ബെംഗളൂരു: അമ്മയുടെ ലിവ്-ഇൻ പങ്കാളിയായ യുവാവ് 18-കാരനെ ചുറ്റിക കൊണ്ട് അടിച്ചും കത്തി കൊണ്ട് കുത്തിയും കൊലപ്പെടുത്തിയ ശേഷം, അമ്മയെ നാല് ദിവസത്തോളം ബെംഗളൂരുവിലെ വാടക ഫ്ലാറ്റിലെ മുറിക്കുള്ളിൽ പൂട്ടിയിട്ടതായി പോലീസ് . പ്രതി യുവതിയെയും കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് ആരോപണം.
മൂവരും ഒരുമിച്ച് താമസിച്ചിരുന്ന പത്മനാഭനഗർ രാഘവേന്ദ്ര ലേഔട്ടിലെ എസ്.ആർ.ആർ.കെ തുളസി അപ്പാർട്ട്മെന്റിൽ നവംബർ 16-ന് രാത്രിയാണ് ഈ ക്രൂരമായ സംഭവം നടന്നത്.
2024 ഒക്ടോബർ മുതൽ ഇവർ ഈ ഫ്ലാറ്റിലാണ് താമസിക്കുന്നതെന്ന് വീട്ടുടമസ്ഥൻ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി ഇവർക്കിടയിൽ പതിവായി വഴക്കുണ്ടാകാറുണ്ടെന്ന് അയൽക്കാർ നിരവധി തവണ പരാതിപ്പെട്ടിരുന്നതായി വീട്ടുടമസ്ഥൻ നൽകിയ പരാതിയിൽ പറയുന്നു.
നവംബർ 16-ന് രാത്രിയും വീട്ടിൽ വഴക്ക് നടക്കുന്നതായി അറിയിച്ച് അദ്ദേഹത്തിന് ഒരു ഫോൺ കോൾ വന്നിരുന്നു. എന്നാൽ ഒരു മണിക്കൂറിന് ശേഷം അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ഗാർഡിനോട് സംസാരിച്ചപ്പോൾ, വീട് ശാന്തമായെന്നും ബഹളങ്ങളൊന്നുമില്ലെന്നുമാണ് മറുപടി ലഭിച്ചത്.
നാല് ദിവസത്തിന് ശേഷം, നവംബർ 19-ന് വീട്ടുടമസ്ഥൻ ഫ്ലാറ്റിൽ എത്തിയെങ്കിലും ഏറെ നേരം ബെല്ലടിക്കുകയും വാതിലിൽ മുട്ടുകയും ചെയ്തിട്ടും പ്രതികരണമൊന്നും ഉണ്ടായില്ല. തുടർന്ന് അയൽക്കാരനിൽ നിന്ന് യുവതിയുടെ ഒരു സുഹൃത്തിന്റെ ഫോൺ നമ്പർ വാങ്ങി വിളിക്കുകയും, ഇരുവരും ചേർന്ന് പോലീസിനെ സമീപിക്കാൻ തീരുമാനിക്കുകയും ചെയ്തു.
പോലീസിനൊപ്പം താക്കോൽ പണിക്കാരനെയും കൂട്ടി രാത്രി 11 മണിയോടെ ഫ്ലാറ്റിന്റെ വാതിൽ കുത്തിത്തുറന്നപ്പോൾ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. തറയിലും ചുമരുകളിലും രക്തക്കറകൾ പടർന്നിരുന്നു. പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ നിന്ന് സീമ ദാസ് എന്ന യുവതി നിലവിളിക്കുന്ന ശബ്ദവും അവർ കേട്ടു.
മുറി തുറന്ന് പുറത്തെത്തിയ സീമ ദാസ്, തന്റെ പങ്കാളിയായ സുദീപ് തന്നെയും മകൻ സോഹം ദാസിനെയും കത്തിയും ചുറ്റികയും ഉപയോഗിച്ച് ആക്രമിച്ചതായി വീട്ടുടമസ്ഥനോടും പോലീസിനോടും പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ മകന്റെ മൃതദേഹം കുളിമുറിക്കുള്ളിൽ നിന്ന് കണ്ടെത്തി.
നവംബർ 16-ന് രാത്രി 9 മണിക്കും 11 മണിക്കും ഇടയിലാണ് സുദീപ് തങ്ങളെ രണ്ടുപേരെയും ആക്രമിച്ചതെന്നും, മകനെ കൊലപ്പെടുത്തിയ ശേഷം തന്നെയും വധിക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകി. സംഭവത്തിൽ ബനശങ്കരി പോലീസ് ഭാരതീയ ന്യായ സംഹിത (BNS) 2023-ലെ 103(1) (കൊലപാതകം), 109(1) (കൊലപാതകശ്രമം) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.




