70കാരൻ പത്തു വയസ്സുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് മൊബൈലിൽ പകർത്തിയ കേസിൽ 46കാരൻ അറസ്റ്റിലായി. പകർത്തിയ ദൃശ്യങ്ങൾ ഇയാൾ തന്റെ ഫോണിൽ സൂക്ഷിക്കുകയായിരുന്നു. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. പത്തിരിയാൽ വട്ടപ്പറമ്പ് മുരുകാലയത്തിൽ വിജയകുമാറാണ് കളിപ്പാട്ടങ്ങളും മറ്റും നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ വീടിനടുത്തുള്ള കുറ്റിക്കാട്ടിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചത്. വിജയകുമാർ കുട്ടിയെ കൊണ്ടുപോകുന്നത് അയൽക്കാരനായ നൗഫൽ കണ്ടിരുന്നു. തുടർന്ന് ഇയാൾ ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് കഴിഞ്ഞ 11ന് വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിലവിൽ റിമാൻഡിലാണ്.
ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് നൗഫൽ ദൃശ്യങ്ങൾ പകർത്തിയ വിവരം പൊലീസിന് ലഭിക്കുന്നത്. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ദൃശ്യങ്ങൾ ഇപ്പോഴും ഫോണിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കൂടാതെ, പീഡനവിവരം ഇയാൾ അധികൃതരെ അറിയിച്ചിരുന്നുമില്ല.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ഫോണിൽ സൂക്ഷിക്കുകയും ചെയ്തു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയായ നൗഫലിനെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.




