ബോളിവുഡ് താരം ആമിർ ഖാന് ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി. സമൂഹമാധ്യമങ്ങളിലൂടെയും ശബ്ദരേഖയിലൂടെയുമാണ് ഭീഷണി സന്ദേശം പുറത്തുവിട്ടത്. ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അർസൂ ബിഷ്ണോയ്, ടൈസൺ ബിഷ്ണോയ് എന്നിവരാണ് ഇതിന് പിന്നിൽ. ആമിർ ഖാൻ ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നും അത് ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണെന്നുമാണ് ഇവരുടെ ആരോപണം. തങ്ങളുടെ മുന്നിൽപ്പെട്ടാൽ ആമിറിനെയും കൂട്ടാളികളെയും ഓർത്തുപോകുന്ന ഒരു പാഠം പഠിപ്പിക്കുമെന്നും ഇതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.
സനാതന ധർമ്മത്തിന് എതിരെയുള്ള ഇത്തരം നീക്കങ്ങൾ അംഗീകരിക്കില്ലെന്നും ഇതിന് ഉടൻ തന്നെ മറുപടി നൽകുമെന്നുമാണ് അർസൂ ബിഷ്ണോയിയുടെ സോഷ്യൽ മീഡിയ പോസ്റ്റിൽ പറയുന്നത്. സിനിമ താരങ്ങളാണെന്ന അഹങ്കാരത്തിലാണ് ഇതൊക്കെ ചെയ്യുന്നതെങ്കിൽ, ആ ധാർഷ്ട്യം എങ്ങനെ അവസാനിപ്പിക്കണമെന്ന് തങ്ങൾക്ക് നന്നായി അറിയാമെന്നും കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.
ആമിർ ഖാൻ ലവ് ജിഹാദിന്റെ ബ്രാൻഡ് അംബാസഡറാണെന്ന രീതിയിൽ ഇതിന് മുൻപും സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ തന്റെ കുടുംബം എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നവരാണെന്നും, ആരെയും നിർബന്ധിച്ച് മതം മാറ്റിയിട്ടില്ലെന്നും ആമിർ ഇതിന് മറുപടിയായി വ്യക്തമാക്കിയിരുന്നു. 61-ാം വയസ്സിൽ സുഹൃത്തായ ഗൗരി സ്പ്രാട്ടിനെ ആമിർ വിവാഹം കഴിച്ചതിന് പിന്നാലെയാണ് ഈ വിഷയങ്ങൾ വീണ്ടും ചർച്ചയായത്.
തന്റേത് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു കുടുംബമാണെന്ന് റെഡ്ഡിഫിന് നൽകിയ അഭിമുഖത്തിൽ ആമിർ വ്യക്തമാക്കിയിരുന്നു. തന്റെ രണ്ട് സഹോദരിമാരും മകളും വിവാഹം കഴിച്ചത് ഹിന്ദുക്കളെയാണ്. കസിൻ മൻസൂർ വിവാഹം കഴിച്ചത് ക്രിസ്ത്യൻ യുവതിയെയാണ്. നിലവിലെ പങ്കാളി ഗൗരിയോ, മുൻഭാര്യമാരായ കിരണോ റീനയോ ആരും തന്നെ മതം മാറിയിട്ടില്ലെന്നും, ഗൗരി ഒരു ക്രിസ്ത്യൻ വിശ്വാസിയാണെന്നും അദ്ദേഹം പറഞ്ഞു. റീന ദത്തയുമായുള്ള ബന്ധത്തിൽ ജുനൈദ് ഖാൻ, ഇറ ഖാൻ എന്നീ മക്കളും, കിരൺ റാവുവുമായുള്ള ബന്ധത്തിൽ ആസാദ് റാവു എന്ന മകനുമാണ് ആമിറിനുള്ളത്.




