മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറാ തെൻഡുൽക്കറുടെ വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പുതിയ ചർച്ചകൾ സജീവമാകുന്നു. ബോളിവുഡ് നടൻ സണ്ണി ഡിയോളിന്റെ മകനും യുവനടനുമായ രാജ്വീർ ഡിയോളും സാറയും വിവാഹിതരാകാൻ പോകുന്നു എന്നാണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ. ഇരുവരും പ്രണയത്തിലാണെന്നും 2027ൽ വിവാഹമുണ്ടാകുമെന്നുമുള്ള അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇതോടെ സാറയുടെയും രാജ്വീറിന്റെയും ബന്ധത്തെക്കുറിച്ച് ആരാധകർക്കിടയിലും ചർച്ചകൾ ചൂടുപിടിച്ചു.
എക്സിലും റെഡ്ഡിറ്റിലും പ്രത്യക്ഷപ്പെട്ട ചില പോസ്റ്റുകളാണ് ഈ അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. സാറയ്ക്ക് രാജ്വീർ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നുണ്ടെന്ന അവകാശവാദങ്ങളും ചില പോസ്റ്റുകളിലുണ്ട്. കൂടാതെ സാറയുടെ സഹോദരന്റെ ഭാര്യ സാനിയ ചന്ദോക്കിന്റെ പേരിലുള്ള ഒരു കമന്റും ഈ ചർച്ചകളുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നുണ്ട്.
ഇരുവരുടെയും വിവാഹം 2027ൽ നടക്കുമെന്നാണ് ചില പോസ്റ്റുകളിൽ പറയുന്നത്. ഈ പ്രചാരണങ്ങൾ ശക്തമായതോടെ പല വിനോദവാർത്താ വെബ്സൈറ്റുകളിലും ഇതുസംബന്ധിച്ച വാർത്തകൾ വന്നു. എന്നാൽ, ഈ വാർത്തകൾക്ക് യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവുമില്ല. സാറാ തെൻഡുൽക്കറോ രാജ്വീർ ഡിയോളോ തങ്ങളുടെ ബന്ധത്തെക്കുറിച്ചോ വിവാഹവാർത്തകളെക്കുറിച്ചോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സച്ചിൻ തെൻഡുൽക്കറുടെ കുടുംബമോ സണ്ണി ഡിയോളിന്റെ കുടുംബമോ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അതിനാൽ നിലവിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങൾ മാത്രമാണ്. മുൻപും സാറയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് സമാനമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലുമായി സാറ പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്നുമുള്ള വാർത്തകൾ വലിയ ചർച്ചയായിരുന്നെങ്കിലും അതിനും ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്നില്ല.
ഈ മാസമാദ്യം സാറാ തെൻഡുൽക്കർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വിഡിയോ വൈറലായപ്പോഴും വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സാറയുടെ ജന്മദിനത്തിൽ കുടുംബാംഗങ്ങൾ ആശംസകൾ നേർന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീലാണ് ആരാധകർ ഏറ്റെടുത്തത്. അമ്മ അഞ്ജലി, സഹോദരൻ അർജുൻ, അച്ഛൻ സച്ചിൻ, സഹോദരഭാര്യ സാനിയ ചന്ദോക്ക്, മറ്റു ബന്ധുക്കൾ എന്നിവർ ഓരോരുത്തരായി സാറയ്ക്ക് ആശംസകൾ നേർന്നതും വരും വർഷത്തിൽ അവൾക്ക് എന്തെല്ലാം ലഭിക്കണമെന്ന ആഗ്രഹങ്ങൾ പങ്കുവച്ചതുമാണ് വിഡിയോയിലുള്ളത്.
