ലോകനേതാക്കളുമായും പ്രമുഖ വ്യക്തികളുമായും നടത്തിയ കൂടിക്കാഴ്ചകളിലെ അപൂർവ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ‘ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്’ എന്ന ഓർമക്കുറിപ്പിലൂടെ കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. ബിൽ ക്ലിന്റന്റെ നോട്ടം, ഡയാന രാജകുമാരിയുടെ ഹൃദ്യമായ പെരുമാറ്റം, നിക്കോളാസ് സർക്കോസിയുടെ പ്രണയം തുടങ്ങിയ രസകരമായ നിമിഷങ്ങളെല്ലാം പുസ്തകത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
2000-ത്തിൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചാണ് സോണിയ പ്രധാനമായും പരാമർശിക്കുന്നത്. ഏറെ അടുപ്പത്തോടെ പെരുമാറിയ ക്ലിന്റണ്, കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് കേൾക്കുന്നതിനേക്കാൾ സ്വന്തം അഭിപ്രായങ്ങൾ പറയാനാണ് താല്പര്യമുണ്ടായിരുന്നത്. കശ്മീരിനെ ‘ആണവ സംഘർഷത്തിന് സാധ്യതയുള്ള പ്രദേശം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി സംഘടിപ്പിച്ച വിരുന്നിലെ ക്ലിന്റന്റെ പെരുമാറ്റവും സോണിയ വിവരിക്കുന്നുണ്ട്. മോണിക്ക ലെവിൻസ്കി വിവാദത്തിന്റെ ചൂടൊടുങ്ങിയ സമയമായിരുന്നിട്ടും, വിരുന്നിലുണ്ടായിരുന്ന സ്ത്രീകളെ ആരും ശ്രദ്ധിക്കാത്ത വിധം ക്ലിന്റൺ നിരീക്ഷിക്കുന്നത് കണ്ടതായി സോണിയ ഓർക്കുന്നു. ‘പഴയ ശീലങ്ങൾ പെട്ടെന്ന് മാറില്ല’ എന്ന നിരീക്ഷണത്തോടെയാണ് ക്ലിന്റണും ലെവിൻസ്കിയും തമ്മിലുള്ള ആഗോളതലത്തിൽ ചർച്ചയായ ബന്ധത്തെക്കുറിച്ച് അവർ സൂചിപ്പിക്കുന്നത്.
ഡയാന രാജകുമാരിയുമായുള്ള സൗഹൃദ ഓർമകളും പുസ്തകത്തിലുണ്ട്. രാജകുടുംബത്തിലെ ‘യഥാർഥ താരം’ എന്ന് ഡയാനയെ വിശേഷിപ്പിക്കുന്ന സോണിയ, അവരുടെ സൗന്ദര്യവും ആകർഷകമായ വ്യക്തിത്വവും കണ്ട ആദ്യനിമിഷം മുതൽ പ്രത്യേക ഇഷ്ടം തോന്നിയിരുന്നുവെന്ന് പറയുന്നു. 1981-ൽ ചാൾസിന്റെയും ഡയാനയുടെയും വിവാഹത്തിൽ പങ്കെടുത്ത ശേഷം രാജീവ് ഗാന്ധിയും സോണിയയും ചേർന്ന് ദമ്പതികളെ ചായസൽക്കാരത്തിന് ക്ഷണിച്ചിരുന്നു. അന്ന് ചാൾസ് സന്തോഷത്തോടെ സംസാരിച്ചപ്പോൾ ഡയാന അല്പം ദുഃഖിതയായിരുന്നു.
സോണിയയുടെ വീട്ടിലുണ്ടായിരുന്ന ഇറ്റാലിയൻ മാത്രം അറിയാവുന്ന അമ്മയുടെ കൈപിടിച്ച്, ഡയാന അതേ ഭാഷയിൽ ‘സുഖമാണോ’ എന്ന് ചോദിച്ചത് എല്ലാവരുടെയും മനസ്സ് കീഴടക്കി. ഒട്ടേറെ ആരോപണങ്ങൾ നേരിട്ടപ്പോഴും ഡയാനയോട് എന്നും അനുകമ്പ മാത്രമാണ് തോന്നിയിട്ടുള്ളതെന്നും സോണിയ വ്യക്തമാക്കുന്നു.
ഫ്രഞ്ച് മുൻ പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുമായുള്ള കൂടിക്കാഴ്ചയുടെ ഓർമകളും സോണിയ പങ്കുവെക്കുന്നുണ്ട്. 2008-ൽ ഇന്ത്യയിലെത്തിയ സർക്കോസി, അന്നത്തെ പങ്കാളി കാർല ബ്രൂണിയെ കൂടെക്കൂട്ടിയിരുന്നില്ല. വിവാഹിതരാകാത്തതിനാൽ ഔദ്യോഗിക ചടങ്ങുകളിൽ ഇത് അസ്വാഭാവികത ഉണ്ടാക്കാതിരിക്കാനാകാം അദ്ദേഹം തനിച്ച് വന്നതെന്ന് സോണിയ കരുതുന്നു.
അന്ന് ഉപരാഷ്ട്രപതി മുഹമ്മദ് അൻസാരിയുടെ ഭാര്യ സർക്കോസിയോട് വിവാഹത്തെക്കുറിച്ച് തമാശയായി ചോദിച്ചപ്പോൾ അദ്ദേഹം ആവേശത്തോടെ മറുപടി നൽകി. പിന്നീട് മൻമോഹൻ സിങ് സംഘടിപ്പിച്ച വിരുന്നിൽ വിവാഹിതരായ ശേഷം ഇരുവരും വീണ്ടും എത്തിയിരുന്നു. ഭാര്യയോട് ഏറെ പ്രണയം കാണിച്ച സർക്കോസി, എന്നാൽ ഭരണരംഗത്ത് അസാമാന്യ അനുഭവസമ്പന്നനായ മൻമോഹൻ സിങ്ങിനോട് സംസാരിക്കുമ്പോൾ അല്പം അഹങ്കാരം കലർന്ന രീതിയിലാണ് പെരുമാറിയതെന്നാണ് സോണിയയുടെ വിലയിരുത്തൽ. ലോകനേതാക്കളുടെ ഔദ്യോഗിക ജീവിതത്തിനപ്പുറമുള്ള വ്യക്തിപരമായ നിമിഷങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഓർമക്കുറിപ്പുകൾ.




