Spotlight

മധുവിധുവിനിടെ ഹോംസ്റ്റേയിലെ ബാർബിക്യൂ അടുപ്പിൽനിന്ന് പൊള്ളലേറ്റു; യുവതിക്ക് ദാരുണാന്ത്യം, നടുക്കുന്ന ദൃശ്യം

കൊൽക്കത്ത: ഡാർജിലിങ്ങിൽ മധുവിധു ആഘോഷത്തിനിടെ ബാർബിക്യൂ അടുപ്പിൽനിന്ന് തീപ്പൊള്ളലേറ്റ യുവതി മരിച്ചു. ഭർത്താവ് സമീറിനൊപ്പം ഡാർജിലിങ്ങിലെ സിറ്റിയോങ്ങിൽ എത്തിയ ബംഗാൾ സ്വദേശിനിയായ നികിത സാഹയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സെപ്റ്റംബർ 13-നായിരുന്നു ഈ അപകടം നടന്നത്. പൊള്ളലേറ്റ നികിതയെ ആദ്യം സിലിഗുരുവിലെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലേക്കും മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

ദമ്പതികൾ താമസിച്ചിരുന്ന ഹോംസ്റ്റേയിൽ ബാർബിക്യൂ തയാറാക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. ഹോംസ്റ്റേ അധികൃതരുടെ അനാസ്ഥയാണ് ഈ ദുരന്തത്തിന് കാരണമായതെന്ന് ഭർത്താവ് സമീർ ആരോപിച്ചു. തീയുടെ അടുത്ത് ഓയിൽ ഡ്രം ഉപയോഗിച്ചതാണ് തീ പെട്ടെന്ന് ആളിപ്പടരാൻ ഇടയാക്കിയതെന്നും, അപകടത്തിൽ ഭാര്യയ്ക്ക് 60 ശതമാനത്തോളം പൊള്ളലേറ്റതായും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സമീറിന്റെ ആരോപണങ്ങൾ ഹോംസ്റ്റേ ഉടമ നിഷേധിച്ചു. തീയുടെ അടുത്തിരിക്കരുതെന്ന് ദമ്പതികൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവർ അത് അവഗണിക്കുകയായിരുന്നുവെന്ന് ഉടമ പറയുന്നു. തണുപ്പ് കൂടിയപ്പോൾ ദമ്പതികൾ ആവശ്യപ്പെട്ടതനുസരിച്ച് പുറത്തുനിന്നുള്ള ഒരാളാണ് തീയിലേക്ക് മണ്ണെണ്ണ ഒഴിച്ചത്. ഹോംസ്റ്റേ ജീവനക്കാരൻ ഭക്ഷണമെടുക്കാൻ പോയ സമയത്തായിരുന്നു ഇത്. മണ്ണെണ്ണ ഒഴിച്ചയാൾ തങ്ങളുടെ ജീവനക്കാരനല്ലെന്നും ഉടമ വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും ഉടമ പുറത്തുവിട്ടിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.