റോഹ്തക് : ഹരിയാനയിലെ റോഹ്തക്കിലുള്ള മിലാൻ ധാബയിൽ നടന്ന വെടിവയ്പ്പിൽ നാല് യുവാക്കൾ കൊല്ലപ്പെട്ട കേസിൽ ഞെട്ടിക്കുന്ന ഗൂഢാലോചന പുറത്തുവരുന്നു. ഗുണ്ടാ നേതാവ് സണ്ണി റിതോലിയുടെ കാമുകി ജാൻവിക്ക് ഈ കൊലപാതകങ്ങളിൽ പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. സണ്ണിയുടെ എതിരാളിയായ ഭാവു റിതോലിയ സംഘത്തിന്റെ ചാരവനിതയായാണ് ജാൻവി പ്രവർത്തിച്ചിരുന്നത്.
സണ്ണിയുടെ സംഘത്തിലെ വിവരങ്ങൾ ശേഖരിക്കാനായി ഭാവുവാണ് ജാൻവിയോട് സണ്ണിയുടെ കാമുകിയാകാൻ പറഞ്ഞത്. സണ്ണിയുടെ ഓരോ നീക്കങ്ങളും കൃത്യമായി ശ്രദ്ധിച്ച് ജാൻവി എതിരാളികൾക്ക് വിവരങ്ങൾ നൽകി. സണ്ണിയുടെ വിശ്വാസം നേടിയെടുത്ത ജാൻവി അയാളുടെ ഒളിത്താവളങ്ങൾ കണ്ടെത്തി. വെടിവയ്പ്പ് നടന്ന മിലൻ ധാബയിലേക്ക് അക്രമികൾ എത്തിയതും ജാൻവി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ്. ആക്രമണ സമയത്ത് ധാബയുടെ പിൻവാതിലിലൂടെ സണ്ണി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ജാൻവിയുടെ കുടുംബ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ഒരു സംഘം അവരുടെ പിതാവിനെയും അമ്മാവനെയും കൊലപ്പെടുത്തിയെന്ന ആരോപണം ഉൾപ്പെടെ കുടുംബാംഗങ്ങൾക്ക് നേരെ ഗുരുതര അക്രമങ്ങൾ നടന്നിട്ടുണ്ടെന്നാണ് വിവരം. ഈ പഴയ സംഭവങ്ങളും എതിർ ഗുണ്ടാസംഘവും ഹണിട്രാപ്പ് ആരോപണവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണസംഘം പരിശോധിക്കുമെന്നാണ് കരുതുന്നത്.
ഉത്തർപ്രദേശിലെ കുപ്രസിദ്ധ ‘ലേഡി ഡോൺ’ ആയ ബബ്ലി ദേവിയുടെ മകളാണ് ജാൻവി. പശ്ചിമ ഉത്തർപ്രദേശിലെ നിരവധി കുപ്രസിദ്ധ കുറ്റവാളികളുമായി ബന്ധപ്പെട്ട ശേഷം സ്വന്തമായി സംഘം രൂപീകരിച്ച കുപ്രസിദ്ധ ക്രിമിനലായിരുന്നു ബബ്ലി. കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങി നിരവധി ഗുരുതര കേസുകൾ അവരുടെ പേരിലുണ്ടായിരുന്നു. പിടിച്ചുപറി, ക്വട്ടേഷൻ കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റങ്ങളും പൊലീസ് രേഖകളിലുണ്ട്. അവരെ പിടികൂടാൻ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബബ്ലി പലതവണ ജയിലിലാകുകയും പൊലീസ് ഏറ്റുമുട്ടലുകൾ നേരിടുകയും സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്. ബബ്ലി ഗ്രാമത്തലവയായും പ്രവർത്തിച്ചിട്ടുണ്ട്.
ജാൻവിയുടെ പിതാവ് വിവേക് എന്ന വിക്കി മാലിക് ഈ വർഷം മാർച്ചിൽ ബാഗ്പത്തിൽ നടന്ന വിവാഹച്ചടങ്ങിനിടെ വെടിയേറ്റ് മരിച്ചു. ഗ്രാമത്തലവൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ദീർഘകാല പകയാണ് ഈ കൊലപാതകത്തിന് കാരണം. ജാൻവി വിവാഹിതയായിരുന്നുവെന്നും ഹരിയാനയിലെ പാനിപ്പത്തിലാണ് താമസിച്ചിരുന്നതെന്നുമാണ് റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് അവർ ഭർത്താവുമായി വേർപിരിഞ്ഞു.
ഹരിയാനയിലെ റോഹ്തക്കിലെ മിലാൻ ധാബയിൽ നവംബർ 26ന് അർധരാത്രിയാണ് വെടിവയ്പ്പ് നടന്നത്. അഞ്ചംഗ ആയുധധാരി സംഘമാണ് ധാബയിൽ വെടിയുതിർത്തത്. സണ്ണിയുടെയും ഭാവുവിന്റെയും സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിൽ. വെടിവയ്പ്പിൽ റിങ്കു, വിനീത്, ഹർഷ് എന്ന ഗഞ്ചു, ഹിമാൻഷു എന്നിവർ മരിച്ചു.
സംഭവത്തിന് തൊട്ടുപിന്നാലെ ജാൻവി രാജ്യം വിട്ടതാണ് കേസിലെ മറ്റൊരു പ്രധാന വഴിത്തിരിവ്. സണ്ണിയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ ചോർത്തി നൽകിയാൽ തനിക്ക് രാജ്യം വിടാൻ സൗകര്യം ചെയ്തുതരണമെന്ന് എതിർ സംഘവുമായി ജാൻവി നേരത്തെ തന്നെ രഹസ്യക്കരാർ ഉണ്ടാക്കിയിരുന്നതായാണ് വിവരം. കൊലപാതകം നടന്ന് അടുത്ത ദിവസം രാവിലെ തന്നെ ജാൻവി ബാങ്കോക്കിലേക്ക് പറന്നു. ബാങ്കോക്കിൽനിന്ന് അവർ മറ്റ് രാജ്യങ്ങളിലേക്ക് കടന്നിരിക്കാമെന്ന സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന അഞ്ചുപേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സ്വിഫ്റ്റ് കാറിലാണ് അക്രമികൾ ധാബയിലെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് നേരെയാണ് അവർ വെടിയുതിർത്തത്. ആക്രമണത്തിൽ മൂന്ന് യുവാക്കൾ ഭക്ഷണം കഴിക്കുന്നതിനിടെ തന്നെ മരിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാലാമത്തെ യുവാവിനെ പിന്തുടർന്ന് വെടിവച്ചു കൊന്നതായാണ് വിവരം.




