കൊല്ലം ഇരവിപുരത്ത് 26-കാരിയായ സായ ഭർതൃവീട്ടിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന വലിയ ആരോപണവുമായി കുടുംബം മുന്നോട്ടുവന്നു. മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്ന് അമ്മ റിഹാനി ഷാജി വ്യക്തമാക്കി. മരണവിവരം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് തങ്ങളെ അറിയിച്ചതെന്നും, സംഭവം കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമാണ് പോലീസ് തങ്ങളുടെ മൊഴിയെടുത്തതെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ 31-ാം തീയതി രാത്രിയിലാണ് സായയെ ഭർത്താവ് അഫ്സലിന്റെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവ് അഫ്സലിനെ മകൾക്ക് പേടിയായിരുന്നുവെന്നും, അവൻ കൂടെയുള്ളപ്പോൾ വിളിച്ചാൽ ഫോൺ എടുക്കില്ലായിരുന്നുവെന്നും അമ്മ പറഞ്ഞു. അഫ്സൽ കാണാതിരിക്കാൻ അയക്കുന്ന മെസേജുകൾ പോലും ഡിലീറ്റ് ചെയ്തിരുന്നു. മകൾ ആത്മഹത്യ ചെയ്യില്ലെന്നും അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ അവിടെ എന്തോ വലിയ കാര്യം നടന്നിട്ടുണ്ടാകുമെന്നും അമ്മ കൂട്ടിച്ചേർത്തു. സംഭവദിവസം രാവിലെ സംസാരിച്ചപ്പോഴും സായ ഒന്നും പറഞ്ഞിരുന്നില്ല. വാഹനത്തിന്റെ ഇഎംഐ അടയ്ക്കാത്തതാണ് മരണകാരണമെന്നത് തെറ്റാണ്. ഭർതൃവീട്ടിൽ പോലീസ് മൊഴിയെടുക്കുകയോ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും സായയുടെ ലാപ്ടോപ്പ് കാണാതായിട്ടുണ്ടെന്നും കുടുംബം പറഞ്ഞു.
സായയ്ക്ക് ചെറുപ്പം മുതലേ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. രണ്ട് ഡയറികൾ ഉണ്ടായിരുന്നതിൽ ഒരെണ്ണം മാത്രമാണ് പോലീസിന് ലഭിച്ചത്. ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഡയറി ആരോ മാറ്റിയെന്നാണ് കുടുംബം സംശയിക്കുന്നത്. രാഷ്ട്രീയ-പണ സ്വാധീനം ഉപയോഗിച്ച് കേസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച പത്തനാപുരം സ്വദേശികളായ കുടുംബം, പോലീസ് മൊഴിയെടുത്തതിന് പിന്നാലെയാണ് മാധ്യമങ്ങൾക്ക് മുന്നിൽ രംഗത്തെത്തിയത്.




