വാർഷിക ഫുൾ-ബോഡി ഹെൽത്ത് പാക്കേജുകൾ നിങ്ങളെ രോഗവിമുക്തരായി നിലനിർത്താൻ പര്യാപ്തമാണെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റിയിരിക്കാം. ഈ പരിശോധനകൾ ആരോഗ്യപരമായ പ്രധാന വിവരങ്ങൾ നൽകുന്നുണ്ടെങ്കിലും, നിർണായകമായ കാൻസർ പരിശോധനകൾ പലപ്പോഴും ഇതിൽ ഉൾപ്പെടാറില്ല. രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനം തുടങ്ങിയവ നിരീക്ഷിക്കുന്നതിനുള്ള സാധാരണ രക്തപരിശോധനകൾ, മൂത്ര-മല പരിശോധനകൾ, അല്ലെങ്കിൽ വയറിലെ അൾട്രാസൗണ്ട് എന്നിവയിലാണ് ഇത്തരം പാക്കേജുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പ്രത്യേക കാൻസറുകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താൻ ഇവയ്ക്ക് സാധിക്കണമെന്നില്ല. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാൻസർ സർജൻ ഡോ. അർജുൻ ശങ്കരൻ, സ്ത്രീകളും പുരുഷന്മാരും നിർബന്ധമായും ചെയ്തിരിക്കേണ്ട പരിശോധനകളുടെ പട്ടിക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
“നിങ്ങളുടെ ഫുൾ ബോഡി ചെക്കപ്പിൽ ഇവയൊക്കെ വിട്ടുപോയേക്കാം. പ്രായത്തിനനുസരിച്ച് നിങ്ങൾക്ക് യഥാർത്ഥത്തിൽ ആവശ്യമായ കാൻസർ പരിശോധനകൾ,” അദ്ദേഹം പോസ്റ്റിൽ കുറിച്ചു. ഫലപ്രദമായ കാൻസർ സ്ക്രീനിംഗിന് പ്രായം, ലിംഗഭേദം, അപകടസാധ്യതകൾ എന്നിവയ്ക്കനുസരിച്ചുള്ള കൃത്യമായ പരിശോധനകൾ ആവശ്യമാണ്.
40 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഒന്നോ രണ്ടോ വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യാൻ ഡോ. ശങ്കരൻ നിർദ്ദേശിക്കുന്നു. കുടുംബത്തിൽ ആർക്കെങ്കിലും സ്തനാർബുദത്തിന്റെ ചരിത്രമുണ്ടെങ്കിൽ, ഉചിതമായ നടപടികൾക്കായി ഒരു ഓങ്കോളജിസ്റ്റുമായി സംസാരിക്കേണ്ടത് പ്രധാനമാണ്.
20 വയസ്സിന് മുകളിലുള്ള സ്ത്രീകൾ സെർവിക്കൽ കാൻസർ പരിശോധിക്കുന്നതിനായി മൂന്ന് വർഷത്തിലൊരിക്കൽ പാപ് സ്മിയർ (Pap smear) പരിശോധന നടത്തണം. 30 വയസ്സിന് ശേഷം, കൂടുതൽ സമഗ്രമായ പരിശോധനയ്ക്കായി അഞ്ച് വർഷത്തിലൊരിക്കൽ പാപ് സ്മിയറിനൊപ്പം എച്ച്.പി.വി (HPV) പരിശോധനയും സംയോജിപ്പിക്കാൻ നിർദ്ദേശിക്കുന്നു. കാൻസറിന് മുമ്പുള്ള കോശവ്യതിയാനങ്ങളോ ഉയർന്ന അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസോ (HPV) കണ്ടെത്താനാണ് ഈ പരിശോധനകൾ. എച്ച്.പി.വി വാക്സിൻ എടുത്തതിന് ശേഷവും ഈ സ്ക്രീനിംഗ് പ്രധാനമാണെന്ന കാര്യം ശ്രദ്ധിക്കുക.
അണ്ഡാശയ കാൻസറിന് (ovarian cancer) പ്രത്യേക പരിശോധനകളൊന്നുമില്ല. എന്നിരുന്നാലും, വിട്ടുമാറാത്ത വയറുവീർക്കൽ, വിശപ്പിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം, വയറുവേദന, ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നതിന്റെ സൂചനകളാകാം ഇവ.
