തൊണ്ണൂറുകളിലെ പ്രശസ്ത നടി മയൂരി കങ്കോ അഭിനയ ജീവിതത്തിലും കോർപ്പറേറ്റ് ലോകത്തും പ്രശസ്തിയും വിജയവും നേടിയ വ്യക്തിയാണ്. സിനിമയിൽ അഭിനയ മികവ് തെളിയിച്ച അവർ പിന്നീട് കോർപ്പറേറ്റ് ലോകത്തേക്ക് മാറുകയും ഗൂഗിൾ ഉൾപ്പെടെയുള്ള വലിയ കമ്പനികളെ നയിക്കുകയും ചെയ്തു. ലിങ്ക്ഡ്ഇൻ അപ്‌ഡേറ്റ് അനുസരിച്ച്, ഗൂഗിളിന് ശേഷം, പാരീസ് ആസ്ഥാനമായുള്ള പബ്ലിസിസ് ഗ്രൂപ്പിൽ സി.ഇ.ഒ.യായി ചേർന്നു.
തൊണ്ണൂറുകളിലെ നടി മയൂരി കങ്കോ അഭിനയ ജീവിതത്തില്‍ നടി എന്ന നിലയിലുള്ള പ്രശസ്തി ആസ്വദിക്കുമ്പോഴും തന്റെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു. മയൂരി കങ്കോയുടെ മനോഹരമായ ഹേസൽ ഗ്രീൻ കണ്ണുകൾ അവരുടെ ഏറ്റവും ആകർഷകമായ സവിശേഷതകളിൽ ഒന്നാണ്. അവരുടെ ആകർഷകമായ രൂപം സിനിമയിലെ നായികയായി തിളങ്ങാൻ അവരെ സഹായിച്ചു. സിനിമാഅഭിനയം വിട്ട് മയൂരി കങ്കോ ഒരു പുതിയ കരിയർ തിരഞ്ഞെടുത്തു. സിനിമയിൽ നേടിയ അതേ വിജയം അവർക്ക് കോർപ്പറേറ്റ് ലോകത്തും നേടാനായി.
ഔറംഗബാദിൽ ഒരു തിയേറ്റർ ആർട്ടിസ്റ്റായ അമ്മയ്ക്കും രാഷ്ട്രീയനേതാവായ അച്ഛനും ജനിച്ച മയൂരി കങ്കോ ഐഐടി പ്രവേശന പരീക്ഷയിൽ വിജയിക്കുകയും ഐഐടി കാൺപൂരിൽ പ്രവേശനം നേടുകയും ചെയ്തു. പക്ഷേ, സിനിമയിൽ അഭിനയം തുടരാനായി പഠനം ഉപേക്ഷിച്ചു. ഒരിക്കൽ അമ്മയോടൊപ്പം മുംബൈയിൽ ഷൂട്ടിനായി പോയപ്പോൾ അവർ സംവിധായകൻ സയീദ് അക്തർ മിർസയെ കണ്ടുമുട്ടി. 1995-ൽ പുറത്തിറങ്ങിയ ‘നസീം’ എന്ന സിനിമയിൽ നായികയായി അഭിനയിക്കാൻ അദ്ദേഹം അവർക്ക് അവസരം നൽകി. ഇതായിരുന്നു അവരുടെ ആദ്യ സിനിമ.
ആ വേഷം ഏറ്റെടുക്കാൻ ആദ്യം മടിച്ചെങ്കിലും പിന്നീട് അവർ സമ്മതിക്കുകയും പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ ആകർഷിക്കുകയും ചെയ്തു. അവരുടെ അഭിനയം കണ്ട് സംവിധായകൻ മഹേഷ് ഭട്ട് ‘പാപ്പാ കെഹ്തേ ഹേൻ’ (1996) എന്ന സിനിമയിൽ ഒരു വേഷം നൽകി. ‘ബേതാബി’ (1997), ‘ഹോഗി പ്യാർ കി ജീത്ത്’ (1999), ‘ബാദൽ’ (2000) തുടങ്ങിയ സിനിമകളിൽ അഭിനയിച്ച അവർ പ്രശസ്തി നേടി. മഹേഷ് ബാബുവിനൊപ്പം തെലുങ്ക് സിനിമയായ ‘വംസി’യിലും (2000) അഭിനയിച്ചു. ‘ഡോളർ ബഹു’, ‘തോടാ ഘം തോടി ഖുഷി’, ‘കരിഷ്മ: ദി മിറാക്കിൾസ് ഓഫ് ഡെസ്റ്റിനി’ തുടങ്ങിയ ജനപ്രിയ ടെലിവിഷൻ സീരിയലുകളിലും അവർ അഭിനയിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ അവർ സിനിമാ മേഖല വിടുകയും 2003-ൽ ആദിത്യ ധില്ലനെ വിവാഹം കഴിച്ച് അമേരിക്കയിലേക്ക് പോകുകയും ചെയ്തു.
സിനിമയിൽ നിന്ന് കോർപ്പറേറ്റ് ജീവിതത്തിലേക്ക്:
അമേരിക്കയിൽ മയൂരി കങ്കോ തന്റെ പുതിയ ജീവിതം ആരംഭിച്ചു, ന്യൂയോർക്ക് സിറ്റിയിലെ ബറൂച്ച് കോളേജിൽ നിന്ന് മാർക്കറ്റിംഗ്, ഫിനാൻസ് എന്നിവയിൽ എംബിഎ ബിരുദം നേടി. അതിനുശേഷം, 2007-ൽ യുഎസ് ആസ്ഥാനമായുള്ള പരസ്യ കമ്പനിയായ 360i-യിൽ അസോസിയേറ്റ് മീഡിയ മാനേജരായി കോർപ്പറേറ്റ് ജീവിതം തുടങ്ങി. പിന്നീട് റെസല്യൂഷൻ മീഡിയ, ഡിജിറ്റാസ് എന്നിവിടങ്ങളിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ചുകൊണ്ട് അവർ ഡിജിറ്റൽ മാർക്കറ്റിംഗിലും മീഡിയയിലും വൈദഗ്ദ്ധ്യം നേടി. 2012-ൽ കങ്കോ ഇന്ത്യയിൽ തിരിച്ചെത്തി സെനിത്തിൽ ചീഫ് ഡിജിറ്റൽ ഓഫീസറായി അഞ്ച് വർഷം ജോലി ചെയ്തു. പിന്നീട്, 2019-ൽ ഗൂഗിളിൽ ഹെഡ് ഓഫ് ഇൻഡസ്ട്രി – ഏജൻസി പാർട്ണർഷിപ്പ് ആയി ചേർന്നു. ഇന്ന്, ഗൂഗിൾ ഇന്ത്യയുടെ എഐ, മാർടെക്, മീഡിയ സൊല്യൂഷൻസ് എന്നിവയുടെ തലപ്പത്താണ് അവർ.




