ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി നഴ്സായ ഗംഗ കൊല്ലപ്പെട്ടതിന് പിന്നാലെ അതിരാവിലെ സുഹൃത്ത് ഗോകുൽ കൃഷ്ണ ലോഡ്ജ് റിസപ്ഷനിലേക്ക് ഓടിയെത്തിയതായി ജീവനക്കാരൻ മൊഴി നൽകി. തമ്മിൽ വഴക്കുണ്ടായെന്നും ഗംഗയ്ക്ക് പരുക്കേറ്റെന്നും ഉടൻ ആശുപത്രിയിൽ കൊണ്ടുപോകണമെന്നും ഗോകുൽ പറഞ്ഞതായി ജീവനക്കാരൻ വ്യക്തമാക്കി. ജീവനക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഗോകുലിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു.
നഴ്സിങ് വിദ്യാർഥികൾക്ക് കോളജ് പ്രവേശനം ശരിയാക്കിക്കൊടുക്കുന്ന കൺസൾട്ടന്റായി ജോലി ചെയ്യുകയായിരുന്നു ഗോകുൽ. തർക്കത്തെ തുടർന്ന് അടൂർ സ്വദേശിനി ഗംഗയെ കൊല്ലം സ്വദേശിയായ ഗോകുൽ കുത്തിക്കൊലപ്പെടുത്തിയതായാണ് വിവരം. തവക്കൽ മസ്താൻ ദർഗയ്ക്ക് അടുത്തുള്ള ലോഡ്ജിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും ബിഎസ്സി നഴ്സിങ് ബിരുദധാരികളാണ്.
ഗംഗ ഗോകുലിന്റെ ജൂനിയറായിരുന്നു. പഠനം പൂർത്തിയാക്കിയ ഗംഗയ്ക്ക് ജോലി തേടിയാണ് ഇരുവരും ബെംഗളൂരുവിൽ എത്തിയത്. നാല് വർഷത്തോളമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തതെന്ന് ജീവനക്കാർ അറിയിച്ചു. ഇന്ന് രാവിലെയോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായാണ് സൂചന. ഗംഗയുടെ അടിവയറിന്റെ ഇടതുവശത്ത് ഗോകുൽ മൂർച്ചയുള്ള കത്തികൊണ്ട് കുത്തുകയായിരുന്നു. രക്തം അമിതമായി പോയതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടൺപേട്ട പൊലീസ് കേസിൽ അന്വേഷണം തുടരുകയാണ്.