മകൾക്കായി ഹൃദയസ്പർശിയായ ഒരു ആഗ്രഹം പങ്കുവച്ച സച്ചിന്റെ ആശംസയാണ് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത്. “ഈ വർഷം സാറയ്ക്ക് വിശേഷപ്പെട്ട ഒരാളെ കണ്ടെത്താൻ കഴിയട്ടെ” എന്നായിരുന്നു സച്ചിന്റെ വാക്കുകൾ. തുടർന്ന് കൂടുതൽ എന്തോ പറയാൻ തുടങ്ങിയെങ്കിലും അദ്ദേഹം പെട്ടെന്ന് നിർത്തി. “ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല. പറയാനുള്ളത് പറഞ്ഞുകഴിഞ്ഞു. നീ ഇതുപോലെതന്നെ പോസിറ്റീവായി തുടരുക. മറ്റുള്ളവരിലേക്കും പോസിറ്റിവിറ്റി പകരുക” എന്നും സച്ചിൻ കൂട്ടിച്ചേർത്തു.
മകളുടെ വ്യക്തിജീവിതത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താതെ സൂക്ഷിച്ചുകൊണ്ടുള്ള സച്ചിന്റെ ഈ രസകരമായ ആശംസ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ ഇതുസംബന്ധിച്ച ചർച്ചകൾ തുടങ്ങി. മകളുടെ പ്രണയജീവിതത്തെക്കുറിച്ച് സച്ചിന് ചില സൂചനകളുണ്ടെന്ന തരത്തിലായിരുന്നു ആരാധകരുടെ പ്രതികരണങ്ങൾ. അച്ഛന്റെ വാക്കുകൾ കേട്ടപ്പോഴുള്ള സാറയുടെ മുഖഭാവങ്ങൾ വച്ചും പല ഊഹാപോഹങ്ങളും പ്രചരിച്ചു.
ഇതേ വിഡിയോയിൽ അർജുൻ തെൻഡുൽക്കറുടെ ഭാര്യ സാനിയ ചന്ദോക്ക് പറഞ്ഞ വാക്കുകളാണ് ഇപ്പോഴത്തെ ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടിയത്. “സാറയ്ക്ക് പെറി ക്രോസ് റോഡിൽ താമസിക്കുന്ന ഒരാളെ ജീവിതപങ്കാളിയായി ലഭിക്കട്ടെ. അപ്പോൾ എപ്പോഴും ഞങ്ങളുടെ അടുത്തുതന്നെ കഴിയാമല്ലോ” എന്നായിരുന്നു സാനിയയുടെ ആശംസ. മുംബൈയിലെ പെറി ക്രോസ് റോഡിലാണ് തെൻഡുൽക്കർ കുടുംബത്തിന്റെ വീട്. ഈ വർഷമാദ്യമാണ് സാറയുടെ ഇളയ സഹോദരൻ അർജുനും സാറയുടെ സുഹൃത്തായിരുന്ന സാനിയ ചന്ദോക്കും വിവാഹിതരായത്.
ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ ഇളയ മകനും പ്രശസ്ത നടൻ ധർമേന്ദ്രയുടെ ചെറുമകനുമാണ് രാജ്വീർ ഡിയോൾ. 2023ൽ പുറത്തിറങ്ങിയ ‘ഡോണോ’ എന്ന ചിത്രത്തിലൂടെയാണ് രാജ്വീർ നായകനായി അരങ്ങേറ്റം കുറിച്ചത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ എന്ന മേൽവിലാസത്തിനപ്പുറം സൈബർ രംഗത്തും ബിസിനസ് മേഖലയിലും ഇതിനോടകം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് സാറാ തെൻഡുൽക്കർ. ഇൻസ്റ്റഗ്രാമിൽ 90 ലക്ഷത്തോളം ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസറായ സാറ, മുംബൈയിൽ ‘പിലാറ്റേ സ്റ്റുഡിയോ’ എന്ന സംരംഭം നടത്തുന്നുണ്ട്. ഗ്ലോബൽ ഇ–ക്രിക്കറ്റ് പ്രീമിയർ ലീഗിൽ മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമയുമാണ് സാറ.




