സിലിക്കൺ വാലിയിലെ പല വമ്പൻ കമ്പനികളുടെയും തുടക്കം ദീർഘദർശികളായ യുവാക്കളിൽ നിന്നാണെന്ന് കാണാം. ഇപ്പോഴിതാ അത്തരത്തിൽ മറ്റൊരാൾ കൂടി വാർത്തകളിൽ ഇടം പിടിക്കുകയാണ്. സിലിക്കൺ വാലിയിലെ പ്രമുഖ സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്രോഗ്രാമുകളിലൊന്നിൽ ഇടംനേടിയിരിക്കുകയാണ് 16 വയസ്സുള്ള ഹെൻറിജ്സ് ഡാൻഡ്സ്ബെർഗ്സ് എന്ന ലാത്വിയൻ കൗമാരക്കാരൻ. നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ പ്രവർത്തിക്കുന്ന മിസൈലുകൾ വികസിപ്പിക്കുകയാണ് ഈ യുവാവിന്റെ ലക്ഷ്യം.
കുറഞ്ഞ ചെലവിൽ നിർമിക്കാനും പോർട്ടബിൾ ലോഞ്ചറുകളിൽ നിന്ന് വിക്ഷേപിക്കാനും കഴിയുന്ന കൃത്യതയുള്ള മിസൈലുകൾ നിർമിക്കുകയെന്ന ലക്ഷ്യത്തോടെ ഡാൻഡ്സ്ബെർഗ്സ് ആരംഭിച്ച സ്റ്റാർട്ടപ്പാണ് പോളിമോസ് ഇൻഡസ്ട്രീസ് (Polemos Industries). 2026-ലെ ഫാൾ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പോളിമോസ് ഇൻഡസ്ട്രീസിന് വൈ കോമ്പിനേറ്ററിൽ (Y Combinator) നിന്ന് അഞ്ച് ലക്ഷം ഡോളറാണ് (ഏകദേശം 4.4 കോടി രൂപ) നിക്ഷേപമായി ലഭിച്ചത്.
എയർബിഎൻബി, റെഡ്ഡിറ്റ്, സ്ട്രൈപ്പ്, ഡോർഡാഷ് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് തുടക്കത്തിൽ പിന്തുണ നൽകിയ ആക്സിലറേറ്ററാണ് വൈ കോമ്പിനേറ്റർ. ഇത്രയും പ്രായം കുറഞ്ഞ സ്ഥാപകർക്ക് ഇവിടെ അവസരം കിട്ടുന്നത് അപൂർവമാണ്. വൈ കോമ്പിനേറ്ററിലെ ഏറ്റവും പ്രായം കുറഞ്ഞ ഒറ്റയ്ക്കുള്ള സ്ഥാപകനാണ് ഡാൻഡ്സ്ബെർഗ്സ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
കൂടുതൽ എളുപ്പത്തിൽ നിർമിക്കാവുന്ന ആയുധങ്ങൾ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. സാധാരണ യുദ്ധ ഡ്രോണുകളേക്കാൾ വലിയ പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതും ഇലക്ട്രോണിക് ജാമിങ് വഴി തടസ്സപ്പെടുത്താൻ പ്രയാസമുള്ളതുമായ സംവിധാനങ്ങൾ ഒരുക്കാനാണ് ശ്രമം.
യുക്രെയ്ൻ യുദ്ധമാണ് ഡാൻഡ്സ്ബെർഗ്സിൽ പ്രതിരോധ സാങ്കേതികവിദ്യയോടുള്ള താത്പര്യം വളർത്തിയത്. റഷ്യയുമായി അതിർത്തി പങ്കിടുന്ന ലാത്വിയയിലാണ് അദ്ദേഹം വളർന്നത്. സ്വന്തം രാജ്യത്തേക്കും യുദ്ധഭീഷണി ഉയരുന്നത് ഈ മേഖലയിലുള്ള താത്പര്യം കൂട്ടി. ഭാവിയിലെ യുദ്ധങ്ങളിൽ സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾക്ക് (Autonomous Weapons) വലിയ പങ്കുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ചെറുപ്പം മുതലേ എൻജിനിയറിങ്ങിലും സാങ്കേതികവിദ്യയിലും താത്പര്യമുണ്ടായിരുന്നു. റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, എയ്റോസ്പേസ് എന്നിവയിൽ വർഷങ്ങളോളം പരീക്ഷണങ്ങൾ നടത്തി. റോബോട്ടിക് കൈയും സ്വയം പറക്കുന്ന ഡ്രോണും ഇതിൽപ്പെടുന്നു. സാങ്കേതിക മികവ് പരീക്ഷിക്കാൻ വിവിധ ഹാക്കത്തോണുകളിലും പങ്കെടുത്തു.
ലണ്ടനിൽ നടന്ന ഒരു മത്സരം നിർണായകമായി. ഏപ്രിലിൽ നടന്ന മത്സരത്തിൽ ഡാൻഡ്സ്ബെർഗ്സും മറ്റ് രണ്ട് ഡെവലപ്പർമാരും ചേർന്ന് സാധാരണ ഭാഷയിലെ നിർദേശങ്ങൾ ഉപയോഗിച്ച് ഹാർഡ്വേർ സർക്യൂട്ട് ബോർഡുകൾ രൂപകൽപ്പന ചെയ്യുന്ന എ.ഐ. ഉപകരണം വികസിപ്പിച്ചു. ശ്രദ്ധ നേടിയ ഈ പ്രോട്ടോടൈപ്പ് മത്സരത്തിൽ വിജയിക്കുകയും ചെയ്തു.
ഇതോടെ വൈ കോമ്പിനേറ്റർ പ്രോഗ്രാമിൽ ചേരാനുള്ള അവസരവും ടീമിന് ലഭിച്ചു. എന്നാൽ കമ്പനി ഭാവിയിൽ ഏത് ദിശയിലാണ് പോകേണ്ടതെന്ന കാര്യത്തിൽ ഡാൻഡ്സ്ബെർഗ്സും മറ്റ് ഡെവലപ്പർമാരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. ഹാർഡ്വേർ ഡിസൈൻ ആശയവുമായി മുന്നോട്ടുപോകാനായിരുന്നു മറ്റുള്ളവർക്ക് താത്പര്യം. എന്നാൽ പ്രതിരോധ സാങ്കേതികവിദ്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഡാൻഡ്സ്ബെർഗ്സിന്റെ ആഗ്രഹം. ഒടുവിൽ ഒറ്റയ്ക്ക് മുന്നോട്ടുപോകാൻ തീരുമാനിച്ച അദ്ദേഹം പോളിമോസ് ഇൻഡസ്ട്രീസ് സ്ഥാപിച്ച് വൈ കോമ്പിനേറ്ററിലേക്ക് വീണ്ടും അപേക്ഷിക്കുകയായിരുന്നു.




