖരന്‍ നായരെ മര്‍ദിച്ചതിന്‌ പട്ടണക്കാട്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയിരുന്നു. സംഭവത്തെ തുടര്‍ന്ന്‌
പ്രവീണാണ്‌ പിതാവ്‌ ചന്ദ്രശേഖരനെ പതിനൊന്നാം മെയിലിലെ സ്വകാര്യ സാന്ത്വന പരിചരണ കേന്ദ്രത്തിലേക്കു മാറ്റിയത്‌. കഴിഞ്ഞ 14 നാണ്‌ ചന്ദ്രശേഖരന്‍ നായര്‍ മരിച്ചത്‌. അര്‍ത്തുങ്കല്‍ പോലീസ്‌ ഇന്‍ക്വിസ്‌റ്റ്‌ തയാറാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിലേക്ക്‌ മാറ്റി. പോസ്‌റ്റ്‌ മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കി. അര്‍ത്തുങ്കല്‍ പോലീസ്‌ അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്‌.
പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ചതിനുശേഷമേ മക്കളുടെ മര്‍ദനമാണോ മരണകാരണമെന്ന്‌ വ്യക്‌തമാകുകയുള്ളു.
മര്‍ദനത്തെത്തുടര്‍ന്നാണു മരണമെങ്കില്‍ അന്വേഷണം നടത്തി പ്രതികളായ ഇരുവര്‍ക്കുമെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.