Oddly News

‘രാമായണം’ സിനിമ കാണാൻ ശ്രീരാമന്റെ വേഷത്തിൽ തിയേറ്ററിലെത്തി യുവാവ്; ‘യഥാർത്ഥ ഭക്തൻ’ എന്ന് സോഷ്യൽ മീഡിയ

സിനിമ കാണാൻ തിയേറ്ററിലെത്തുമ്പോൾ അതിലെ ഏറ്റവും ആരാധിക്കപ്പെടുന്ന ഒരു കഥാപാത്രത്തിന്റെ വേഷം ധരിച്ചെത്തിയാൽ എങ്ങനെയുണ്ടാകും? ‘രാമായണം പാർട്ട് 1’ സിനിമ കാണാനായി ഹൈദരാബാദിൽ നിന്നുള്ള 24 വയസ്സുകാരനായ ഫിറ്റ്നസ് ക്രിയേറ്റർ ശ്രീരാമന്റെ വേഷത്തിലെത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കഥാപാത്രത്തെ പുനഃസൃഷ്ടിക്കാൻ അദ്ദേഹം കാണിച്ച ആവേശത്തെയും ആത്മവിശ്വാസത്തെയും പരിശ്രമത്തെയും അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.

സായ് നിരൂപ് റെഡ്ഡി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ശ്രീരാമനായുള്ള തന്റെ മേക്കോവർ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വെറുമൊരു വസ്ത്രം മാത്രം ധരിക്കുന്നതിന് പകരം പരമ്പരാഗത ആഭരണങ്ങളും രാമതിലകവുമൊക്കെയായി പൂർണ്ണമായ രൂപത്തിലാണ് അദ്ദേഹം തിയേറ്ററിലേക്ക് പോയത്. “ചില കഥകൾ നമ്മൾ കാണുക മാത്രമല്ല, ജീവിക്കുക കൂടിയാണ് ചെയ്യുന്നത്. നമിത് മൽഹോത്രയുടെ രാമായണത്തിലെ ശ്രീരാമനായി വേഷമിട്ട് തിയേറ്ററിലേക്ക്…” എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

സ്വർണ്ണനിറത്തിലുള്ള അലങ്കാരപ്പണികളുള്ള കാവി ധോത്തിയും വേഷത്തിന് അനുയോജ്യമായ അങ്കവസ്ത്രവുമാണ് അദ്ദേഹം ധരിച്ചിരുന്നത്. ഒപ്പം മുത്തുകളും സ്വർണ്ണവും ചേർന്ന മാലകൾ, തോൾവളകൾ, കൈവളകൾ, കടുക്കൻ എന്നിവയും അണിഞ്ഞിരുന്നു. തോൾ ഒപ്പമെത്തുന്ന മുടിയും നെറ്റിയിലെ തിലകവും വേഷവിധാനത്തിന് കൂടുതൽ ചാരുത പകർന്നു.

സായിയുടെ ഈ വേറിട്ട ശ്രമത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തി. “ഇത്തരമൊരു വേഷത്തിൽ പുറത്തിറങ്ങാൻ നല്ല ധൈര്യവും ആത്മവിശ്വാസവും വേണം”, “മികച്ച പരിശ്രമം” എന്നിങ്ങനെ പോകുന്നു കമന്റുകൾ. സിനിമയുടെ കോസ്റ്റ്യൂം വിഭാഗത്തിൽ പ്രവർത്തിച്ച ഒരാളും സായിയുടെ ഈ ശ്രമത്തെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്. കൂട്ടുകാരെക്കൂടി ലക്ഷ്മണന്റെയും സീതയുടെയും വേഷത്തിൽ കൂടെ കൂട്ടാമായിരുന്നു എന്ന് തമാശയായി കുറിച്ചവരും കുറവല്ല.