തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരനും തലശ്ശേരി മുൻ എം.എൽ.എ എം. വി. രാജഗോപാലൻ മാസ്റ്ററുടെ മകനുമായ എസ്. ആർ. വിനയകുമാർ സിപിഎം വിടുന്നു. തിരുവനന്തപുരത്തെ കേശവദാസപുരം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇത്തവണ പാർട്ടി അംഗത്വം പുതുക്കാൻ തയ്യാറായില്ല. പാർട്ടിയിൽ ‘പിണറായിസം’ മാത്രമാണ് നിലനിൽക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ കൈമോശം വന്ന പാർട്ടിയിൽ ഇനി തുടരുന്നതിൽ അർഥമില്ലെന്നും ആരോപിച്ചാണ് അദ്ദേഹം പാർട്ടി ബന്ധം ഉപേക്ഷിച്ചത്.
പിണറായി വിജയൻ എന്നാൽ സിപിഎം എന്നും സിപിഎം എന്നാൽ പിണറായി വിജയൻ എന്നുമാണ് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ പറയുന്നതെന്നും പാർട്ടിയിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് യാതൊരു സ്ഥാനവുമില്ലെന്നും വിനയകുമാർ കുറ്റപ്പെടുത്തി. പാർട്ടിയിൽ മുൻപ് കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കുറേക്കാലമായി പാർട്ടിയിൽ മറ്റ് പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നും, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളും അവയെ പ്രതിരോധിക്കലും മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി ചരിത്രത്തിലില്ലാത്ത വലിയ തോൽവി ഏറ്റുവാങ്ങിയിട്ടും നേതൃത്വം തെറ്റുകൾ തിരുത്താൻ തയ്യാറാകുന്നില്ലെന്ന് വിനയകുമാർ വിമർശിച്ചു. തെറ്റുതിരുത്തൽ ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ, താനോ പിണറായി വിജയനോ മാറുന്നില്ലെന്നാണ് എം. വി. ഗോവിന്ദൻ പ്രസംഗിച്ചത്. വീഴ്ചകളെല്ലാം അണികളുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമം നടക്കുന്നത്. പാർട്ടിയിൽ അടിമയായി തുടരുന്നതിൽ കാര്യമില്ലെന്നും, നേതൃത്വത്തെ പുകഴ്ത്തുന്നവർക്ക് മാത്രമാണ് നിലവിൽ പരിഗണന ലഭിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കൽസിന്റെ എംഡിയായിരുന്നു വിനയകുമാർ. 2023-ൽ ട്രിവാൻഡ്രം ക്ലബ്ബിൽ പണംവെച്ച് ചീട്ടുകളിച്ചതിന് വിനയകുമാർ ഉൾപ്പെടെ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന് ആ പദവി ഒഴിയേണ്ടിവന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തോടും മകൻ ബിനീഷ് കോടിയേരിയോടും പാർട്ടി നേതൃത്വം അവഗണന കാണിക്കുന്നതായി ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് എസ്. ആർ. വിനയകുമാർ പാർട്ടി വിടാൻ തീരുമാനിച്ചത്.




