Featured Sports

മുഖം നോക്കാതെ ക്യാപ്റ്റൻമാർ; ഇന്ത്യയ്ക്ക് ‘അനുവദിച്ച’ ടോസ് പിൻവലിപ്പിച്ച് പാക്ക് ക്യാപ്റ്റൻ- മൈക്കിലും നാടകീയത; വീഡിയോ

ദോഹ: റൈസിങ് സ്റ്റാർസ് ഏഷ്യാകപ്പിലെ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടത്തിനിടെ ടോസ് സമയത്ത് നാടകീയ രംഗങ്ങൾ. മാച്ച് റഫറിക്ക് പറ്റിയ പിഴവ് കാരണം ഇന്ത്യയ്ക്ക് അനുകൂലമായി ലഭിച്ച ടോസ്, പാക്കിസ്ഥാൻ ക്യാപ്റ്റൻ ഇടപെട്ട് തിരുത്തിച്ചു. ടോസിനായി എത്തിയപ്പോൾ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ പരസ്പരം മുഖം നോക്കാനോ ഹസ്തദാനം ചെയ്യാനോ തയാറായില്ല. ഇതിനു പിന്നാലെയാണ് ടോസ് സംബന്ധിച്ച ആശയക്കുഴപ്പം ഉടലെടുത്തത്.

പാക്കിസ്ഥാൻ ക്യാപ്റ്റൻ അബ്ദുൽ സമദ് ‘ഹെഡ്സ്’ ആയിരുന്നു വിളിച്ചത്. എന്നാൽ നാണയം നിലത്തു വീണപ്പോൾ ‘ടെയ്ൽ’ ആണെന്ന് തെറ്റിദ്ധരിച്ച മാച്ച് റഫറി ഇന്ത്യൻ ക്യാപ്റ്റൻ തിലക് വർമയെ സംസാരിക്കാനായി ക്ഷണിച്ചു. തുടർന്ന് തിലക് വർമയും അബ്ദുൽ സമദും അടുത്തുചെന്ന് നാണയം പരിശോധിച്ചതോടെ വീണത് ‘ഹെഡ്സ്’ തന്നെയാണെന്ന് വ്യക്തമായി. ഇതോടെ ടോസ് പാക്കിസ്ഥാന് അനുകൂലമാണെന്ന് റഫറി തിരുത്തി പ്രഖ്യാപിച്ചു. ടോസിനു ശേഷം സംസാരിച്ച പാക്ക് ക്യാപ്റ്റൻ മൈക്ക് തിലക് വർമയ്ക്ക് നേരിട്ട് കൈമാറാനും കൂട്ടാക്കിയില്ല.

അബ്ദുൽ സമദ് സംസാരിച്ചു കഴിഞ്ഞപ്പോൾ തിലക് വർമ മുന്നോട്ടുവന്നെങ്കിലും മൈക്ക് കൈമാറുന്നതിൽ ആശയക്കുഴപ്പമുണ്ടായി. പാക്ക് ക്യാപ്റ്റൻ മൈക്ക് ബ്രോഡ്കാസ്റ്റർമാരുടെ പ്രതിനിധിക്കാണ് നൽകിയത്. ഒടുവിൽ അവതാരകനിൽനിന്ന് മൈക്ക് വാങ്ങിയാണ് തിലക് സംസാരിച്ചു തുടങ്ങിയത്. ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പഹൽഗാം ഭീകരാക്രമണത്തിനും അതിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിനും ശേഷം, ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യ–പാക്കിസ്ഥാൻ താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യാറില്ല. പുരുഷ–വനിതാ ടീമുകളും യൂത്ത് ടീമുകളും ഉൾപ്പെടെ എല്ലാ വിഭാഗത്തിലും ഈ രീതിയാണ് ഇപ്പോൾ തുടരുന്നത്.