ഗാസിയാബാദ് : ഇടയ്ക്കിടെ അസുഖങ്ങൾ വന്നതിനെത്തുടർന്ന് വ്യവസായി നടത്തിയ വൈദ്യപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി, ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നു. സ്വന്തം ഭാര്യ തന്നെയാണ് ഇയാളെ പതിയെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിരുന്നത്! ഭർത്താവിനെ മാത്രമല്ല, മകനെയും അനന്തരവനെയും ഇവർ ഇങ്ങനെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഭർത്താവിന്റെ 6 കോടി രൂപ മൂല്യമുള്ള ട്രാവൽ ഏജൻസിയും 2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുകയും കൈക്കലാക്കാനായിരുന്നു ഈ ക്രൂരത. ഇതിനായി ഭാര്യ ഉപയോഗിച്ചതാകട്ടെ ‘ഈയ’വും. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ അനുസരിച്ച് കേസെടുത്ത ഇന്ദിരാപുരം പൊലീസ് പ്രതിയായ രേണു ഭട്നാഗറിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്.
ഇന്ദിരാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വസുന്ധരയിൽ താമസിക്കുന്ന സുശീൽ കുമാർ ഭട്നാഗറിന് ഇടയ്ക്കിടെ കാരണമില്ലാതെ അസുഖങ്ങൾ വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പിന്നാലെ മകനും അനന്തരവനും ഇതേപോലെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. ആരോഗ്യം പെട്ടെന്ന് മോശമായതിൽ സംശയം തോന്നിയ സുശീൽ വിശദമായ മെഡിക്കൽ ചെക്കപ്പിന് വിധേയനായി. തുടർന്ന് വന്ന പരിശോധനാ ഫലം കുടുംബത്തെ ഒന്നാകെ ഞെട്ടിക്കുന്നതായിരുന്നു. സുശീലിന്റെ ശരീരത്തിൽ അപകടകരമായ അളവിൽ ഈയം ഉണ്ടെന്നായിരുന്നു കണ്ടെത്തൽ.
ഭക്ഷണത്തിലൂടെ വിഷം കൊടുത്ത് അപായപ്പെടുത്താനാണ് ശ്രമമെന്ന് മനസ്സിലാക്കിയ സുശീൽ പൊലീസിൽ പരാതി നൽകി. തന്നെയും മകനെയും അനന്തരവനെയും കൊല്ലാൻ ഭാര്യ രേണുവും ബന്ധുക്കളും ചേർന്ന് ശ്രമിച്ചെന്നായിരുന്നു പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം രണ്ടു മാസത്തിന് ശേഷമാണ് പൊലീസ് രേണുവിനെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലിൽ രേണു കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അത്യാഗ്രഹമാണ് ഈ ക്രൂരമായ പ്രവർത്തിക്ക് പിന്നിലെന്ന് പ്രതി വ്യക്തമാക്കി. ‘ഭർത്താവിന് 6 കോടി രൂപയോളം വിലമതിക്കുന്ന നല്ല രീതിയിൽ നടക്കുന്ന ട്രാവൽ ഏജൻസി ബിസിനസ്സുണ്ട്. ഒപ്പം, തന്നെ മാത്രം നോമിനിയാക്കി എടുത്ത 2 കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസിയുമുണ്ട്. ഭർത്താവ് മരിച്ചാൽ ഈ സ്വത്തുക്കളെല്ലാം തനിക്ക് കിട്ടുമെന്ന് കരുതി. അത്യാഗ്രഹം കാരണമാണ് അവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഭക്ഷണത്തിൽ ഈയം ചേർത്ത് നൽകാൻ തുടങ്ങിയത്’ – രേണു മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.




