വീടിന്റെ നടുവിലായി തറയിൽ നിന്ന് ഉയർന്നുനിൽക്കുന്ന ഒരു ഹാൻഡ് പമ്പ്. പമ്പ് അടിച്ചാൽ വെള്ളത്തിന് പകരം ഒഴുകിയെത്തുന്നത് വ്യാജമദ്യം! ഏതൊരു മദ്യപാനിയുടെയും സ്വപ്നമെന്ന് പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ, സംഭവം തികച്ചും യാഥാർത്ഥ്യമാണ്. ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്നാണ് കൗതുകമുണർത്തുന്ന ഈ വാർത്ത പുറത്തുവരുന്നത്.
പ്രദേശത്ത് അനധികൃതമായി മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്. വീട് മുഴുവൻ അരിച്ചുപെറുക്കിയിട്ടും മദ്യത്തിന്റെ ഒരു തുള്ളി പോലും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. എന്നാൽ, വീടിനുള്ളിലെ നിലത്ത് അസാധാരണമായി സ്ഥാപിച്ചിരുന്ന ഒരു ഹാൻഡ് പമ്പ് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നി പമ്പ് പ്രവർത്തിപ്പിച്ചു നോക്കിയ ഉദ്യോഗസ്ഥർ അക്ഷരാർത്ഥത്തിൽ ഞെട്ടി; പൈപ്പിലൂടെ പുറത്തുവന്നത് വെള്ളത്തിന് പകരം വ്യാജമദ്യമായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ തറയ്ക്കടിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന ആയിരം ലിറ്ററിന്റെ ടാങ്കും അതിൽ നിറച്ചുവെച്ചിരുന്ന മദ്യവും പോലീസ് കണ്ടെത്തി.
തുടർന്നുനടന്ന തിരച്ചിലിൽ മറ്റൊരു പാത്രത്തിൽ സൂക്ഷിച്ചിരുന്ന 30 ലിറ്റർ മദ്യം കൂടി പോലീസ് പിടിച്ചെടുത്തു. ടാങ്കിലും പാത്രത്തിലുമായി ഉണ്ടായിരുന്ന മുഴുവൻ മദ്യവും ഉദ്യോഗസ്ഥർ നശിപ്പിച്ചു. സംഭവത്തിൽ വീട്ടുടമസ്ഥയായ മുപ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ തുടർനിയമനടപടികൾ പുരോഗമിക്കുകയാണ്.
ഉത്തർപ്രദേശിൽ വ്യാജമദ്യമോ വിഷാംശം കലർന്ന മദ്യമോ കൈവശം വയ്ക്കുന്നതും വിൽപന നടത്തുന്നതും യു.പി. എക്സൈസ് ആക്ട് (സെക്ഷൻ 60, 60-A) പ്രകാരം ജാമ്യമില്ലാ കുറ്റവും കടുത്ത ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റകൃത്യമാണ്.




