Oddly News

പൈലറ്റുമാർ ഒരേ ഭക്ഷണം കഴിക്കാറില്ല! വിമാനത്തിലെ ഈ ‘രഹസ്യ നിയമത്തിന്’ പിന്നിലെ യാഥാർത്ഥ്യം

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണശ്രമത്തെ ധീരമായി ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഈ സംഭവത്തോടെ പൈലറ്റുമാരുടെ ജോലിരീതികളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും അറിയാൻ ആളുകൾക്ക് കൗതുകമേറി. ഇതിൽ സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് വിമാനത്തിലെ പൈലറ്റുമാരുടെ ഭക്ഷണരീതി. ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാർക്ക് എയർലൈനുകൾ ഒരിക്കലും ഒരേ ഭക്ഷണം നൽകില്ല. ഇത് അവരുടെ മുൻഗണനയോ പദവിയോ നോക്കിയല്ല, മറിച്ച് കോക്പിറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സുരക്ഷാ മുൻകരുതലാണ്.

ഭക്ഷ്യവിഷബാധ മൂലമുണ്ടാകുന്ന അപായ സാധ്യതകൾ ഒഴിവാക്കുക എന്നതാണ് ഈ പ്രോട്ടോക്കോളിന് പിന്നിലെ പ്രധാന കാരണം. വിമാന യാത്രയ്ക്കിടെ അബദ്ധത്തിൽ കേടായതോ അണുബാധയുള്ളതോ ആയ ഭക്ഷണം കഴിച്ചാൽ പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയേറെയാണ്. ക്യാപ്റ്റനും ഫസ്റ്റ് ഓഫിസറും ഒരേ സമയം ഒരേ ഭക്ഷണം കഴിച്ച് രണ്ടുപേർക്കും ഒരുപോലെ ഭക്ഷ്യവിഷബാധ ഏറ്റാൽ അത് വൻ ദുരന്തത്തിന് വഴിവയ്ക്കും. കോക്പിറ്റിലുള്ള രണ്ടുപേർക്കും അസ്വസ്ഥത ഉണ്ടായാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ആരുമുണ്ടാകില്ല. ഇത് ഒഴിവാക്കാനാണ് രണ്ടുപേർക്കും വ്യത്യസ്ത വിഭവങ്ങൾ നൽകുന്നത്. ഒരാൾക്ക് അസുഖം ബാധിച്ചാലും മറ്റേ പൈലറ്റ് പൂർണ ആരോഗ്യവാനായി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.

വ്യത്യസ്ത ഭക്ഷണങ്ങൾ നൽകുന്നതിൽ മാത്രം ഈ സുരക്ഷാ മുൻകരുതൽ അവസാനിക്കുന്നില്ല. ദീർഘദൂര സർവീസുകളിൽ ഇരു പൈലറ്റുമാരും ഒരേ സമയത്തല്ല ഭക്ഷണം കഴിക്കുന്നത്. ആദ്യ പൈലറ്റ് ഭക്ഷണം കഴിച്ച് നിശ്ചിത സമയം കഴിയുമ്പോൾ അദ്ദേഹത്തിന് അസ്വസ്ഥതകളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുന്നു. ആദ്യത്തെയാൾക്ക് അല്പമെങ്കിലും അസ്വസ്ഥത തോന്നിയാൽ, കോ–പൈലറ്റ് ആ ഭക്ഷണം കഴിക്കുന്നത് പൂർണമായി ഒഴിവാക്കുകയും വിമാന നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു. അടിയന്തര സാഹചര്യങ്ങളെ ശാന്തമായി നേരിടാൻ ഇത് ക്രൂവിന് സമയം നൽകുന്നു.

വ്യോമയാന ചരിത്രത്തിലെ ചില കയ്പേറിയ അനുഭവങ്ങളാണ് ഇത്തരമൊരു രീതിക്ക് തുടക്കമിട്ടത്. 1975-ൽ ആങ്കറേജ് വഴി ടോക്കിയോയിൽ നിന്ന് കോപ്പൻഹേഗനിലേക്ക് പറന്ന ഒരു ചാർട്ടർ വിമാനത്തിൽ, കേടായ ഭക്ഷണം കഴിച്ച് 190-ലധികം യാത്രക്കാർക്കും കാബിൻ ക്രൂ അംഗങ്ങൾക്കും കടുത്ത ഭക്ഷ്യവിഷബാധ ബാധിച്ചിരുന്നു. അന്ന് പൈലറ്റുമാർ ആ ഭക്ഷണം കഴിക്കാതിരുന്നതിനാലാണ് വലിയൊരു ദുരന്തം ഒഴിവായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് എയർലൈനുകൾ പൈലറ്റുമാരുടെ ഭക്ഷണ കാര്യത്തിൽ കർശന നിയന്ത്രണം കൊണ്ടുവന്നത്. ഒരു ചെറിയ പിഴവോ ഒരു ഘടകത്തിന്റെ തകരാറോ കാരണം മുഴുവൻ സിസ്റ്റവും നിലയ്ക്കുന്ന അവസ്ഥ ഒഴിവാക്കുക എന്ന ‘സിംഗിൾ പോയിന്റ് ഓഫ് ഫെയ്‌ലിയർ’ നയമാണ് ഇതിന് പിന്നിൽ.

പൈലറ്റുമാരുടെ ഭക്ഷണ കാര്യത്തിൽ രാജ്യാന്തര വ്യോമയാന സംഘടനയായ ICAO യാതൊരു ആഗോള നിയമവും അടിച്ചേൽപ്പിച്ചിട്ടില്ല. എന്നാൽ പ്രമുഖ എയർലൈനുകളെല്ലാം തങ്ങളുടെ സ്വന്തം സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറിന്റെ ഭാഗമായി ഇത് നിർബന്ധമാക്കിയിട്ടുണ്ട്. പൈലറ്റുമാർക്ക് നൽകുന്ന ഭക്ഷണങ്ങൾ പ്രത്യേകം ബാച്ചുകളിലായാണ് പാക്ക് ചെയ്യുന്നത്; ഒരു പൈലറ്റിന് ചിക്കൻ നൽകിയാൽ മറ്റേയാൾക്ക് മീനോ, പാസ്തയോ, സസ്യാഹാരമോ ആയിരിക്കും നൽകുക.

ഫ്ലൈറ്റ് അറ്റൻഡന്റുകൾക്ക് എന്തുകൊണ്ട് ഈ നിയമം ബാധകമല്ല എന്ന സംശയം സ്വാഭാവികമാണ്. വിമാനത്തിൽ ഒട്ടേറെ കാബിൻ ക്രൂ അംഗങ്ങൾ ഉള്ളതിനാൽ ഒരാൾക്ക് അസുഖം വന്നാലും മറ്റുള്ളവർക്ക് ആ ജോലി ഏറ്റെടുക്കാൻ സാധിക്കും. എന്നാൽ കോക്പിറ്റിൽ രണ്ട് പൈലറ്റുമാർ മാത്രമേയുള്ളൂ എന്നതിനാൽ അവിടെ യാതൊരു വിട്ടുവീഴ്ചകൾക്കും സ്ഥാനമില്ല.