കാണാതായ പെൺകുട്ടിയെ കണ്ടെത്തുന്നതിനായി തമിഴ്നാട് വിഴുപ്പുറത്തെ സത്യമംഗലം പൊലീസ് സ്റ്റേഷനിൽ എസ്ഐയുടെ നേതൃത്വത്തിൽ പൂജ നടത്തി. പൊലീസ് യൂണിഫോമിലുള്ള ഇൻസ്പെക്ടറും മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്റ്റേഷനുള്ളിൽ ഗണപതിഹോമത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്.
കുട്ടിയുടെ കുടുംബാംഗങ്ങളെയും ഈ ചടങ്ങിൽ പങ്കെടുപ്പിച്ചിരുന്നു. യൂണിഫോം ധരിച്ച എസ്ഐയും മറ്റ് പൊലീസുകാരും ഹോമകുണ്ഡത്തിന് ചുറ്റും ഇരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കുട്ടിയെ തിരികെ ലഭിക്കാനായി പ്രത്യേക പ്രാർത്ഥനകളും സ്റ്റേഷനിൽ സംഘടിപ്പിച്ചു.
ഒക്ടോബർ 12-നാണ് പ്രദേശവാസിയായ ഏഴ് വയസ്സുകാരി ഹേമാവതിയെ കാണാതാകുന്നത്. പിറന്നാൾ ആഘോഷങ്ങൾക്ക് ശേഷം രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ രാവിലെ എഴുന്നേറ്റപ്പോൾ കാണാനില്ലായിരുന്നു. വീടിന് പുറത്തുള്ള ശുചിമുറിക്ക് സമീപവും പരിസരങ്ങളിലും തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും എട്ട് സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തി.
അന്വേഷണത്തിനിടെ പ്രദേശത്തുനിന്നും ഒരു അസ്ഥികൂടം ലഭിച്ചെങ്കിലും ഇതേക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് സാധിച്ചില്ല. കുട്ടിയെ കാണാതായി ഒന്നര മാസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനാൽ നാട്ടുകാരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. ഡിഎംകെയുടെ നേതൃത്വത്തിലും പ്രതിഷേധം കടുത്തതോടെയാണ് പൂജ നടത്താൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്.
തനിക്ക് മേൽ വലിയ സമ്മർദ്ദമുണ്ടെന്നും സ്റ്റേഷനിലും പരിസരത്തും ചില ദോഷങ്ങളുണ്ടെന്നുമാണ് പൂജ നടത്തിയ എസ്ഐ സുരേഷ് ബാബു പറയുന്നത്. ഈ തടസ്സങ്ങൾ നീക്കാനാണ് താൻ ഗണപതിഹോമം നടത്തിയതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തേണ്ട പൊലീസ് സ്റ്റേഷനിൽ പൂജ നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഡിജിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ സംഭവം വലിയൊരു രാഷ്ട്രീയ വിവാദമാക്കാനുള്ള നീക്കത്തിലാണ് ഡിഎംകെ.




