Oddly News

അന്ധവിശ്വാസം കവർന്നത് പിഞ്ചുജീവൻ! പാമ്പുകടിയേറ്റ കൗമാരക്കാരനെ ഗംഗാനദിയിൽ മുക്കിവെച്ചത് 12 മണിക്കൂർ- കാണണം ഈ വീഡിയോ

ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ അന്ധവിശ്വാസം മൂലം 14 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ട വാർത്ത നടുക്കമുണ്ടാക്കുന്നതാണ്. പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം മാതാപിതാക്കൾ ഒരു മാന്ത്രികന്റെ (താന്ത്രിക്) അടുത്തേക്കാണ് കൊണ്ടുപോയത്. പാമ്പുകടിയേറ്റാൽ ഗംഗാ നദിയിൽ മുക്കിവെച്ചാൽ വിഷമിറങ്ങുമെന്ന മാന്ത്രികന്റെ വാക്ക് വിശ്വസിച്ച് 12 മണിക്കൂറോളമാണ് കുട്ടിയെ വെള്ളത്തിൽ താഴ്ത്തിവെച്ചത്. മുളകൾ കൊണ്ട് നിർമ്മിച്ച ചങ്ങാടത്തിൽ കെട്ടിയിട്ട നിലയിലുള്ള കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, മതിയായ ചികിത്സ ലഭിക്കാതെ കുട്ടി മരണപ്പെടുകയും ചെയ്തു.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. നിസ്സഹായരായ മനുഷ്യരുടെ ഭക്തിയെയും വിശ്വാസത്തെയും ചൂഷണം ചെയ്യുന്ന വ്യാജ മാന്ത്രികർക്കെതിരെയും, ഇതിന് കൂട്ടുനിന്ന മാതാപിതാക്കൾക്കെതിരെയും നടപടി വേണമെന്ന് നിരവധി പേർ ആവശ്യപ്പെട്ടു. കൃത്യസമയത്ത് വൈദ്യസഹായം എത്തിച്ചിരുന്നെങ്കിൽ ആ കുഞ്ഞ് ജീവൻ രക്ഷിക്കാമായിരുന്നുവെന്നും താഴെത്തട്ടിൽ ബോധവൽക്കരണം അനിവാര്യമാണെന്നും ആളുകൾ പ്രതികരിച്ചു.

സമാനമായ മറ്റൊരു സംഭവം 2024-ൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലും റിപ്പോർട്ട് ചെയ്തിരുന്നു. പാമ്പുകടിയേറ്റ 20 വയസ്സുകാരനെ സർക്കാർ ആശുപത്രിയിൽ മരിച്ചതായി പ്രഖ്യാപിച്ചെങ്കിലും, അന്ധവിശ്വാസികളായ വീട്ടുകാർ മൃതദേഹം മന്ത്രവാദികളുടെ അടുത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയും വിഷമിറങ്ങാൻ മൃതദേഹം ഗംഗാ നദിയിൽ മുക്കിവെച്ചു. മണിക്കൂറുകളോളം കാത്തിരുന്നിട്ടും മകൻ തിരിച്ചുവരില്ലെന്ന് ഉറപ്പായതോടെയാണ് വീട്ടുകാർ സംസ്കാര ചടങ്ങുകൾ നടത്തിയത്. അറിവില്ലായ്മയും അന്ധവിശ്വാസവും എങ്ങനെ മനുഷ്യജീവനെടുക്കുന്നു എന്നതിന്റെ ഭീകരമായ ഉദാഹരണങ്ങളാണ് ഈ സംഭവങ്ങൾ.