ജർമൻ ഗോൾകീപ്പർ മാനുവൽ നോയറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ഭാര്യ അനിക ബിസൽ. ഇരുവരും വേർപിരിഞ്ഞെന്ന വാർത്തകൾക്കിടെ, ഗർഭിണിയായ പങ്കാളിയെ വഞ്ചിക്കുന്ന പുരുഷന്മാരെ രൂക്ഷമായി വിമർശിക്കുന്ന കുറിപ്പ് അനിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് ചർച്ചയായി. ഗർഭിണിയായ പങ്കാളിയെ വഞ്ചിക്കുന്ന പുരുഷന്മാരുടെ പെരുമാറ്റം സ്വാർഥവും അനാദരവും കടുത്ത വേദനയുണ്ടാക്കുന്നതുമാണെന്ന് പറയുന്ന ഒരു കുറിപ്പാണ് അനിക റീപ്പോസ്റ്റ് ചെയ്തത്.
ഓഗസ്റ്റിൽ ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ 40 വയസ്സുകാരനായ നോയറും 26 വയസ്സുകാരിയായ അനികയും വേർപിരിഞ്ഞതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് അനികയുടെ സമൂഹമാധ്യമ പോസ്റ്റ് ചർച്ചയായത്. നോയറുടെ പേരോ മറ്റ് വിവരങ്ങളോ പറയാതെയായിരുന്നു അനികയുടെ പരോക്ഷ പ്രതികരണം.
അടുത്തിടെ ബ്രസീലിൽ ഒരു യുവതിക്കൊപ്പമുള്ള നോയറുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. നോയറുമായി അടുത്ത ബന്ധമുള്ള 23 വയസ്സുകാരിയായ ഫിസിയോതെറപ്പിസ്റ്റാണ് യുവതിയെന്നാണ് വിവരം. സെപ്റ്റംബർ അവസാനവാരം ഇരുവരും സിസിലിയിലും ഒരുമിച്ചുണ്ടായിരുന്നെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവംബർ ഏഴിന് മെയിൻസിനെതിരായ ബയൺ മ്യൂണിക്കിന്റെ ബുന്ദസ്ലിഗ മത്സരത്തിനിടെ വലതുകാലിന് പരുക്കേറ്റതിനെത്തുടർന്നാണ് നോയർ ബ്രസീലിലേക്ക് പോയത്.
മുൻ പ്രഫഷനൽ ഹാൻഡ്ബോൾ താരമായ അനികയും മാനുവൽ നോയറും 2023ലാണ് വിവാഹിതരായത്. 2020ലാണ് ഇരുവരും പ്രണയത്തിലായത്. നീന വെയ്സുമായുള്ള വിവാഹമോചനത്തിന് ശേഷമായിരുന്നു നോയറുടെ പുതിയ ബന്ധം. 2017ലായിരുന്നു നീനയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം. നോയറും അനികയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വാർത്തകൾ ആദ്യം പുറത്തുവരുമ്പോൾ അനികയ്ക്ക് വെറും 19 വയസ്സായിരുന്നു പ്രായം. ഒരു വിമാനത്താവളത്തിൽവച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ട്. നോയറെ കണ്ട അനിക അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ ചോദിക്കുകയും പിന്നീട് സമൂഹമാധ്യമത്തിലൂടെ ഇരുവരും ബന്ധം തുടങ്ങുകയുമായിരുന്നെന്നാണ് വിവരം.
