ദോഹ: ക്യാപ്റ്റൻ തിലക് വർമ സെഞ്ചറി നേടിയെങ്കിലും റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തോൽവി. 48 റൺസിനാണ് പാക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. പാക്കിസ്ഥാൻ മുന്നോട്ടുവച്ച 314 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 49.1 ഓവറിൽ 265 റൺസിന് ഓൾഔട്ടായി. 149 പന്തുകൾ നേരിട്ടാണ് തിലക് 100 റൺസെടുത്തത്. അഭിഷേക് ശർമ (42 പന്തിൽ 70), ഷഹബാസ് അഹമ്മദ് (49 പന്തിൽ 56) എന്നിവരും ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തി. റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലെ തിലക് വര്‍മ്മയുടെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ചറിയാണിത്.
26 റൺസെടുക്കുന്നതിനിടെ ഓപ്പണർ വൈഭവ് സൂര്യവംശി (11), ആയുഷ് ബദോനി (പൂജ്യം) എന്നിവരെ നഷ്ടമായതോടെ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. അഭിഷേക് ശർമയെ ആക്രമിച്ചു കളിക്കാൻ അനുവദിച്ച് പ്രതിരോധത്തിലൂന്നിയായിരുന്നു ക്യാപ്റ്റൻ തിലക് വർമയുടെ തുടക്കം. സ്കോർ 93ൽ നിൽക്കെ അഭിഷേക് ശർമയെ ഹസൻ നവാസ് അബ്ദുൽ സമദിന്റെ കൈകളിലെത്തിച്ചു. തുടർന്ന് റിങ്കു സിങ് (ആറ്), സുര്യാൻഷ് ഷെഡ്ഗെ (മൂന്ന്) എന്നിവരെ കൂടി പുറത്താക്കി ഹസൻ നവാസ് ഇന്ത്യയെ സമ്മർദത്തിലാക്കി. രണ്ടു റൺസെടുത്ത കുമാർ കുശാഗ്രയും നിരാശപ്പെടുത്തി.
മത്സരത്തിന്റെ ആദ്യ ഓവറുകളില്‍ ഒരു വശത്ത് അഭിഷേക് ശർമ തകര്‍ത്തടിക്കുമ്പോള്‍ തട്ടിമുട്ടി കളിച്ച തിലക് വർമ ആരാധകരെ അമ്പരപ്പിച്ചു. 95 പന്തുകളിൽനിന്നാണ് തിലക് അർധ സെഞ്ചറി തികച്ചത്. പിന്നീട് ഷഹബാസ് അഹമ്മദ് ഒത്തുചേർന്നതോടെ ഇന്ത്യൻ സ്കോർ 200 കടന്നു. ബൗണ്ടറികളുമായി കളംനിറഞ്ഞ ഷഹബാസ് തിലകിനൊപ്പം ചേർന്ന് 112 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
എന്നാൽ സ്കോർ 241ൽ എത്തിയപ്പോൾ ഷഹബാസിനെ അലി റാസ പുറത്താക്കി. പിന്നാലെ എത്തിയ വിപ്രജ് നിഗം അലി റാസയുടെ ആദ്യ പന്തിൽ തന്നെ പുറത്തായി. വന്നയുടൻ ബൗണ്ടറിക്ക് ശ്രമിച്ച ഓൾറൗണ്ടർ ഹർഷിത് റാണയും റണ്ണൊന്നുമെടുക്കാതെ മടങ്ങിയതോടെ വിജയഭാരം തിലക് വർമയുടെ ചുമലിലായി. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ അവസാന നാലോവറുകളിൽ ഇന്ത്യയ്ക്ക് ജയിക്കാൻ 57 റൺസ് വേണമായിരുന്നു. അവസാന ഓവറുകളിൽ തിലക് സെഞ്ചറി പൂർത്തിയാക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പാക്കിസ്ഥാനായി അലി റാസയും ഹസൻ നവാസും മൂന്നു വിക്കറ്റുകൾ വീതം നേടി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ 313 റൺസിന് പുറത്തായി. ഹസൻ നവാസ്, മാസ് സദാഖത്ത്, ഫർഹാൻ യൂസഫ് എന്നിവർ അർധ സെഞ്ചറികളുമായി തിളങ്ങി. 82 പന്തുകളിൽനിന്ന് 79 റൺസെടുത്ത ഹസൻ നവാസാണ് ടോപ് സ്കോറർ. 63 പന്തുകൾ നേരിട്ട മാസ് സദാഖത്ത് 59 റൺസും, മധ്യനിരയിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത ഫർഹാൻ യൂസഫ് 48 പന്തിൽ 56 റൺസും നേടി.
ഷമിൽ ഹുസെയ്ൻ (23 പന്തിൽ 33), അബ്ദുൽ സമദ് (35 പന്തിൽ 28), മുഹമ്മദ് ഇമ്രാൻ (14 പന്തിൽ 23) എന്നിവരാണ് പാക്കിസ്ഥാൻ നിരയിലെ മറ്റു പ്രധാന സ്കോറർമാർ. ഓപ്പണർമാരായ ഷമിൽ ഹുസെയ്നും മാസ് സദാഖത്തും ചേർന്ന് ഒന്നാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കം നൽകി. ഷമിൽ ഹുസെയ്നെ ഹർഷിത് റാണയുടെ കൈകളിലെത്തിച്ച് ആയുഷ് ബദോനിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. മൂന്നു പന്തുകൾ നേരിട്ട റൊഹെയ്ൽ നസീറിനെ ഹർഷിത് റാണ വിക്കറ്റിന് മുന്നിൽ കുടുക്കി. എങ്കിലും സദാഖത്തും ഹസൻ നവാസും ചേർന്ന് പാക്കിസ്ഥാൻ സ്കോർ 100 കടത്തി.
മാസ് സദാഖത്തിനെയും ഹസൻ നവാസിനെയും ഇന്ത്യൻ സ്പിന്നർ സുര്യാൻഷ് ഷെഡ്ഗെയാണ് പുറത്താക്കിയത്. ക്യാപ്റ്റൻ അബ്ദുൽ സമദ് റണ്ണൗട്ടായി. മധ്യനിര ബാറ്റർമാർ മികച്ച പിന്തുണ നൽകിയതോടെയാണ് പാക്കിസ്ഥാൻ മികച്ച സ്കോറിലേക്ക് എത്തിയത്. ഇന്ത്യയ്ക്കുവേണ്ടി ഹർഷിത് റാണ, പ്രിൻസ് യാദവ്, സുര്യാൻഷ് ഷെഡ്ഗെ, വിപ്രജ് നിഗം എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ ആയുഷ് ബദോനി ഒരു വിക്കറ്റ് നേടി.




