കലിഫോർണിയ: ചൈനീസ് ചാരവനിതയെന്നു സംശയിക്കുന്ന ബിസിനസ് എക്സിക്യൂട്ടിവുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന് എൻവിഡിയ മേധാവി ജെൻസൻ ഹുവാങ് ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ തുറന്നു സമ്മതിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളിൽ ഒന്നായ എൻവിഡിയയുടെ സിഇഒയുടെ ഈ കുറ്റസമ്മതത്തെ തുടർന്ന്, ബോർഡ് അദ്ദേഹത്തിനെതിരെ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
സിംഗപ്പൂർ ആസ്ഥാനമായുള്ള മെഗാസ്പീഡ് എന്ന ഡേറ്റാ സെന്റർ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥയും ചൈനീസ് പൗരയുമായ ആലിസ് ഹുവാങ്ങുമായിട്ടായിരുന്നു ജെൻസന്റെ അടുത്ത ബന്ധം. ഇവർ ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുടെ ഭാഗമാണെന്നും ജെൻസനിലൂടെ എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകളും സുപ്രധാന രഹസ്യവിവരങ്ങളും ചൈനയ്ക്ക് ചോർത്തി നൽകിയെന്നും ഒക്ടോബർ 29-ന് ‘ദ് ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു. വിവാദം കനത്തതോടെയാണ് സ്വന്തം കുടുംബത്തോടും ജീവനക്കാരോടും മാപ്പ് ചോദിച്ചുകൊണ്ടും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടും ജെൻസൻ രംഗത്തെത്തിയത്.
താൻ ചെയ്ത തെറ്റിന് ഭാര്യയോടും മക്കളോടും കുടുംബത്തോടും നിരുപാധികം ക്ഷമ ചോദിക്കുന്നതായി ഇമെയിൽ സന്ദേശത്തിൽ ഹുവാങ് പറഞ്ഞു. കുടുംബത്തോട് വിശ്വസ്തത പുലർത്താൻ സാധിച്ചില്ലെന്നും അവരെ വല്ലാതെ വേദനിപ്പിച്ചുവെന്നും സമ്മതിച്ച അദ്ദേഹം, തന്റെ പ്രവൃത്തികൾക്ക് യാതൊരു ന്യായീകരണവുമില്ലെന്നും അതിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വ്യക്തമാക്കി. വർഷങ്ങളായി തനിക്കൊപ്പം നിൽക്കുന്ന കുടുംബത്തിന്റെ വിശ്വാസം വീണ്ടെടുക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ തന്നെ എൻവിഡിയയിലെ സഹപ്രവർത്തകരോടും ബോർഡ് അംഗങ്ങളോടും ഓഹരി ഉടമകളോടും മാപ്പപേക്ഷിച്ച അദ്ദേഹം, കമ്പനിയെ നയിക്കുക എന്നത് വലിയൊരു ഭാഗ്യമായിരുന്നുവെങ്കിലും ആ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ താൻ പരാജയപ്പെട്ടതായി സമ്മതിച്ചു. എങ്കിലും എൻവിഡിയയ്ക്കായി തുടർന്നും സമർപ്പണത്തോടെ പ്രവർത്തിക്കുമെന്നും നഷ്ടപ്പെട്ട വിശ്വാസം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ദേശീയ സുരക്ഷയെയും കമ്പനിയുടെ പ്രതിച്ഛായയെയും മുൻനിർത്തി ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ച സ്വതന്ത്ര അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അതിനോട് പൂർണമായി സഹകരിക്കുമെന്നും ജെൻസൻ സന്ദേശത്തിൽ വ്യക്തമാക്കി. അമേരിക്കയോടും കമ്പനിയോടും തനിക്കുള്ള പ്രതിജ്ഞാബദ്ധത എടുത്തുപറഞ്ഞ അദ്ദേഹം, തന്റെ വ്യക്തിപരമായ തീരുമാനങ്ങളിൽ കുടുംബത്തിന് യാതൊരു പങ്കുമില്ലാത്തതിനാൽ അവരുടെ സ്വകാര്യത മാനിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം, ചൈനീസ് ബന്ധമുള്ള സ്ത്രീയുമായുള്ള സൗഹൃദം ഹുവാങ് ഉറപ്പിച്ചതോടെയാണ് ഡയറക്ടർ ബോർഡ് അന്വേഷണം ഔദ്യോഗികമാക്കിയത്. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് എൻവിഡിയയുടെ ഒരു ആഭ്യന്തര വിഷയം മാത്രമാണെന്നും വിഷയത്തിൽ പരസ്യ പ്രതികരണത്തിനില്ലെന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കിയത്.




