ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ചാലും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കഴിഞ്ഞ വർഷം വിവാഹത്തിന് തൊട്ടുതലേന്ന് ഇവർ വേർപിരിഞ്ഞത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഇവരുടെ കുടുംബങ്ങൾ ഒന്നിച്ചുള്ള ഒരു പുതിയ വീഡിയോ പുറത്തുവന്നതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
മുംബൈയിലെ ഒരു റെസ്റ്റോറന്റിന് പുറത്തുവെച്ച് പലാഷ് മുച്ചാലിന്റെ സഹോദരിയും ഗായികയുമായ പാലക് മുച്ചാൽ, സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയെ കാണുന്നതാണ് വീഡിയോയിലുള്ളത്. പാലക് അദ്ദേഹത്തിന്റെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതും സ്മൃതിയുടെ പിതാവ് അവരെ അനുഗ്രഹിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പാലക്കിന്റെ ഭർത്താവും സംഗീത സംവിധായകനുമായ മിഥുനും ഇവർക്കൊപ്പമുണ്ട്. രണ്ട് കുടുംബങ്ങളും തമ്മിലുള്ള ഈ ഊഷ്മളമായ കൂടിക്കാഴ്ച കണ്ടതോടെയാണ് സ്മൃതിയും പലാഷും വീണ്ടും ഒന്നിക്കുകയാണോ എന്ന് ആരാധകർ സംശയിക്കുന്നത്.
എന്നാൽ ഈ വീഡിയോയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പലവിധ അഭിപ്രായങ്ങളുണ്ട്. ഇത് അടുത്തിടെ നടന്നതാണെന്നും ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തിയെന്നും ഒരു വിഭാഗം വിശ്വസിക്കുമ്പോൾ, ഇത് പഴയ വീഡിയോ ആണെന്നാണ് മറ്റു ചിലർ പറയുന്നത്. വീഡിയോ എന്ന് ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
2025 നവംബർ 23-ന് വിവാഹിതരാകാൻ തീരുമാനിച്ചിരുന്നവരായിരുന്നു സ്മൃതിയും പലാഷും. എന്നാൽ വിവാഹത്തിന് കൃത്യം ഒരു ദിവസം മുൻപ് ഇവർ വേർപിരിയുകയായിരുന്നു. കുടുംബത്തിലെ ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് വിവാഹം മാറ്റിവെച്ചതെന്ന് ആദ്യം റിപ്പോർട്ടുകൾ വന്നെങ്കിലും, പിന്നീട് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് വേർപിരിയലിലേക്ക് നയിച്ചതെന്ന് വാർത്തകൾ വന്നു. തങ്ങൾ പിരിയുകയാണെന്ന് ഇരുവരും നേരത്തെ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. പുതിയ വീഡിയോ പുറത്തുവന്നതോടെ ഇവരുടെ ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുകയാണ്.




