Celebrity

‘പണം വാങ്ങി എന്തും ചെയ്യുന്നവളല്ല; ഞാന്‍ ഉപയോഗിച്ചപ്പോള്‍ റിസൽട്ട് കിട്ടി’; വിശദീകരണവുമായി റെനീഷ റഹ്മാൻ

മലപ്പുറം അരീക്കോട് സൗന്ദര്യവർധക ക്രീം ഉപയോഗിച്ച പെൺകുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവം വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാരുടെ പരസ്യം കണ്ടാണ് പെൺകുട്ടി ഓൺലൈനായി ക്രീം വാങ്ങി ഉപയോഗിച്ചത്. വാർത്ത പുറത്തുവന്നതോടെ ഫെയർനെസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ തനിക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായി വെളിപ്പെടുത്തി ഗായകൻ സലീം കോടത്തൂരും രംഗത്തെത്തി. ഇതോടെ ക്രീം പ്രൊമോട്ട് ചെയ്ത ഇൻഫ്ലുവൻസർമാർക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. സീരിയൽ താരം റെനീഷ റഹ്മാനും ഈ ഫെയ്സ് ക്രീമിന്റെ പരസ്യം ചെയ്തിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റെനീഷ.

ക്രീം പ്രൊമോട്ട് ചെയ്ത ആളെന്ന നിലയിലും സ്വയം ഉപയോഗിച്ച വ്യക്തിയെന്ന നിലയിലും വാർത്ത കേട്ടപ്പോൾ താനും ഞെട്ടിപ്പോയെന്നും ചികിത്സയിലുള്ള പെൺകുട്ടി എത്രയും വേഗം സുഖം പ്രാപിക്കാൻ ആത്മാർഥമായി പ്രാർഥിക്കുന്നുവെന്നും റെനീഷ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. അതേസമയം, ഉൽപ്പന്നങ്ങൾ ഉപയോഗിച്ചു നോക്കാതെയാണ് പണത്തിന് വേണ്ടി പരസ്യങ്ങൾ ചെയ്യുന്നതെന്ന വിമർശനങ്ങളോട് യോജിക്കാൻ കഴിയില്ലെന്നും റെനീഷ വ്യക്തമാക്കി. താൻ ഇന്നുവരെ സ്വയം ഉപയോഗിക്കാതെ ഒരു ഉൽപ്പന്നവും പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും റെനീഷ വിഡിയോയിലൂടെ പറയുന്നു.

കഴിഞ്ഞ വർഷം മുഖത്തുണ്ടായ കരുവാളിപ്പ് മാറാനായി ഈ ക്രീം 15 ദിവസത്തോളം സ്വന്തമായി ഉപയോഗിച്ചിരുന്നുവെന്ന് റെനീഷ പറഞ്ഞു. സെൻസിറ്റീവായ തന്റെ ചർമ്മത്തിന് പാർശ്വഫലങ്ങളൊന്നും ഉണ്ടാകാതിരുന്നതും മികച്ച ഫലം ലഭിച്ചതുമാണ് ആത്മവിശ്വാസത്തോടെ പരസ്യം ചെയ്യാൻ പ്രേരിപ്പിച്ചത്. പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ‘ശവംതീനി’ എന്നൊരാൾ വിശേഷിപ്പിച്ചത് കണ്ടു. അതിനോട് യോജിക്കാനാവില്ല. പ്രൊമോഷന് പ്രതിഫലം വാങ്ങാറുണ്ട്, എന്നാൽ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളല്ല താൻ. ഉപയോഗിച്ച് ബോധ്യപ്പെടാത്ത ഒരു ഉൽപ്പന്നവും ഇന്നുവരെ ഇൻസ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ പ്രൊമോട്ട് ചെയ്തിട്ടില്ലെന്നും റെനീഷ വിശദീകരിച്ചു.

ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവവും ആരോഗ്യസ്ഥിതിയും വ്യത്യസ്തമായിരിക്കുമെന്നും അതിനാൽ സമൂഹമാധ്യമങ്ങളിലെ റിവ്യൂകൾ മാത്രം കണ്ട് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും റെനീഷ അഭ്യർഥിച്ചു. ഏതൊരു ഉൽപ്പന്നവും ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടേണ്ടതാണ്. ഈ സംഭവം തനിക്കും വലിയൊരു പാഠമാണെന്നും സാമൂഹിക ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ഇനിമുതൽ ഇത്തരം ഉൽപ്പന്നങ്ങളുടെ പരസ്യങ്ങൾ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രതയും പരിശോധനയും നടത്തുമെന്നും താരം വ്യക്തമാക്കി. എല്ലാ ഇൻഫ്ലുവൻസർമാരും ഇങ്ങനെ ചെയ്യണമെന്നും റെനീഷ കൂട്ടിച്ചേർത്തു.