എട്ട് തവണ ഗർഭഛിദ്രം ഉണ്ടായിട്ടും വീണ്ടും ഗർഭിണിയാകാൻ ഭർത്താവിന്റെ നിർബന്ധത്താൽ ആശുപത്രിയിലെത്തിയ 25കാരിയെപ്പറ്റി ഡോക്ടര് പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മൂന്ന് മക്കളുള്ള യുവതിയോട് നാലാമതൊരു കുഞ്ഞുകൂടി വേണമെന്ന് പറഞ്ഞ് ഓട്ടോ ഡ്രൈവറായ ഭർത്താവാണ് ഡോക്ടറെ കാണാൻ പറഞ്ഞയച്ചത്.
യുവതിയോട് ഇത് ഒൻപതാമത്തെ ഗർഭധാരണമാണോ എന്ന് ഡോക്ടർ ചോദിക്കുന്നുണ്ട്. എട്ട് തവണ ഗർഭം അലസിയിട്ടും വീണ്ടും ഗർഭിണിയാകാൻ ശ്രമിക്കുന്നതെന്താണെന്ന ചോദ്യത്തിന്, ഇപ്പോഴുള്ള കുട്ടികൾ വലുതായെന്നും തനിക്ക് വീണ്ടും ഒരു കുഞ്ഞിനെ വേണമെന്നും ഭർത്താവ് പറഞ്ഞെന്നാണ് യുവതി മറുപടി പറയുന്നത്.
ഇതുകേട്ട് സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഒരു ചിന്തയുമില്ലേയെന്ന് ഡോക്ടർ ചോദിക്കുന്നു. തുടർച്ചയായി ഗർഭം അലസിയതുകൊണ്ട് യുവതിക്ക് കടുത്ത വിഷാദവും മാനസിക പിരിമുറുക്കവും ഉണ്ടായതായും വിഡിയോയിൽ കാണാം. പ്രായം ചോദിച്ചപ്പോൾ ആദ്യം അറിയില്ലെന്നായിരുന്നു മറുപടി. പിന്നീട് ചോദിച്ചപ്പോഴാണ് തനിക്ക് 25 വയസാണെന്ന് യുവതി പറഞ്ഞത്. ആൺകുട്ടികൾ ഇല്ലാത്തതുകൊണ്ടാണോ വീണ്ടും ഗർഭിണിയാകാൻ ശ്രമിക്കുന്നതെന്നും ഡോക്ടർ ചോദിക്കുന്നുണ്ട്. എന്നാൽ, മക്കൾ വളർന്നെന്നും തനിക്ക് വീണ്ടും ഒരു കുഞ്ഞുകൂടി വേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടതായാണ് യുവതി വീണ്ടും പറയുന്നത്.
തുടർന്ന് ഭർത്താവിനെയും ഒപ്പം കൂട്ടിക്കൊണ്ടുവരാൻ ഡോക്ടർ ആവശ്യപ്പെട്ടു. ഭർത്താവിനെ നേരിട്ട് കാണാതെ ചികിത്സ തുടരാൻ കഴിയില്ലെന്നും ഡോക്ടർ വ്യക്തമാക്കി.
ആൺകുട്ടിക്കുവേണ്ടി പല ദമ്പതിമാരും വീണ്ടും ഗർഭധാരണത്തിന് ശ്രമിക്കുന്നത് വാർത്തകളിൽ വരാറുണ്ട്. എന്നാൽ, ഈ യുവതിക്ക് രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമടക്കം മൂന്ന് മക്കളുണ്ട്. തുടർച്ചയായ ഗർഭഛിദ്രങ്ങൾ സ്ത്രീയുടെ ശരീരത്തെയും മനസ്സിനെയും വലിയ രീതിയിൽ ബാധിക്കാം.




