Oddly News

“എഐക്ക് ഒരിക്കലും കുക്കിന്റെ ജോലി തട്ടിയെടുക്കാനാവില്ല!”; മാസം 1.05 ലക്ഷം രൂപ വരുമാനം! ആരാണ് യഥാർത്ഥത്തിൽ ഇന്ത്യയിലെ ‘സമ്പന്നൻ’?

തന്റെ വീട്ടുജോലിക്കാരനായ പാചകക്കാരന്റെ മാസവരുമാനത്തെക്കുറിച്ച് മുംബൈയിലെ സംരംഭകനായ മനുരാജ് ഗാർഗ് പങ്കുവെച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് ഇൻഡ്യയിലെ വരുമാനം, നികുതി സമ്പ്രദായം, സാമ്പത്തിക ഭദ്രത എന്നിവയെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്. തന്റെ പാചകക്കാരൻ വിവിധ ജോലികളിലൂടെ പ്രതിമാസം 1.05 ലക്ഷം രൂപയോളം സമ്പാദിക്കുന്നുണ്ടെന്നാണ് ഗാർഗ് പോസ്റ്റിൽ കുറിച്ചത്. രാവിലേയും വൈകുന്നേരവും തന്റെ വീട്ടിലെ ജോലിക്കായി 18,000 രൂപയും, അതേ കെട്ടിടത്തിലെ മറ്റൊരു ഫ്ലാറ്റിൽ നിന്ന് 16,500 രൂപയും, തൊട്ടടുത്തുള്ള ഒരു കുടുംബത്തിന് ഭക്ഷണം പാകം ചെയ്തു നൽകുന്നതിലൂടെ 38,000 രൂപയും ഇയാൾക്ക് ലഭിക്കുന്നുണ്ട്. ഇതിനുപുറമേ വെള്ളിയാഴ്ച രാത്രികളിൽ സിനിമാ സെറ്റുകളിൽ ഭക്ഷണം ഒരുക്കുന്നതിലൂടെ ഒരു ഷിഫ്റ്റിന് 7,500 രൂപ വീതവും ഇയാൾ സമ്പാദിക്കുന്നു.

ഇയാളുടെ ഭാര്യയ്ക്ക് പ്രതിമാസം 45,000 രൂപ വരുമാനമുണ്ടെന്നും, ഇതോടെ കുടുംബത്തിന്റെ മൊത്തം മാസവരുമാനം ഏകദേശം 1.5 ലക്ഷം രൂപയാണെന്നും ഗാർഗ് കൂട്ടിച്ചേർത്തു.

എം.ബി.എ ബിരുദധാരികളായ തന്റെ പല സുഹൃത്തുക്കളുടെയും വരുമാനവുമായി പാചകക്കാരന്റെ വരുമാനത്തെ താരതമ്യം ചെയ്തതാണ് ഈ പോസ്റ്റ് ശ്രദ്ധിക്കപ്പെടാൻ കാരണം. കടലാസിൽ ഉയർന്ന ശമ്പളം കാണിക്കുന്ന പല കോർപ്പറേറ്റ് ജീവനക്കാർക്കും നികുതി, വായ്പാ തിരിച്ചടവുകൾ, മറ്റ് ചെലവുകൾ എന്നിവ കഴിഞ്ഞ് കയ്യിൽ കിട്ടുന്ന തുക (disposable income) തന്റെ പാചകക്കാരന്റെ വരുമാനത്തിന് സമാനമാണെന്ന് ഗാർഗ് ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ വരുമാനത്തിൽ ടി.ഡി.എസ് (TDS) വെട്ടിക്കുറയ്ക്കലുകളോ മറ്റ് ടാക്സ് പിടുത്തങ്ങളോ ഇല്ലാത്തതിനാൽ ഇത് ഇൻഡ്യയിലെ അസംഘടിത മേഖലയുടെ യാഥാർത്ഥ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ജോലി ചെയ്യുന്ന രീതിയിലെ വ്യത്യാസങ്ങളും പോസ്റ്റിൽ പറയുന്നുണ്ട്. കോർപ്പറേറ്റ് ജീവനക്കാർ യാത്രയ്ക്കായി മണിക്കൂറുകൾ ചെലവഴിക്കുമ്പോൾ, ഈ പാചകക്കാരൻ തന്റെ വീടിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ മാത്രമാണ് ജോലി ചെയ്യുന്നത്. കൂടാതെ, ഒന്നിലധികം വീടുകളിൽ ജോലി ചെയ്യുന്നതിനാൽ ഇയാൾക്ക് തൊഴിൽ ഭദ്രത കൂടുതലാണെന്നും, ഒരു ജോലി നഷ്ടപ്പെട്ടാലും പകരം മറ്റൊന്ന് കണ്ടെത്താൻ എളുപ്പമാണെന്നും ഗാർഗ് പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും (AI) എളുപ്പത്തിൽ പകരം വെക്കാൻ കഴിയാത്ത ഒന്നാണ് ഇത്തരത്തിലുള്ള വ്യക്തിഗത ജോലികൾ.

സോഷ്യൽ മീഡിയ ഡ്രൈവനായുള്ള ആർഭാട ജീവിതത്തോട് ഇയാൾക്ക് താല്പര്യമില്ല. തനിക്ക് ആവശ്യമില്ലാത്ത ആഡംബര വസ്തുക്കൾ വാങ്ങാൻ ഇയാൾ പണം ചെലവഴിക്കാറില്ല. എന്നിരുന്നാലും, ഒരു ഐഫോൺ പ്രോ ഇ.എം.ഐ വ്യവസ്ഥയിൽ വാങ്ങി ഉപയോഗിക്കുന്നു എന്നതാണ് ഇയാളുടെ ഒരേയൊരു ആഗ്രഹം. 34-കാരനായ ഇയാൾ ഇപ്പോൾ സുഹൃത്തുക്കളോടൊപ്പം തായ്‌ലൻഡിലേക്ക് തന്റെ ആദ്യ അന്താരാഷ്ട്ര വിനോദയാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ഇയാളുടെ ആദ്യ വിമാനയാത്രയും പാസ്‌പോർട്ടും ഇതിന്റെ ഭാഗമായിരിക്കും.

യാത്രയെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ തായ്‌ലൻഡിലെ മികച്ച സ്ഥലങ്ങളെക്കുറിച്ചും ഭക്ഷണങ്ങളെക്കുറിച്ചും താൻ നിർദ്ദേശങ്ങൾ നൽകിയപ്പോൾ, തൊഴിലുടമയും ജീവനക്കാരനും എന്നതിലുപരി രണ്ട് സുഹൃത്തുക്കൾ സംസാരിക്കുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് ഗാർഗ് ഓർത്തെടുക്കുന്നു. സാമ്പത്തിക മാനദണ്ഡങ്ങൾക്കോ കമ്പ്യൂട്ടർ സ്പ്രെഡ്ഷീറ്റുകൾക്കോ അളക്കാൻ കഴിയാത്ത, എന്നാൽ സ്വന്തം ജീവിത കണക്കുകൂട്ടലുകളിൽ വിജയിച്ച ഒരു വ്യക്തിയാണ് തന്റെ പാചകക്കാരൻ എന്ന് പറഞ്ഞുകൊണ്ടാണ് ഗാർഗ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.