താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളെക്കാൾ അടുത്ത മാസം നടക്കാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പ്രസിഡന്റ് ശ്വേത മേനോൻ . സംഘടനയ്ക്കുള്ളിലെ വിഷയങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. ഒരു സ്ത്രീ നേതൃത്വത്തിലേക്ക് വരുമ്പോൾ പൊതുവെ ബഹുമാനക്കുറവ് കാണിക്കാറുണ്ട്. സംഘടനയ്ക്കുള്ളിലെ ആശയവിനിമയത്തിൽ നിലവിൽ ചില ഗുരുതരമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു.
‘അമ്മ’യിലെ പ്രശ്നങ്ങളെക്കുറിച്ച് ഇപ്പോൾ പരസ്യമായി പ്രതികരിക്കാൻ താല്പര്യമില്ലെന്നും, എല്ലാ കാര്യങ്ങൾക്കും വരാനിരിക്കുന്ന പൊതുയോഗത്തിൽ വ്യക്തമായ മറുപടി നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. ആദ്യത്തെ യോഗം മുതൽ നടന്ന കാര്യങ്ങളുടെ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള കൃത്യമായ തെളിവുകൾ തന്റെ പക്കലുണ്ട്. അതുകൊണ്ടുതന്നെ അംഗങ്ങൾ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായി മറുപടി നൽകാൻ തനിക്ക് സാധിക്കുമെന്നും ശ്വേത മേനോൻ വ്യക്തമാക്കി.
സ്വന്തം താല്പര്യങ്ങൾ മാറ്റിവെച്ച് അംഗങ്ങളുടെ നന്മയ്ക്കായി പ്രവർത്തിക്കേണ്ട സംഘടനയിൽ പരസ്പരമുള്ള ആശയവിനിമയമില്ലായ്മയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. വരാനിരിക്കുന്ന ജനറൽ ബോഡിയിൽ ഈ വിഷയങ്ങളെല്ലാം വിശദമായി സംസാരിക്കുമെന്നും, നിലവിലുള്ള പ്രതിസന്ധികൾക്ക് അവിടെവച്ച് തന്നെ പരിഹാരം കണ്ടെത്തുമെന്നും ശ്വേത മേനോൻ പറഞ്ഞു.