50 വയസ്സിന് മുകളിലുള്ള പുകവലിക്കാർക്ക് ശ്വാസകോശാർബുദം കണ്ടെത്തുന്നതിനായി വർഷം തോറും ലോ-ഡോസ് സി.ടി സ്കാൻ (low-dose CT scan) നടത്താൻ ഡോ. ശങ്കരൻ നിർദ്ദേശിക്കുന്നു. നിങ്ങൾ പുകവലിക്കുന്ന ആളാണെങ്കിൽ, ഈ പരിശോധനയ്ക്ക് മുമ്പ് ഡോക്ടറുമായി സംസാരിക്കേണ്ടത് അത്യാവശ്യമാണ്.
50 വയസ്സിന് മുകളിലുള്ള പുരുഷന്മാർ 60 വയസ്സ് വരെ രണ്ട് വർഷത്തിലൊരിക്കൽ പി.എസ്.എ (PSA – Prostate-Specific Antigen) പരിശോധന നടത്താൻ അദ്ദേഹം ശുപാർശ ചെയ്യുന്നു. വ്യക്തിഗത ആരോഗ്യ ഘടകങ്ങളെ അടിസ്ഥാനമാക്കി സ്ക്രീനിംഗ് മാർഗ്ഗനിർദ്ദേശങ്ങളിൽ മാറ്റം വരാം എന്നതിനാൽ, പ്രത്യേകിച്ച് കുടുംബചരിത്രമോ ഉയർന്ന അപകടസാധ്യതയോ ഉണ്ടെങ്കിൽ, അനുയോജ്യമായ പരിശോധനകളെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കുന്നതാണ് ഉചിതം.
ഡോ. ശങ്കരൻ പറയുന്നതനുസരിച്ച്, 45 വയസ്സ് മുതൽ വൻകുടലിലെ കാൻസർ പരിശോധന (colorectal screening) ആരംഭിക്കണം. മറഞ്ഞിരിക്കുന്ന രക്തം കണ്ടെത്തുന്നതിനായി വർഷത്തിലൊരിക്കൽ മലപരിശോധന നടത്തണം. പരിശോധനാഫലത്തിൽ അസ്വാഭാവികതയോ കുടുംബത്തിൽ രോഗചരിത്രമോ ഉണ്ടെങ്കിൽ കൊളോനോസ്കോപ്പി ആവശ്യമായി വന്നേക്കാം.
പുകയില ചവയ്ക്കുന്നതും പുകവലിക്കുന്നതും വായിലെയും തൊണ്ടയിലെയും കാൻസറിനുള്ള പ്രധാന കാരണങ്ങളാണ്. രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ഉണങ്ങാത്ത വായ്പുണ്ണ്, വെളുത്തതോ ചുവന്നതോ ആയ പാടുകൾ, കാരണമില്ലാത്ത മുഴകൾ, അല്ലെങ്കിൽ ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടെങ്കിൽ ഉടൻ തന്നെ പരിശോധന നടത്തണം.
“ട്യൂമർ മാർക്കറുകൾ കൃത്യമായ കാൻസർ പരിശോധനകളല്ല; തെറ്റായ ഫലങ്ങൾ കാരണം അവ അനാവശ്യ ഉത്കണ്ഠയ്ക്ക് കാരണമായേക്കാം. ഡോക്ടർ പ്രത്യേകമായി നിർദ്ദേശിച്ചാൽ മാത്രമേ ഈ പരിശോധനകൾ നടത്താവൂ,” ഡോ. ശങ്കരൻ വ്യക്തമാക്കുന്നു. ഈ പരിശോധനകൾ ഏതെങ്കിലും അസ്വാഭാവികത നേരത്തെ കണ്ടെത്താൻ സഹായിക്കുമെങ്കിലും, കുടുംബചരിത്രം, ജനിതക ഘടകങ്ങൾ, വ്യക്തിഗത ആരോഗ്യം എന്നിവയനുസരിച്ച് പരിശോധന തുടങ്ങേണ്ട സമയത്തിലും ഇടവേളകളിലും മാറ്റങ്ങൾ വരാം എന്നതും പ്രധാനമാണ്.




