Featured Good News

9 കോടിയുടെ മരുന്ന് വെറും 2.5 ലക്ഷത്തിന്! ഏഴ്‌ കുഞ്ഞുങ്ങള്‍ക്ക്‌ ജീവന്റെ ദേവതയായി ഡോ. ശിവരഞ്‌ജിനി

ഹൈദരാബാദ്: ശാരീരികവും മാനസികവുമായ വളർച്ചയെ ബാധിക്കുന്ന അത്യപൂർവ രോഗമായ ‘അലൻ ഹെംഡൺ ഡൂഡ്‌ലി സിൻഡ്രോം’ (എ.എച്ച്.ഡി.എസ്) ബാധിച്ച ഏഴ് കുട്ടികളുടെ ചികിത്സയ്ക്കായി കൈകോർത്ത് വനിതാ ഡോക്ടറും സഹപ്രവർത്തകരും. അമേരിക്കയിൽ ഏകദേശം ഒൻപത് കോടി രൂപ വിലവരുന്ന ജീവൻരക്ഷാ മരുന്നാണ് ശിശുരോഗവിദഗ്ധ ഡോ. ശിവരഞ്ജിനി സന്തോഷിന്റെ നേതൃത്വത്തിൽ പണം സമാഹരിച്ച്, ഒരു കുട്ടിക്ക് പ്രതിവർഷം പരമാവധി 2.5 ലക്ഷം രൂപ മാത്രം ചെലവ് വരുന്ന രീതിയിൽ ലഭ്യമാക്കിയത്.

രോഗികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ‘ആക്സസ് ടു മെഡിസിൻസ് ഇന്ത്യ’, ‘ഓർഗനൈസേഷൻ ഫോർ റെയർ ഡിസീസസ് ഇന്ത്യ’, നെതർലാൻഡ്‌സ് ആസ്ഥാനമായ ‘ഫാർമസ്യൂട്ടിക്കൽ അക്കൗണ്ടബിലിറ്റി ഫൗണ്ടേഷൻ’ (പി.എ.എഫ്) എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് കുറഞ്ഞ നിരക്കിൽ മരുന്ന് എത്തിക്കാൻ ഡോ. ശിവരഞ്ജിനി വഴിയൊരുക്കിയത്. സ്വീഡൻ ആസ്ഥാനമായി അപൂർവരോഗങ്ങൾക്കുള്ള മരുന്നുകൾ നിർമ്മിക്കുന്ന ‘എജെറ്റിസ് തെറാപ്യൂട്ടിക്സ് എ.ബി.’ എന്ന കമ്പനിക്കാണ് ‘എംസിറ്റേറ്റ്’ എന്ന പേരിൽ അറിയപ്പെടുന്ന ടിറാട്രിക്കോൾ മരുന്നിന്റെ പേറ്റന്റ് അവകാശം. നിലവിൽ എ.എച്ച്.ഡി.എസിന് ഇന്ത്യയിൽ ചികിത്സ ലഭ്യമല്ല. ഭീമമായ ഇറക്കുമതിച്ചെലവ് കാരണം സാധാരണക്കാരായ രോഗികൾക്ക് ഈ മരുന്ന് വാങ്ങാനും സാധിക്കില്ല.

ഹൈദരാബാദിലെ മെക്കാനിക്കൽ എൻജിനീയറായ സുരേന്ദ്രകുമാറിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് ഈ രോഗം ബാധിച്ചവരിൽ ഒരാൾ. കുഞ്ഞിന് നോട്ടം ഉറപ്പിക്കാനോ ശബ്ദങ്ങളോട് പ്രതികരിക്കാനോ കഴിയാത്തതിൽ സംശയം തോന്നിയപ്പോഴാണ് മാതാപിതാക്കൾ ചികിത്സ തേടിയത്. 2025 മാർച്ചിൽ സാധാരണ രക്തപരിശോധനയോടെ തുടങ്ങിയ രോഗനിർണയം എം.ആർ.ഐ. സ്കാനിങ്ങിലേക്കും ജനിതകപരിശോധനകളിലേക്കും നീണ്ടു. ഞരമ്പുകൾക്ക് ചുറ്റുമുള്ള ആവരണത്തിന്റെ ബലഹീനത വ്യക്തമാക്കുന്ന ‘മൈൽഡ് ഡീമയലിനേഷൻ’ എന്ന അവസ്ഥയാണ് എം.ആർ.ഐ. പരിശോധനയിൽ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ ജനിതകപരിശോധനയിലാണ് അത്യപൂർവ രോഗമായ എ.എച്ച്.ഡി.എസ്. സ്ഥിരീകരിച്ചത്. കാരുണ്യപരിഗണനയുടെ അടിസ്ഥാനത്തിൽ എംസിറ്റേറ്റ് മരുന്ന് നൽകുന്ന രാജ്യത്തെ ഏക ആശുപത്രി മുംബൈയിലാണെന്ന് അറിഞ്ഞ് കുട്ടിയുടെ പിതാവ് പണം സ്വരൂപിച്ചു. എന്നാൽ, അപ്പോഴേക്കും മരുന്ന് വിതരണം അപ്രതീക്ഷിതമായി നിലച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രതിവർഷം 5.5 ലക്ഷം രൂപ മാത്രം വരുമാനമുള്ള സുരേന്ദ്രകുമാറിന്, പ്രതിമാസം 10 ലക്ഷം രൂപ ചെലവുവരുന്ന മരുന്നാണ് വാങ്ങേണ്ടിയിരുന്നത്.

സമാനമായ രോഗാവസ്ഥയിലുള്ള ആറ് കുട്ടികളെക്കൂടി ഡോ. ശിവരഞ്ജിനിയും സംഘവും കണ്ടെത്തി. ഇതിൽ ഒരു രക്ഷിതാവ് നേരിട്ട് ഹൈദരാബാദിലെ ഡോക്ടറുടെ ക്ലിനിക്കിൽ എത്തുകയായിരുന്നു. വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നാണ് മറ്റ് അഞ്ച് കുട്ടികളെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ഡോ. ശിവരഞ്ജിനി ഈ കുട്ടികളുടെ ചികിത്സയ്ക്കായി സോഷ്യൽ മീഡിയയിലൂടെ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു.