ബിഹാറിൽ കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ജമാൽപൂരിലെ വിരമിച്ച റെയിൽവേ ജീവനക്കാരനായ ദശരഥ് മണ്ഡലാണ് ഈ ക്രൂരകൃത്യം ചെയ്തത്. അമ്മയെ കൊല്ലുന്നത് കണ്ട് ഉറക്കെ നിലവിളിച്ച മകളോട്, ബഹളം വയ്ക്കാതിരുന്നാൽ പുതിയ അമ്മയെ കൊണ്ടുവന്നു തരാമെന്ന് ഇയാൾ പറയുകയും ചെയ്തു.
പൂജാ ദേവിയാണ് കൊല്ലപ്പെട്ടത്. ദശരഥിനും പൂജാ ദേവിക്കും രണ്ട് പെൺമക്കളാണുള്ളത്. പത്ത് വയസ്സുള്ള മൂത്ത മകളാണ് ഈ ക്രൂരത നേരിൽ കണ്ടത്. കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം ദശരഥ് രണ്ട് പെൺമക്കളെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
പൂജാ ദേവിയും ദശരഥും തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ദശരഥിന് വലിയ സാമ്പത്തിക ബാധ്യതകളും മറ്റ് വ്യക്തിപരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു. സംഭവദിവസവും ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പ്രകോപിതനായ ദശരഥ് ഉറങ്ങിക്കിടന്ന കുട്ടികളെ കെട്ടിയിട്ട ശേഷം കത്തിയെടുത്ത് ഭാര്യയെ രണ്ട് തവണ കുത്തുകയായിരുന്നു. പൂജാ ദേവി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അനിയത്തിയോടൊപ്പം ഉറങ്ങുകയായിരുന്ന പത്ത് വയസ്സുകാരി അമ്മയുടെ നിലവിളി കേട്ട് ഉണർന്നപ്പോഴാണ് ദാരുണമായ ഈ സംഭവം കണ്ടത്. അയൽക്കാരെ വിളിച്ചുകൂട്ടുമെന്ന് പറഞ്ഞ് കുട്ടി കരഞ്ഞപ്പോൾ, ഈ അമ്മ മരിച്ചുപോയെന്നും കരയാതിരുന്നാൽ പുതിയൊരു അമ്മയെ കൊണ്ടുവരാമെന്നും പ്രതി പറഞ്ഞു. എന്നാൽ തനിക്ക് തന്റെ അമ്മയെ മാത്രം മതിയെന്നും, അമ്മയെ കൊലപ്പെടുത്തിയ അച്ഛന് കടുത്ത ശിക്ഷ തന്നെ നൽകണമെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ദശരഥ് മണ്ഡലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി.




