ഇഷ്ടപ്പെട്ട റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ വസ്ത്രം മാറി തയ്യാറായി, ഗതാഗതക്കുരുക്കിൽപ്പെട്ട് റസ്റ്റോറന്റിൽ എത്തി മേശയ്ക്കായി കാത്തിരിക്കേണ്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്നിപ്പോൾ സ്മാർട്ട്ഫോണിൽ ഏതാനും തവണ തൊട്ടാൽ മാത്രം മതി. ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി പ്രിയപ്പെട്ട വിഭവങ്ങൾ വീട്ടിലിരുന്ന് തന്നെ കഴിക്കുന്നത് മുൻപെങ്ങത്തേക്കാളും എളുപ്പമായി മാറി. എന്നാൽ ഈ സൗകര്യത്തിന് പിന്നിൽ അധികച്ചെലവുമുണ്ട്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ്, റസ്റ്റോറന്റിൽ നിന്ന് നേരിട്ട് ഭക്ഷണം വാങ്ങുന്നതും ഓൺലൈനായി ഓർഡർ ചെയ്യുന്നതും തമ്മിലുള്ള വലിയ വിലവ്യത്യാസം ചൂണ്ടിക്കാണിക്കുകയാണ്.
ആയിഡിൽബ്രെയിൻ ജീവി (@idlebrainjeevi) എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച പോസ്റ്റിലാണ് ഒരേ റസ്റ്റോറന്റിൽ നിന്ന് വാങ്ങിയ ഒരേ വിഭവങ്ങൾക്ക് ഓൺലൈനിലും ഓഫ്ലൈനിലും രണ്ട് വിലയാണെന്ന് കാണിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഒരു റസ്റ്റോറന്റുമായി ബന്ധപ്പെട്ടതാണ് ഈ ബില്ലുകൾ. നെയ് കാരം ഒണിയൻ ദോശ, നെയ് പൊങ്കൽ, ഫിൽട്ടർ കോഫി എന്നീ മൂന്ന് സാധനങ്ങളാണ് ഇയാൾ ഓർഡർ ചെയ്തത്. റസ്റ്റോറന്റിൽ പോയി നേരിട്ട് കഴിച്ചപ്പോൾ ബിൽ തുക 230 രൂപയായിരുന്നു. എന്നാൽ ഇതേ സാധനങ്ങൾ സ്വിഗ്ഗി വഴി ഓൺലൈനായി ഓർഡർ ചെയ്തപ്പോൾ ബിൽ തുക 436 രൂപയായി ഉയർന്നു. അതായത് 206 രൂപയുടെ വ്യത്യാസമാണ് ഇരു അനുഭവങ്ങൾക്കും ഇടയിലുണ്ടായത്.
“റസ്റ്റോറന്റിൽ നേരിട്ട് പോകുന്നതും സ്വിഗ്ഗി ഉപയോഗിക്കുന്നതും തമ്മിലുള്ള വ്യത്യാസം!” എന്ന അടിക്കുറിപ്പോടെയാണ് ഇയാൾ പോസ്റ്റ് പങ്കുവെച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധിയാളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തി. തുകയിലെ വലിയ വ്യത്യാസത്തെ പലരും വിമർശിച്ചപ്പോൾ, ഓൺലൈൻ ഡെലിവറിക്ക് എന്തുകൊണ്ട് കൂടുതൽ വിലയാകുന്നു എന്ന് ചിലർ വിശദീകരിച്ചു.
“ഡെലിവറി പ്ലാറ്റ്ഫോമുകൾ കമ്മീഷനായി ഭക്ഷണവിലയുടെ അഞ്ചിലൊന്ന് മുതൽ മൂന്നിലൊന്ന് വരെ ഈടാക്കുന്നത് കൊണ്ടാണ് റസ്റ്റോറന്റുകൾ ആപ്പുകളിൽ വില കൂട്ടുന്നത്. നിങ്ങൾ ഡെലിവറി ചാർജ് മാത്രമല്ല നൽകുന്നത്, പ്ലാറ്റ്ഫോമിന്റെ കമ്മീഷനും അതിനുപുറമെ ഡെലിവറി ചാർജും ചേർത്താണ് നൽകുന്നത്,” എന്ന് ഒരാൾ കമന്റ് ചെയ്തു.
“നിങ്ങൾക്ക് യാത്രാസമയവും തിരക്കിൽപ്പെടേണ്ട ബുദ്ധിമുട്ടും ലാഭിക്കാം. അത് ധാരാളമുണ്ടെങ്കിൽ നേരിട്ട് റസ്റ്റോറന്റിൽ പോയി കഴിക്കാം,” എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. സൗകര്യങ്ങൾക്ക് വില നൽകേണ്ടി വരുമെന്ന് മൂന്നാമതൊരാളും കുറിച്ചു. “ഓൺലൈനിലും നേരിട്ടും ഒരേ വിലയാണെങ്കിൽ ഡെലിവറി കമ്പനികളും ജീവനക്കാരും എങ്ങനെ പണം സമ്പാദിക്കും? അത് സാധ്യമല്ല, അതുകൊണ്ടാണ് ഈ വ്യത്യാസം,” എന്ന് വേറൊരാളും അഭിപ്രായപ്പെട്ടു.
എന്നാൽ ഓൺലൈൻ ഡെലിവറി രീതിയെ വിമർശിച്ചുകൊണ്ട് ഒരാൾ കുറിച്ചത് ഇങ്ങനെയാണ്: “വിലയുടെ കാര്യം മാറ്റിവെച്ചാൽ പോലും, പ്ലാറ്റ്ഫോമുകൾ വൻ തുക കമ്മീഷൻ വാങ്ങുന്നതിനാൽ കച്ചവടക്കാർ ലാഭം ഉറപ്പാക്കാൻ ഭക്ഷണത്തിന്റെ അളവിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാൻ നിർബന്ധിതരാകുന്നു.” കൂടാതെ, റസ്റ്റോറന്റിൽ പോയി കഴിക്കുന്നതും യാത്രാച്ചെലവും കൂട്ടിയാൽ പോലും ഓൺലൈൻ ഡെലിവറിയേക്കാൾ ലാഭമാണെന്നും അടുത്തുള്ള നല്ല റസ്റ്റോറന്റുകളിൽ നേരിട്ട് പോകുന്നതാണ് സാമ്പത്തികമായി നല്ലതെന്നും മറ്റൊരാൾ കൂട്ടിച്ചേർത്തു.




