ഭോപാൽ: രസഗുളയാണെന്ന് തെറ്റിദ്ധരിപ്പിച്ച് അയൽവാസി നൽകിയ ബോംബ് കടിച്ച യുവാവ് ദാരുണമായി മരിച്ചു. മധ്യപ്രദേശിലെ ദിൻഡോറി ജില്ലയിലുള്ള പഡാരിയ ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു ഈ ദാരുണ സംഭവം. രാജേന്ദ്ര ബറോട്ടിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
രാജേന്ദ്ര സ്വന്തം വീട്ടിൽ ഇരിക്കുന്നതിനിടെ അയൽവാസിയായ രാം ഭഗത് ബറോട്ടിയ അവിടേക്ക് എത്തുകയായിരുന്നു. ഇരുവരും സംസാരിച്ചിരിക്കുന്നതിനിടെ, രസഗുളയാണെന്ന് പറഞ്ഞ് രാം ഭഗത് ഒരു ബോംബ് രാജേന്ദ്രയ്ക്ക് നൽകി. ഇത് വായിലിട്ട് കടിച്ചയുടൻ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വന്യമൃഗങ്ങളെ വേട്ടയാടാൻ ഉപയോഗിക്കുന്ന തരം നാടൻ ബോംബാണ് നൽകിയതെന്നും, സ്ഫോടനം നടന്ന ഉടൻ അയൽവാസികളുടെ സഹായത്തോടെ ഭർത്താവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ഭാര്യ സുശീല ബായി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ രാം ഭഗതിനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തതായി കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് പ്രസാദ് നാഗ്പുരെ അറിയിച്ചു. വീട്ടിൽ വെളിച്ചക്കുറവുണ്ടായിരുന്നതിനാൽ നൽകിയത് രസഗുളയല്ലെന്ന് തിരിച്ചറിയാൻ രാജേന്ദ്രയ്ക്ക് സാധിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ഒരു ആൺകുട്ടിയാണ് തനിക്ക് ഈ ബോംബ് നൽകിയതെന്നാണ് രാം ഭഗത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇതേത്തുടർന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.




