Oddly News

ഭാര്യയെതേടി വീട്ടിലെത്തിയപ്പോൾ യുവാവ് കണ്ടത് മറ്റൊരു ഭര്‍ത്താവിനെ! യുവതി മുങ്ങി, മാതാപിതാക്കളായി അഭിനയിച്ചത് ‘ഡ്യൂപ്ലിക്കേറ്റ്സ്’

കല്യാണം കഴിക്കുക, സ്വർണവും പണവുമായി മുങ്ങുക. കല്യാണത്തട്ടിപ്പ് പതിവാക്കിയ യുവതി ഒടുവിൽ പിടിയ്ക്കപ്പെട്ടു . തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിൽ നിന്നാണ് ഈ തട്ടിപ്പ് വാർത്ത പുറത്തുവരുന്നത്. രണ്ടുമാസത്തിനുള്ളിൽ രണ്ട് കല്യാണം കഴിച്ച കോവിൽപട്ടി സ്വദേശിനി കാർത്തികയ്ക്കെതിരെ രണ്ട് ഭർത്താക്കന്മാരും പൊലീസിൽ പരാതി നൽകി. വിവാഹശേഷം സ്വർണവും പണവുമായി മുങ്ങുകയായിരുന്നു ഇവരുടെ രീതി.

കല്യാണത്തിന് സ്വർണം വാങ്ങുകയും പിന്നീട് ഭർതൃവീട്ടുകാരിൽ നിന്ന് പണം വാങ്ങി മുങ്ങുകയും ചെയ്യുകയായിരുന്നു കാർത്തികയുടെ പതിവ്. ഭാര്യയെ തേടി വീട്ടിലെത്തിയപ്പോഴാണ് രണ്ട് യുവാക്കളും തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം അറിഞ്ഞത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇതാണ്: സെപ്റ്റംബർ 13-നാണ് തഞ്ചാവൂർ ജില്ലയിലെ ഉപ്പുന്ദർപട്ടി സ്വദേശിയായ സിദ്ധാർഥൻ കാർത്തികയെ വിവാഹം കഴിച്ചത്. വിവാഹ ഇടനിലക്കാരൻ വഴിയായിരുന്നു ആലോചന. കാർത്തികയ്ക്ക് മൂന്ന് പവൻ സ്വർണവും ഇടനിലക്കാരന് കമ്മിഷനായി മൂന്ന് ലക്ഷം രൂപയും സിദ്ധാർഥന്റെ കുടുംബം നൽകി. കല്യാണച്ചടങ്ങുകൾക്കായി ഏകദേശം 15 ലക്ഷം രൂപയും ചെലവഴിച്ചു.

എന്നാൽ കല്യാണം കഴിഞ്ഞ് വെറും രണ്ട് ദിവസത്തിനുശേഷം അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് കാർത്തിക സ്വന്തം വീട്ടിലേക്ക് പോയി. ആശുപത്രിച്ചെലവിനായി സിദ്ധാർഥൻ പണവും നൽകിയാണ് അവരെ വിട്ടത്. ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനാൽ സിദ്ധാർഥൻ ഫോണിൽ വിളിച്ചു. വിളിക്കുമ്പോഴെല്ലാം ആശുപത്രിയിലാണെന്നോ അമ്മയ്‌ക്കൊപ്പമാണെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറി. വിവാഹശേഷമുള്ള ആദ്യ ദീപാവലി നാളിലെങ്കിലും തിരിച്ചെത്തുമെന്ന് സിദ്ധാർഥൻ കരുതിയെങ്കിലും അതുണ്ടായില്ല.

ഒടുവിൽ ബന്ധുക്കൾക്കൊപ്പം കാർത്തികയെ തേടി സിദ്ധാർഥൻ അവരുടെ നാട്ടിലെത്തി. അവിടെവച്ച് കാർത്തിക മാതാപിതാക്കളെന്ന് പരിചയപ്പെടുത്തിയ മുനിശ്വരിയെയും മാരിയപ്പനെയും കണ്ടു. മുത്തശ്ശിയെ നോക്കാൻ മധുരയിലേക്ക് പോയിരിക്കുകയാണെന്ന് അവർ പറഞ്ഞു.

അപ്പോഴാണ് കാർത്തികയെ അന്വേഷിച്ച് മറ്റൊരു യുവാവും അവിടെയെത്തിയത്. നാമക്കൽ സ്വദേശിയായ രഞ്ജിത് കുമാറായിരുന്നു അത്. കാർത്തികയുമായുള്ള ബന്ധത്തെക്കുറിച്ച് സിദ്ധാർഥന്റെ വീട്ടുകാർ ചോദിച്ചപ്പോഴാണ് മറ്റൊരു വിവാഹത്തിന്റെ കാര്യം പുറത്തായത്. നവംബർ ഒന്നിന് താൻ കാർത്തികയെ കല്യാണം കഴിച്ചിരുന്നുവെന്ന് രഞ്ജിത് വെളിപ്പെടുത്തി.

കാർത്തികയെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് മുനിശ്വരിയും മാരിയപ്പനും പറഞ്ഞതോടെ യുവാക്കൾ പൊലീസിൽ പോകാൻ തീരുമാനിച്ചു. ഇതിനിടെ മുനിശ്വരി ഫോണിൽ വിഡിയോ എടുക്കാൻ തുടങ്ങുകയും തന്നെ ആക്രമിക്കാൻ വെല്ലുവിളിക്കുകയും ചെയ്തതോടെ വാക്കേറ്റം കൂടി. നാമക്കലിൽ നിന്നുള്ളവർ വീട്ടിൽ കയറി ആക്രമിക്കുകയാണെന്ന് ആരോപിച്ച് അവർ പൊലീസിന്റെ 100 എന്ന അടിയന്തര നമ്പറിൽ വിളിച്ചു.

പൊലീസ് എത്തി ചോദ്യം ചെയ്തതോടെയാണ് കേസിൽ പുതിയ വഴിത്തിരിവുണ്ടായത്. താൻ കാർത്തികയുടെ അച്ഛനല്ലെന്നും വിവാഹ ഇടനിലക്കാരനാണെന്നും മാരിയപ്പൻ സമ്മതിച്ചു. കാർത്തിക തന്റെ സഹോദരിയുടെ മകളാണെന്നാണ് മുനിശ്വരി പറഞ്ഞത്. തട്ടിപ്പ് നടത്താൻ ഇരുവരും മാതാപിതാക്കളായി അഭിനയിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം.

സിദ്ധാർഥന്റെയും രഞ്ജിത് കുമാറിന്റെയും പരാതികളിൽ കാർത്തിക, മുനിശ്വരി, മാരിയപ്പൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മധുര സ്വദേശിയായ മറ്റൊരാളുമായും കാർത്തികയ്ക്ക് വിവാഹാലോചന നടന്നിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന യുവാക്കളെ കാർത്തിക കോവിൽപട്ടിയിലെ ഒരു ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു പതിവ്. അമ്മയ്ക്ക് ഗുരുതരമായ അസുഖമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കല്യാണം വേഗത്തിൽ നടത്താൻ ആവശ്യപ്പെട്ടിരുന്നത്. ഇങ്ങനെ എത്രപേർ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. മാരിയപ്പനും മുനിശ്വരിക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. കാർത്തിക ഇപ്പോഴും ഒളിവിലാണ്.