2023 നവംബറിൽ ടെഗേൺസീയിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് 2025ൽ ഇറ്റലിയിൽവച്ച് വലിയ ആഘോഷവും സംഘടിപ്പിച്ചു. ഇരുവർക്കും രണ്ട് ആൺമക്കളാണുള്ളത്. 2024 മാർച്ചിലാണ് ആദ്യത്തെ മകൻ ലൂക്ക ജനിച്ചത്. 2026 ഓഗസ്റ്റിൽ ജനിച്ച രണ്ടാമത്തെ മകന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി 2025ൽ അനിക പ്രഫഷനൽ ഹാൻഡ്ബോളിൽനിന്ന് താൽക്കാലികമായി മാറിനിന്നിരുന്നു. ടീമിനോടും കായിക ഇനത്തോടും വലിയ അടുപ്പമുണ്ടായിരുന്നതിനാൽ ഈ തീരുമാനമെടുക്കുക പ്രയാസകരമായിരുന്നുെന്ന് അന്ന് അവർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹാൻഡ്ബോൾ കരിയറിന്റെ അവസാനമായിട്ടല്ല ഈ ഇടവേളയെ കാണുന്നതെന്നും അനിക പറഞ്ഞിരുന്നു. സഹതാരങ്ങൾക്കൊപ്പം അവസാന മത്സരങ്ങൾ ആസ്വദിക്കാനും സീസൺ സന്തോഷത്തോടെ അവസാനിപ്പിക്കാനുമായിരുന്നു ആഗ്രഹമെന്നും അവർ വ്യക്തമാക്കിയിരുന്നു. അതേസമയം, മകനൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നതിനാണ് അന്ന് മുൻഗണന നൽകിയതെന്നും അനിക കൂട്ടിച്ചേർത്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് നോയറുമായി വേർപിരിഞ്ഞെന്ന റിപ്പോർട്ടുകൾ വന്നത്.
2024 യൂറോ കപ്പിനു ശേഷം ജർമൻ ദേശീയ ടീമിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച നോയർ, ഈ വർഷത്തെ ലോകകപ്പിൽ വീണ്ടും ടീമിൽ തിരിച്ചെത്തിയിരുന്നു. കരിയറിലെ അഞ്ചാമത്തെ ലോകകപ്പായിരുന്നു അത്. രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം മേയിൽ നോയർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ ദമ്പതികൾക്ക് രണ്ടാമതും ആൺകുഞ്ഞ് ജനിച്ചതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ നവംബറിൽ ഇരുവരും വേർപിരിഞ്ഞെന്ന റിപ്പോർട്ടു പുറത്തുവരികയായിരുന്നു.
അനിക റീപ്പോസ്റ്റ് ചെയ്ത കുറിപ്പ് ഇങ്ങനെ:
ഗർഭിണിയായ സ്ത്രീയെ വഞ്ചിക്കുന്നത് തിന്മയുടെ മറ്റൊരു തലമാണ്. ഒന്ന് ചിന്തിച്ചുനോക്കൂ… സ്വന്തം കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന സ്ത്രീയെ നോക്കിക്കൊണ്ട്, അവളുടെ ശരീരത്തിൽ ഓരോ ദിവസവും ഉണ്ടാകുന്ന മാറ്റങ്ങൾ കാണുകയും, അവൾ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടുകളും ക്ഷീണവും ഗർഭകാലത്തിന്റെ ഓരോ പ്രയാസങ്ങളും നേരിൽ അറിയുകയും ചെയ്തിട്ടും, അവളറിയാതെ മറ്റൊരാളുമായി ബന്ധം പുലർത്താൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വരുന്നു?
നിങ്ങളുടെ കുഞ്ഞിനെ ഉദരത്തിൽ ചുമന്ന് അവൾ കഴിയുമ്പോൾ, നിങ്ങൾ മറ്റൊരാളുടെ പിന്നാലെ പോകുന്നു. സ്നേഹവും സംരക്ഷണവും കരുതലും ഏറ്റവും കൂടുതൽ ലഭിക്കേണ്ട ആ സ്ത്രീക്ക് പകരം, നിങ്ങൾ വരുത്തിവച്ച വേദനയും മാനസിക വിഷമവും സഹിക്കേണ്ടിവരുന്നു. അത് ഒരു അബദ്ധമല്ല. ബോധപൂർവം എടുത്ത തീരുമാനമാണ്. തികച്ചും സ്വാർഥവും ഹൃദയശൂന്യവും അനാദരവ് നിറഞ്ഞതുമായ ഒരു തീരുമാനം.
സ്വന്തം കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന സ്ത്രീയെ, അവൾക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയും ഏറ്റവും കൂടുതൽ ആവശ്യമുള്ള സമയത്ത്, വഞ്ചിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് വിശ്വസ്തത മാത്രമല്ല ഇല്ലാത്തത്; മറിച്ച് അടിസ്ഥാനപരമായ മാനുഷിക മൂല്യങ്ങളും മര്യാദയും ബഹുമാനവും പോലും ഇല്ലെന്നാണ് അതിനർഥം. അങ്ങേയറ്റം അറപ്പുളവാക്കുന്ന പ്രവൃത്തി!’’




