ഛർദിക്കാൻ ശ്രമിക്കുന്നതിനിടെ തീൻമേശയിൽ ഉപയോഗിക്കുന്ന ഫോർക്ക് അബദ്ധത്തിൽ വിഴുങ്ങി 27-കാരി. ന്യൂസിലൻഡിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. വയറിനുള്ളിൽ ഫോർക്ക് കുടുങ്ങിയതോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന മെഡിക്കൽ റിപ്പോർട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുകയാണ്. യുവതി എന്തിനാണ് ഛർദിക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ന്യൂസിലൻഡിലെ വൈകാറ്റോ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ യുവതിയെ പരിശോധിച്ചപ്പോഴാണ് വയറിനുള്ളിൽ മുഴുനീളമുള്ള ലോഹ ഫോർക്ക് കണ്ടെത്തിയത്. എക്സ്-റേ പരിശോധനയിൽ ഫോർക്ക് വയറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായി. ഛർദിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ഫോർക്ക് വിഴുങ്ങിപ്പോയെന്നാണ് യുവതി ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ ഫോർക്ക് ഉപയോഗിച്ച് ഛർദിക്കാൻ ശ്രമിച്ചതിന്റെ കാരണം വ്യക്തമല്ല. ആളുകൾക്കിടയിലുള്ള ഒരു സാഹചര്യത്തിലാണ് ഇത് സംഭവിച്ചതെന്നും ഡോക്ടർമാർക്ക് ലഭിച്ച വിവരങ്ങളിൽ പറയുന്നു.
ആദ്യം എൻഡോസ്കോപ്പി വഴി വായിലൂടെ ഫോർക്ക് പുറത്തെടുക്കാൻ ഡോക്ടർമാർ രണ്ടുതവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വയറിൽ ചെറിയ മുറിവുകളുണ്ടാക്കി താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ ഫോർക്ക് പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഫോർക്ക് ആമാശയത്തിൽ മുറിവുകളോ ദ്വാരങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഇത്രയും വലിയൊരു വസ്തു എങ്ങനെ വയറിനുള്ളിലേക്ക് എത്തിയെന്നത് തന്നെ അതിശയകരമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. ജെസ്സി ഫിഷർ പ്രതികരിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് ദിവസത്തിനകം യുവതിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. സാധാരണ രീതിയിൽ ഭക്ഷണം കഴിക്കാനും യുവതിക്ക് സാധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. തൊണ്ടയിലൂടെ ഇത്തരം വസ്തുക്കൾ കടത്തിവിടുന്നത് അതീവ അപകടകരമാണെന്നും ആരും അതിന് മുതിരരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി.
“അവർ എന്തിനാണ് ഫോർക്ക് ഉപയോഗിച്ചതെന്ന് വ്യക്തമല്ല, ഞങ്ങൾക്ക് ആകെ ലഭിച്ച വിവരവും ഇത്രമാത്രമാണ്,” ഓക്ക്ലൻഡ് സർവ്വകലാശാലയിലെ സർജറി സീനിയർ ലെക്ചറർ ഡോ. ജെസ്സി ഫിഷർ (Dr. Jesse Fischer) ന്യൂസിലൻഡ് ഹെറാൾഡിനോട് പറഞ്ഞു. “ഒരു സാമൂഹിക ഒത്തുചേരലിനിടെയാണ് ഇത് സംഭവിച്ചതെന്നാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. എന്നാൽ എന്തിനാണ് അവർക്ക് ഛർദ്ദിക്കേണ്ടി വന്നതെന്നോ, അതൊരു പാർട്ടി ട്രിക്ക് ആയിരുന്നോ എന്നോ എനിക്കറിയില്ല. അവർക്ക് ഭക്ഷണക്രമക്കേടുകളോ മാനസികാരോഗ്യ പ്രശ്നങ്ങളോ ഉള്ളതായി മുൻകാല രേഖകളില്ല,” ഡോക്ടർ കൂട്ടിച്ചേർത്തു.



