ജാർഖണ്ഡിലെ പലാമു ജില്ലയിൽ നദി മുറിച്ചുകടക്കാൻ ആർ.ജെ.ഡി (RJD) എം.എൽ.എ നരേഷ് പ്രസാദ് സിംഗ് ഒരാളുടെ തോളിൽ കയറി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. എം.എൽ.എയെ ചുമന്ന വ്യക്തി ദളിത് വിഭാഗത്തിൽപ്പെട്ട ആളാണെന്ന് റിപ്പോർട്ടുകൾ വന്നതോടെ സംഭവത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.
എം.എൽ.എ മറ്റൊരു വ്യക്തിയുടെ തോളിൽ ഇരുന്ന് നദി കടക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ യാത്ര പ്രതീക്ഷിച്ച പോലെ നടന്നില്ല. നദിയുടെ നടുവയിലെത്തിയപ്പോൾ എം.എൽ.എയെ ചുമന്നയാൾക്ക് കാലിടറുകയും രണ്ടുപേരും വെള്ളത്തിലേക്ക് വീഴുകയും ചെയ്തു.
എം.എൽ.എ ബാലൻസ് കിട്ടാതെ വെള്ളത്തിൽ വീഴാൻ പോയെങ്കിലും പിന്നീട് സ്വന്തം കാലിൽ എഴുന്നേറ്റു നിൽക്കുന്നത് കാണാം. അതേസമയം, ചുറ്റും നിന്ന ആളുകൾ ഈ സംഭവം നോക്കിനിൽക്കുകയും ചിലർ ചിരിക്കുകയും ഫോണിൽ ദൃശ്യങ്ങൾ പകരർത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വൈറലായതോടെ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ഒരു ജനപ്രതിനിധിയെ ഇത്തരത്തിൽ ചുമന്നു മാറ്റേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് ചോദ്യം ചെയ്ത് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ എം.എൽ.എ എന്തിനാണ് ഇത്തരമൊരു രീതിയിൽ നദി കടക്കാൻ ശ്രമിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ടുള്ള നരേഷ് പ്രസാദ് സിംഗിന്റെ ഔദ്യോഗിക പ്രസ്താവനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.




