Sports

അഭിഷേക് പൂർണമായും ഫിറ്റല്ല, സഞ്ജു ഇഷാനൊപ്പം ഓപ്പണറാകും? നെറ്റ്സിൽ മണിക്കൂറുകളോളം പരിശീലനം

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ നമീബിയയ്‌ക്കെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക്‌ ശര്‍മ കളിക്കുന്ന കാര്യം സംശയത്തില്‍. ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ അഭിഷേക്‌ ശര്‍മ കൂടെയില്ലായിരുന്നു. അരുണ്‍ ജെയ്‌റ്റ്ലി സ്‌റ്റേഡിയത്തിലാണു മത്സരം. അഭിഷേക്‌ ശര്‍മ അസുഖത്തില്‍നിന്ന്‌ മോചിതനായില്ലെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന്‌ ബാറ്റിങ്‌ കോച്ച്‌ റയാന്‍ ടെന്‍ ദോഷെ പറഞ്ഞു.

അഭിഷേക് പൂർണമായും ഫിറ്റ്നസിലേക്കു മടങ്ങിയെത്തിയിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം. 12നാണ് ഇന്ത്യ– നമീബിയ പോരാട്ടം. പാക്കിസ്ഥാനെതിരായ മത്സരത്തിനു മുൻപ് അഭിഷേകിന് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചാൽ, സഞ്ജു സാംസണ്‍– ഇഷാൻ കിഷൻ കോംബോ ആയിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക.പരുക്ക്‌ മൂലം ടീമില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്ന വാഷിങ്‌ടണ്‍ സുന്ദര്‍ തിരിച്ചെത്തി. താരം പരിശീലനത്തില്‍ പങ്കെടുക്കുകയും ചെയ്‌തു.

ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അഭിഷേക്‌ ബാറ്റ്‌ ചെയ്‌തിരുന്നു. ഗോള്‍ഡന്‍ ഡക്കായ താരം ഫീല്‍ഡ്‌ ചെയ്യാനിറങ്ങിയില്ല. അഭിഷേകിന്റെ അഭാവത്തില്‍ സഞ്‌ജുവും ഇഷാന്‍ കിഷനും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുണ്ട്‌. നെറ്റ്‌സില്‍ ഇരുവരും ജോഡിയായാണു ബാറ്റ്‌ ചെയ്‌തത്‌.

ട്വന്റി20 ലോകകപ്പിൽ സഞ്ജു സാംസണും ഇഷാൻ കിഷനുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. ലോകകപ്പിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറായി സഞ്ജു കളിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയിൽ ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതോടെ സഞ്ജുവിന് ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായി. അഞ്ച് മത്സരങ്ങളിൽനിന്ന് 46 റൺസ് മാത്രമാണു സഞ്ജുവിനു നേടാൻ സാധിച്ചത്.

യുഎസിനെതിരായ മത്സരത്തിൽ ഫീൽഡറുടെ റോളിൽ സഞ്ജു ഗ്രൗണ്ടിലുണ്ടിലിറങ്ങിയിരുന്നു. അഭിഷേക് ശർമയെ ഡ്രസിങ് റൂമിലേക്കു തിരികെ വിളിച്ചാണ് ഫീൽഡറായി സഞ്ജുവിനെ ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *