ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തിരഞ്ഞെടുപ്പിലെ തന്റെ വിജയത്തെക്കുറിച്ചും നിലവിലെ പ്രസിഡന്റ് പി.ടി.ഉഷയുടെ തോൽവിയെക്കുറിച്ചും പ്രതികരിച്ച് മലയാളി അത്ലീറ്റ് അഞ്ജു ബോബി ജോർജ് . എല്ലാവരും ജയിക്കാനാണ് മത്സരിക്കുന്നതെന്നും ജയവും തോൽവിയും ഒരുപോലെ അംഗീകരിക്കാൻ കഴിയണമെന്നും ബെംഗളൂരുവിൽ അഞ്ജു പറഞ്ഞു. കൂടുതൽ വോട്ട് നേടി വിജയിച്ചത് തനിക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും ആരൊക്കെയാണ് തനിക്ക് വോട്ട് ചെയ്തതെന്ന് മുൻകൂട്ടി പറയാനാകില്ലെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ പരാതിയുണ്ടെങ്കിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളെ സമീപിക്കണമെന്നും ചില പ്രശ്നങ്ങൾ തനിക്കും തോന്നിയിരുന്നതായും അഞ്ജു കൂട്ടിച്ചേർത്തു.
ഇത്രയും വലിയൊരു ഫോറത്തിൽ വലിയ പ്രചാരണം നടത്തി മത്സരിക്കുന്നത് ആദ്യ അനുഭവമാണെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചെന്നാണ് കരുതുന്നതെന്നും അഞ്ജു പറഞ്ഞു. ഒപ്പം മത്സരിച്ചവരെല്ലാം കരിയറിൽ മികച്ച പ്രകടനം കാഴ്ചവച്ചവരാണ്. ഭരണസംവിധാനത്തിലേക്കുള്ള ഈ തിരഞ്ഞെടുപ്പിൽ 80 വോട്ടർമാരിൽ 53 എണ്ണവും ലഭിച്ചത് വലിയ കാര്യമാണ്. ആളുകളോടുള്ള പെരുമാറ്റവും ഭരണമികവും വിലയിരുത്തിയാണ് അവർ വോട്ട് ചെയ്തത്. മാന്യമായ രീതിയിലാണ് പ്രചാരണം നടത്തിയത് എന്നും എന്തെങ്കിലും പരാതിയോ ആക്ഷേപമോ ഉള്ളവർ അത് തെളിയിക്കണമെന്നും അഞ്ജു വ്യക്തമാക്കി.
അതിനിടെ, ഐഒഎ തിരഞ്ഞെടുപ്പിൽ തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കവും അട്ടിമറിയും നടന്നതായി പി.ടി.ഉഷ ആരോപിച്ചിരുന്നു. നവംബർ 9നു നടന്ന ‘സ്പോർട്സ്പഴ്സൻ ഓഫ് മെറിറ്റ്’ (എസ്ഒഎം) തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഉഷ ആരോപണങ്ങളുമായി രംഗത്തെത്തിയത്. അതേസമയം, വോട്ടെടുപ്പിൽ അഞ്ജു ബോബി ജോർജും സൈന നെഹ്വാളും ഉൾപ്പെട്ട പാനലിലെ എല്ലാവരും വിജയിക്കുകയും ചെയ്തു.
എസ്ഒഎം വിഭാഗത്തിൽ വനിതകളുടെ നാലു സീറ്റിലേക്ക് നടന്ന മത്സരത്തിൽ പി.ടി.ഉഷ ഉൾപ്പെടെ ആറു പേരാണ് ഉണ്ടായിരുന്നത്. ഡിസംബർ 5ന് നടക്കുന്ന ഐഒഎ തിരഞ്ഞെടുപ്പിൽ ഇനി ഉഷയ്ക്ക് മത്സരിക്കണമെങ്കിൽ ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ നാമനിർദേശം ലഭിക്കണം. എന്നാൽ അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രതിനിധിയായി ഉഷ തിരഞ്ഞെടുക്കപ്പെടാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. 2022ൽ എതിരില്ലാതെ ഐഒഎ പ്രസിഡന്റായ ഉഷയ്ക്ക് ഇത്തവണ പരാജയം തിരിച്ചടിയായി. ഡോല ബാനർജി, റാണി രാംപാൽ എന്നിവരാണ് എസ്ഒഎം ആയി തിരഞ്ഞെടുക്കപ്പെട്ട മറ്റു രണ്ടു പേർ.




