Health

മനസ്സ് ശാന്തമാകാൻ 24 മിനിറ്റ് മതി! സംഗീതത്തിന് പിന്നിലെ ആ ‘മാജിക്’ , പുതിയ പഠനം പുറത്ത്

വെറും അരമണിക്കൂറിൽ താഴെ സമയം സംഗീതം കേൾക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുമോ? പുതിയൊരു ക്ലിനിക്കൽ പഠനം പറയുന്നത് അതെ എന്നാണ്. പ്രത്യേകം തയ്യാറാക്കിയ സംഗീതം വെറും 24 മിനിറ്റ് കേൾക്കുന്നത് വഴി ഉത്കണ്ഠ ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. മരുന്നുകളുടെ സഹായമില്ലാതെ തന്നെ ദൈനംദിന ജീവിതത്തിലെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ വഴിയാണിത്. ടൊറന്റോ മെട്രോപൊളിറ്റൻ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ ഈ പഠനത്തിൽ, സംഗീതത്തിനൊപ്പം ‘ഓഡിറ്ററി ബീറ്റ് സ്റ്റിമുലേഷൻ’ (Auditory Beat Stimulation) എന്ന സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയിട്ടുണ്ട്.

വ്യത്യസ്ത സമയക്രമങ്ങളിൽ സംഗീതം കേൾപ്പിച്ച് നടത്തിയ പരീക്ഷണത്തിൽ, 24 മിനിറ്റ് നേരം കേൾക്കുന്നതാണ് ഏറ്റവും ഫലപ്രദമെന്ന് കണ്ടെത്തി. ഈ സമയപരിധിയിൽ സംഗീതം ആസ്വദിച്ചവരിൽ മാനസികമായും ശാരീരികമായും ഉള്ള ഉത്കണ്ഠ വലിയ തോതിൽ കുറഞ്ഞതായി രേഖപ്പെടുത്തി. ഇത്രയും നേരം സംഗീതം കേട്ടുകഴിയുമ്പോൾ ആളുകൾ കൂടുതൽ ശാന്തരായും മാനസിക സന്തുലിതാവസ്ഥ ഉള്ളവരായും മാറുന്നതായി പഠനം പറയുന്നു.

ഓഡിറ്ററി ബീറ്റ് സ്റ്റിമുലേഷൻ എന്നത് കേൾക്കാൻ അല്പം സാങ്കേതികമായി തോന്നുമെങ്കിലും സംഗതി ലളിതമാണ്. ഓരോ ചെവിയിലും ചെറിയ വ്യത്യാസമുള്ള ശബ്ദതരംഗങ്ങൾ കേൾപ്പിക്കുകയും, തലച്ചോറ് ഇതിനെ ഒരു താളാത്മകമായ സ്പന്ദനമായി തിരിച്ചറിയുകയും ചെയ്യുന്ന രീതിയാണിത്. ഇത് തലച്ചോറിലെ തരംഗങ്ങളെ സ്വാധീനിക്കുന്നതിലൂടെ മനസ്സിന് ആശ്വാസം നൽകാനും ഏകാഗ്രത വർധിപ്പിക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. വെറും സംഗീതം കേൾക്കുന്നതിനേക്കാൾ ഇത്തരം സാങ്കേതിക വിദ്യകൾ കൂടി ഉൾപ്പെടുത്തിയ സംഗീതം കേൾക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാണെന്നാണ് ഗവേഷകർ വിശ്വസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *